धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

കർമ്മയോഗം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം


Source: – Swami Chidananda Puri ‘s Teachings YouTube Channel.

നമ്മിൽ നിക്ഷിപ്തമായ കർമ്മത്തെ യോഗമായി അനുഷ്ഠിക്കാൻ ഗീത ഉപദേശിക്കുന്നു. “യോഗസ്ഥ കുരു  കർമ്മാണീ”. ഇതാണ് ഗീതയുടെ സന്ദേശം. ‘യോഗസ്ഥ കുരു കർമ്മാണീ’, യോഗസ്ഥനായിട്ട് നീ കർമങ്ങളെ ചെയ്യൂ. നമ്മൾ സാധാരണ ലോകസ്ഥൻന്മാരായിട്ടാണ് കർമ്മങ്ങളെ ചെയുന്നത്. ലോകത്തിൽ നിന്നുകൊണ്ട്.., ലോകം എന്ന് പറഞ്ഞാൽ “ലോക്യത്തെ ദൃശ്യതേ ഭുജ്യതേ ഇതി ലോകം“. കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്തോ അതാണ് ലോകം.

ഇപ്പോ കേവലം കാണപ്പെടുന്ന വിഷയങ്ങളിൽ മാത്രം ഒതുങ്ങിയും നമ്മളാൽ അനുഭവിക്കപെടുന്ന കർമ്മഫലങ്ങളെ സംബന്ധിച്ച ഭാവനയോടു കൂടിയുമാണ് സാധാരണ നമ്മളീ ലോകത്ത്‌ കർമ്മം  ചെയുന്നത്. അതുകൊണ്ട് തന്നെ കർമ്മത്തിന്റെ  ഫലമായി വരുന്ന ഭാവഭേദങ്ങളും അവ നമ്മളെ സ്വാധിനിക്കുന്നു, ബാധിക്കുന്നു. സുഖം, ദുഃഖം, മാനം, അപമാനം എന്നീ ഭേദങ്ങളെ നമ്മൾ അനുഭവിക്കുന്നു. കർമങ്ങൾ നമ്മളിൽ സംസ്കാരങ്ങളെ ജനിപ്പിക്കുന്നു. സംസ്കാരങ്ങൾ വാസനകളായി പരിണമിക്കുന്നു. വാസനയ്ക്കു അനുസരിച്ച് വീണ്ടും കർമ്മം ചെയ്തേ മതിയാവു. അവയ്ക്കാകട്ടെ വീണ്ടും സംസ്കാരവും വാസനയും ചാക്രികമായി വരിക തന്നെ ചെയ്യും. അങ്ങനെ കർമ്മചക്രം മുന്നോട്ടു പോകുമ്പോളാകട്ടെ ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്കയ്ക്കു കറങ്ങേണ്ടതായിട്ടു വരുന്നു. കാരണം ഓരോ സ്ഥൂലശരീരവും ആ സ്ഥൂലശരീരത്തിന് കാരണഭൂതമായ പ്രാരാബ്‌ധം (പ്രാരാബ്ധകർമ്മം) ക്ഷയിച്ചാൽ ക്ഷയിക്കും. പക്ഷെ സൂക്ഷ്മശരീരത്തിൽ സഞ്ചയിച്ച കർമസംസ്കാരങ്ങളും വാസനകളും തീർന്നിട്ടില്ലെങ്കിൽ അതിന് അനുസൃതമായി മറ്റൊരു സ്ഥൂലശരീരത്തെ സ്വീകരിച്ചേ മതിയാവു. ചുരുക്കി പറഞ്ഞാൽ നമ്മുടെ സാധാരണ കർമ്മം അത് ലൗകികമായാലും തരക്കേടില്ല, അത് വൈദികമായാലും തരക്കേടില്ല, വീണ്ടും വീണ്ടും ഉള്ള ജനന-മരണങ്ങൾക്ക്, സംസാര ചക്രത്തിൽ കറങ്ങുന്നതിന്, കാരണമാകുകയാണ്. ഇതാണ് സാധാരണകർമ്മം നൽകുന്ന ഗതി. അതേ സമയത്ത് നമുക്കൊക്കെ കർമ്മം ചെയ്തേ മതിയാവു.

ഓരോ വ്യക്തിയിലും നിക്ഷിപ്തമായ കർമ്മത്തെ ചെയ്യുക തന്നെ വേണമെന്നു ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്നു. അപ്പോൾ കർമ്മം ചെയ്തേ മതിയാവു എന്ന് ഒരു ഭാഗത്തു പറയുക. മറ്റൊരു ഭാഗത്താകട്ടെ കർമ്മം ബന്ധകാരിയായി തീരുന്നു എന്നും പറയുക. അപ്പോൾ നമ്മൾക്ക് എല്ലാ കാലത്തും ബന്ധനം തന്നെ വഴിയുള്ളോ? ഗതിയുള്ളോ? ഇതിൽ നിന്നൊരു മുക്തി ഇല്ലേ? ഈ ചോദ്യത്തിനാണ് കർമ്മം എങ്ങനെ ആചരിക്കണം എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ഉപദേശം നമുക്ക് ഭഗവാൻ തരുന്നത്. കർമ്മമല്ല നമ്മളെ ബന്ധിക്കുന്നത്. കർമ്മത്തിനൊരിക്കലും നമ്മളെ ബന്ധിക്കാൻ സാധിക്കയില്ല. മറിച്ച്, നമ്മളെ ബന്ധിക്കുന്നത് കർമ്മത്തിലുള്ള നമ്മുടെ മമത്വ ബന്ധനമാണ്, കർമ്മ ബലാസംഗമാണ്.

ശ്രദ്ധിക്കുക! അതുകൊണ്ടു തന്നെ കർമ്മങ്ങൾ ആചരിച്ചേ മതിയാവു എന്ന് പറയുമ്പോൾ, കർമ്മങ്ങളാൽ ബന്ധിക്കപ്പെടാതിരിക്കാൻ എന്ത് ഉപായം. ഇത് വിചാരം ചെയ്യേണ്ടതുണ്ട്. ഈ ഉപായമാണ് കർമ്മയോഗം എന്ന നിലയ്ക്കു നമുക്ക്  ഉപദേശിച്ചു  തരുന്നത്.

ശ്രദ്ധിക്കുക! അപ്പോൾ ഇങ്ങനെയാണ് കർമ്മത്തെ നമ്മൾ യോഗമാക്കി ആചരിക്കേണ്ടത്? എങ്ങനെ ചെയ്യുമ്പോൾ… ഏതു ഭാവനയോടുകൂടി ചെയ്യുമ്പോൾ കർമ്മം യോഗമായി പരിണമിക്കും? ഇത് വ്യക്തമായി ഭഗവാൻ നമുക്ക് ഉപദേശിക്കുകയാണ്. “യോഗസ്ഥ കുരു കർമ്മാണീ”, നീ യോഗസ്ഥനായിട്ട് കർമ്മങ്ങളെ ചെയ്യൂ. യോഗത്തിൽ സ്ഥിതനായിട്ട്‌ കർമ്മങ്ങളെ ചെയ്യൂ. യോഗത്തിൽ അടിയുറച്ച് കർമ്മങ്ങളെ ചെയ്യൂ. എങ്ങനെ…? “സംഗം ത്യക്ത്വാ ധനജ്‌ഞയ”. ഹേ… ധനജ്‌ഞയാ…. സംഘത്തെ ഉപേക്ഷിച്ചിട്ട്, ഇത് എന്റെ കർമ്മം, ഇത് ഞാൻ ചെയുന്ന കർമ്മം, ഇതിന്റെ ഫലം എനിയ്ക്കു എന്നുള്ള അഹങ്കാരം-മമത്വ സംഘങ്ങളെ ഉപേക്ഷിച്ച് നീ കർമ്മത്തെ ചെയ്യൂ.

ഭഗവാനെ…. അങ്ങ് യോഗസ്ഥനായി കർമ്മം ചെയ്യാൻ ഉപദേശിച്ചുവല്ലോ. എന്താണ് ഈ യോഗം? അവിടെയാണ് ഭഗവാൻ ആദ്യമായിട്ട് ഗീതയിൽ യോഗശബ്ദത്തെ നിർവചിക്കുന്നത്. “സിദ്ധ്യാസിദ്ധ്യോ: സമോ ഭൂത്വാ, സമത്വം യോഗ ഉച്യതെ” എന്ന്. നമ്മൾ ഏതൊരു… ഇവിടെ വെച്ച വിഷയം ഇതല്ലല്ലോ. ഈ വിഷയം പഠിച്ചാലേ അതിലേക്ക് നമുക്ക് പ്രവേശിക്കാൻ സാധിക്കു. ഈ പറഞ്ഞ, ഈ ശ്ലോകത്തിൽ അടങ്ങിയ ആശയത്തെ സംക്ഷിപ്തമായി ശ്രദ്ധിച്ചാലേ നമുക്ക് “യോഗ കർമ്മസു കൗശലം” എന്നുള്ള വിഷയം ചിന്തിക്കാൻ കഴിയു. അതുകൊണ്ടാണ് ഇത്  ചിന്തിക്കുന്നത്.

ശ്രദ്ധിക്കുക! ഏതു കർമ്മം നമ്മൾ ചെയ്യുമ്പോഴും അതിന് ഫലസിദ്ധിയുണ്ടാകാം,  ഇല്ലാതിരിക്കാം. നമ്മൾ ഉദ്ദേശിച്ചതെന്തോ അത് പ്രാപിക്കാം, പ്രാപിക്കാതെയും ഇരിക്കാം. നമുക്ക് കർമ്മം ചെയ്യാൻ മാത്രമേ അധികാരമുള്ളൂ. ഫലത്തിൽ നമുക്ക് അധികാരമില്ല. ഈ വിഷയം വ്യക്തമായി ഭഗവാൻ മറ്റൊരു സന്ദർഭത്തിൽ ഉപദേശിച്ചിട്ടുണ്ട്. “കർമ്മണ്യേ വാദികാരസ്തേ മാ ഫലേഷു കഥാചന”. വളരെ ശ്രദ്ധേയമായ ഉപദേശമാണ്. നമ്മളൊക്കെ നമ്മുടെ ജീവിതത്തിൽ സദാ ഓർമ്മിക്കേണ്ട ഒരു ഉപദേശമാണ്. ‘നിനക്ക് കർമ്മത്തിലേ അധികാരമുള്ളൂ, ഫലത്തിൽ അധികാരമില്ല’ എന്ന്. കർമ്മം ചെയ്യാം, ചെയ്യാതിരിക്കാം, അന്യഥാ ചെയ്യാം. ഫലത്തിൽ നമുക്ക് അധികാരമില്ല. കർമ്മത്തിനു അനുസൃതമായി സ്വാഭാവികമായി  വന്നു ചേരുന്നതാണ് ഫലം.

ഈ അഗ്നിജ്വാലയിലേക്ക് എനിക്കു വിരൽ ഇടാം, ഇടാതിരിക്കാം. എന്റെ സ്വാതന്ത്ര്യമാണ് അത്. പക്ഷെ വിരൽ അതിലോട്ട് ഇട്ടാൽ പൊള്ളും എന്നതിൽ ഒരു അധികാരവും ഇല്ല. അത് ഫലം എന്റെ നിയന്ത്രണത്തിൽ അല്ല. കർമ്മത്തിനനുസൃതമായി ഫലം സ്വാഭാവികമായും വന്നുചേരും. ഇനി ഇപ്പോൾ ആ വൃക്ഷത്തിന്റെ മണ്ടയിൽ പോയി കേറാം, കുത്തനെ ചാടാം, ചാടാതിരിയ്ക്കാം. അതിനു നമുക്ക് അധികാരമുണ്ട്. ചെയ്യാനും ചെയ്യാതെയിരിയ്ക്കാനും സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അതിന്റെ മുകളിൽനിന്ന് താഴേയ്ക്കു ചാടി കഴിഞ്ഞാൽ തലപൊട്ടി ചാകും എന്നുള്ളതിൽ ഒരു അധികാരവുമില്ല. കർമ്മത്തിലെ അധികാരമുള്ളൂ, ഫലത്തിൽ ഇല്ല. ഫലം സ്വാഭാവികമായി, കർമ്മാനുസൃത നിഷ്‌പന്നമാകുന്നതാണ്. എന്നിരിയ്‌ക്കേ, നമ്മളിൽ ഫലങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നിട്ട് എന്ത് പ്രയോജനം. ഒരു പ്രയോജനവും ഇല്ല. ആ നേരം കൂടി കർമ്മം ചെയ്യൂ. എത്ര കുശലതയോടു കൂടി കർമ്മം ചെയ്യുന്നോ, അത്രയും നല്ല ഫലപ്രാപ്തി നമുക്കുണ്ടാകും. നമ്മൾ എത്ര ഫലങ്ങളെ കുറിച്ച് ചിന്തിയ്ക്കുന്നുണ്ടോ അത്ര കർമ്മം പോലും ചെയ്യാൻ കഴിയില്ല. ഇതല്ലേ പ്രായോഗികമായ ഒരു ജീവിത വീക്ഷണം. ഇതിലെത്ര മാത്രം തെറ്റിദ്ധരിച്ചിട്ടുണ്ട് നമ്മൾ. എത്ര മാത്രം നമ്മെ  തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

കർമ്മണ്യേ വാദികാരസ്തേ മാ ഫലേഷു കഥാചന” പണി ചെയ്യാനേ അധികാരമുള്ളൂ, കൂലി ചോദിയ്ക്കാൻ അധികാരമില്ല. അപ്പോൾ നീ പണി ചെയ്തോളു മേലാളൻമാർക്കു വേണ്ടി… പണി ചെയ്തോണ്ടിരിക്യാ… കൂലി ചോദിയ്ക്കരുത് എന്നു പറഞ്ഞു. ഒരു ഭാഗത്തെ ചൂഷണം ചെയ്യാൻവേണ്ടി ഉണ്ടാക്കി വെച്ച ഈ സിദ്ധാന്തം.

ശ്രദ്ധിക്കുക! ഇങ്ങനെ ഒക്കെ പലതും നമ്മളെ തെറ്റിദ്ധരിപ്പിച്ച് കാലം കുറെ കഴിഞ്ഞു. ഇന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. നമുക്ക് സ്പഷ്ടമായി കാണാൻ സാധിയ്ക്കും. ഇരിയ്ക്കട്ടെ, വിഷയത്തിലേക്കു വരാം. അപ്പോൾ കർമ്മത്തിൽ മാത്രമേ നമ്മുക്ക് അധികാരമുള്ളൂ. ഫലത്തിൽ അധികാരമില്ല. ഇത് ഒരു വാസ്തവമാണ്. നമ്മൾ അംഗീകരിച്ചേ മതിയാവൂ. ആരെങ്കിലും അംഗീകരിയ്ക്കുന്നില്ലെങ്കിൽ അയാൾക്കു പോയി. അല്ലാതെ മറ്റു ദോഷമൊന്നും ഇല്ല. വസ്തുതയാണ്, അതു നമുക്ക് മാറ്റാൻ സാധ്യമല്ല. കർമ്മത്തിൽ നമുക്ക് അധികാരമുണ്ട്, ഫലത്തിൽ നമുക്ക് അധികാരമില്ല. ഫലം സ്വാഭാവികമായി വന്നു ചേരുന്നതാണ്, കർമ്മത്തിനു അനുസൃതമായിട്ട്.

നല്ല കർമ്മം ചെയ്യൂ, നല്ല ഫലം വന്നു ചേരും. അത് മാറ്റാൻ നമുക്ക് സാധ്യമല്ല. കർമ്മത്തിൽ നമുക്ക് അധികാരമുണ്ട്, ഫലത്തിൽ നമുക്ക് അധികാരമില്ല. നല്ല കർമ്മം ചെയ്യൂ, നല്ല ഫലം വന്നുചേരും. കെട്ട കർമ്മം ചെയ്യൂ, കെട്ട ഫലവും വന്നു ചേരും. സ്വാഭാവികം… സ്വഭാവസിദ്ധം. പക്ഷെ, ഇത് നമ്മൾ പലപ്പോഴും   ആലോചിയ്ക്കാതെ ഫലത്തിൽ മാത്രം നമ്മൾ ബന്ധരായി പോകുകയാണ്. ഉദ്ദേശിച്ച ഫലം കിട്ടുമ്പോൾ നമ്മൾ സന്തോഷം, ഹർഷം. ഹർഷം കൊണ്ട് നാശം. ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിൽ ദുഃഖം, വിഷാദം. വിഷാദം കൊണ്ട് നാശം. ഇതല്ലേ പതിവ്. കർമ്മത്തിന്റെ ഫലങ്ങൾ ഉദ്ദേശിച്ചപോലെ വരുമ്പോൾ ഹർഷം കൊണ്ട് നശിക്കുന്നു. ഉദ്ദേശിച്ച പോലെ വരാതിരിയ്ക്കുമ്പോൾ വിഷാദം കൊണ്ട് നശിയ്ക്കുന്നു. ഇതാണ് കണ്ടുവരുന്നത്. അതുകൊണ്ട് ഭഗവാൻ ഉപദേശിച്ചു. എന്താണീ യോഗം? നീ യോഗസ്ഥനായി കർമ്മം ചെയ്യൂ എന്നു പറയുമ്പോൾ എന്താണ് ഈ യോഗം. “സിദ്ധ്യാസിദ്ധ്യോഃ സമോ ഭൂത്വാ, സമത്വം യോഗ ഉച്ച്യതേ.”

‘സിദ്ധ്യസിദ്ധ്യോഃ’… സിദ്ധിയിലും അസിദ്ധിയിലും ഇപ്പോൾ നമ്മുടെ ഒരു ക്രിയയ്­ക്കു, അല്ലെങ്കിൽ വ്യാപാരത്തിന് നമ്മൾ ഉദ്ദേശിച്ച  സിദ്ധിയുണ്ടാകാം, ഇല്ലാതിരിയ്ക്കാം. രണ്ടിലും ‘സമോ  ഭൂത്വാ’, സമമായി തീർന്നിട്ട്, യാതൊരു സമത്വം ഉണ്ടോ, സമഭാവനയുണ്ടോ, അതായത് സിദ്ധ്യാസിദ്ധികളാൽ ബാധിയ്ക്കപ്പെടാത്ത മനസ്സിന്റെ  യാതൊരു  സമത്വമുണ്ടോ, അന്തഃകരണത്തിന്റെ യാതൊരു സമത്വമുണ്ടോ, ആ സമത്വത്തിന് പറയുന്ന പേരാണ് “യോഗം”. സമത്വ ബുദ്ധിയാണ് യോഗം.

ഞാൻ ചെയാനുള്ളത് ചെയ്‌തു. അത്രയേ സാധിയ്ക്കു. ഫലം സ്വാഭാവികമായി വന്നു ചേരുന്നതാണ്. സിദ്ധമായാലും കൊള്ളാം, സിദ്ധയില്ലെങ്കിലും കൊള്ളാം. യാതൊരു വിഷമവും ഇല്ലാതെ സമമായി, സമത്തിൽ ഉറച്ച അന്തകരണം. സമം എന്നുള്ളതിന് വേറെ അർത്ഥമുണ്ട്. അതുകൊണ്ടാണ്  അങ്ങനെ പറഞ്ഞത്. നിർദോഷം ഈ സമം ബ്രഹ്മാ എന്നു ശ്രദ്ധിയ്ക്കാ… സൂചിപ്പിച്ചു എന്നു മാത്രം. ഈ സമബുദ്ധിയ്ക്കാണ് നമ്മൾ യോഗം എന്നു പറയുന്നത്. യോഗസ്ഥനായി നീ കർമ്മം ചെയ്യൂ. ലോകസ്ഥനായി നീ കർമ്മം ചെയുമ്പോൾ, കർമ്മത്തിന്റെ ഫലം ദുഃഖമാണ്, കർമ്മത്തിന്റെ ഫലം ബന്ധനമാണ്, സംസാരമാണ്. അതേ കർമ്മം നമ്മൾ യോഗസ്ഥനായി ചെയ്‌താലോ, അത് നമ്മളെ ബന്ധിക്കില്ല…, ബന്ധിക്കില്ലെന്നു മാത്രമല്ല ചിത്തശുദ്ധിക്കും കാരണമാകും.

അതുകൊണ്ട് ലൗകികകർമ്മം ആയാലും തരക്കേടില്ല, വൈദീക കർമ്മം ആയാലും തരക്കേടില്ല കർമ്മയോഗം ആചരിയ്ക്കാൻ നമ്മുക്ക് സാധിയ്ക്കണം. എങ്ങനെ സാധിയ്ക്കും. ഈ വിചാരം മാത്രം ചെയ്താ മതി. ഫലത്തിൽ നമ്മുക്ക് അധികാരമില്ല, കർമ്മത്തിലെ അധികാരം ഉള്ളു, ഇത് ഒരു സത്യമാണ്. ഇത് വിചാരം ചെയ്താൽ മതി. ഇത് വിചാരം ചെയ്യാത്തത് കൊണ്ടാണ് നമുക്ക് കുഴപ്പം. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഫലത്തിൽ നമുക്ക് അധികാരമില്ല എന്നു മനസിലാക്കിയ ജനങ്ങൾ കർമ്മവിമുക്തരായി പോകും എന്നൊക്കെയാണ്. തെറ്റ്… ശരിയായി കർമ്മം ചെയ്യാൻ എപ്പോഴാണ് സാധിയ്‌ക്കുക? മിഥ്യാധാരണങ്ങളിൽ നിന്ന് മാറി  തന്റേടത്തോടുകൂടെ കർമ്മം ചെയ്യാൻ സാധിയ്ക്കും.

സാധാരണ കർമ്മി ഫലത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിയ്ക്കും. ഒരു ധർമ്മവുമുണ്ടാവില്ല, ഫലവും ഉണ്ടാവില്ല. പലപ്പോഴും… ഇവിടെ ഉള്ളവരെ അല്ല പറയുന്നത്, ഇവിടെ ഇരിയ്ക്കുന്നവരല്ലാതെ ചില സർക്കാർ ഉദ്യോഗസ്ഥന്മാരൊക്കെ കൂട്ടുകുടുമ്പോൾ എന്തൊക്കെയാ സംസാരിക്കുക എന്നു നമ്മൾ ശ്രദ്ധിയ്ക്കാറുണ്ട്. അവരെ വിലവർധനത്തെയും അതിനെക്കുറിച്ചും ഇതിനെക്കുറിച്ചും ഒക്കെ അല്ലാതെ, ചെയ്യേണ്ട കർത്തവ്യത്തെ കുറിച്ച് അധികം ചർച്ച ചെയ്‌തിട്ട് കേട്ടിട്ടില്ല. ഉറപ്പാണ് അവർ പണി എടുക്കില്ല എന്ന്. നേരെ മറിച്ചു ആരാണോ പണി ശരിക്കു എടുക്കുന്നത്, അവർക്കു ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ നേരം ഇല്ല. പണി ശരിക്കു എടുത്താൽ ഫലം നല്ലോണം കിട്ടിക്കോളും. സംശയം ഒന്നും ഇല്ല.

പലപ്പോഴും നമ്മൾ ഫലത്തിൽ മാത്രം ആശങ്കരായി പോകുന്നു. അങ്ങനെ ആകരുതേ എന്ന് ഭഗവാൻ ഈ ഗീതയിൽ തന്നെ രണ്ടാം അദ്ധ്യായത്തിൽ തന്നെ ഉപദേശിച്ചിട്ടുണ്ട്.

“മാ കർമ്മബലഗേ ദുർബു” എന്ന്. കർമ്മഫലത്തിനു വേണ്ടി മാത്രം ജീവിയ്ക്കുന്നവർ ആകരുതേ എന്ന്. ഫലം വരും.. വരട്ടെ.. ഫലം അനുഭവിയ്‌ക്കേണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ കർമ്മത്തിൽ നീ ശ്രദ്ധിയ്ക്കു. ഇങ്ങനെ സമത്വബുദ്ധിയാണ് ‘യോഗം’ എന്ന് ഭഗവാൻ ഉപദേശിച്ചു. ഈ ലോകത്തിന്റെ മഹത്വം ഭഗവാൻ ഉപദേശിച്ചു. സാധാരണ കർമ്മത്തെക്കാൾ എത്രയോ ഉത്‌കൃഷ്ടമാണ് കർമ്മയോഗം എന്ന് ഭഗവാൻ ഉപദേശിച്ചു.

support@sarayutrust.org

Discover more from Way Of Dharma: Yoga, Meditation and Hinduism

Subscribe now to keep reading and get access to the full archive.

Continue reading