ഭാരതീയ മാതൃസങ്കൽപ്പം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം

Source: – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിന്റെ മലയാളം ട്രാൻസ്ക്രിപ്റ്റ് ആണിത്. 

 

ഭാരതീയ സംസ്കാരം യാതൊന്നിനെ സനാതന ധർമ്മമെന്നും, ഹിന്ദു ധർമ്മമെന്നും, വൈദിക ധർമ്മമെന്നും  നമ്മൾ പറയുന്നുവോ,  ഈ സംസ്‌കൃതി നിലനിന്നു പോകുന്നത്  ഏറ്റവും പ്രധാനമായി, സവിശേഷമായ നമ്മുടെ കുടുംബങ്ങളിലൂടെയാണ്.  ഒട്ടനവധി ഘടകങ്ങളാണ് ഇതിനെ നിലനിർത്തിയത്. എങ്കിലും, ഏറ്റവും പ്രധാനപ്പെട്ട ഘടകം നിസ്സംശയം പറയാം, നമ്മുടെ കുടുംബമാണ്.

ലോകത്തു ഒരു പ്രദേശത്തും ഇല്ലാത്ത സവിശേഷമായ നമ്മുടെ കുടുംബസങ്കല്പം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്കു ധർമ്മബോധത്തെ, മൂല്യസംഹിതയെ, ആചരണ വ്യവസ്ഥയെ., ഒക്കെ കൈമാറി വന്നത് കുടുംബങ്ങളിലൂടെയാണ്. അതിന്റെ കേന്ദ്രസ്ഥാനം നിസ്സംശയം പറയാം, അമ്മയാണ്. മാതാവ്, അമ്മയിൽ കേന്ദ്രികൃതമാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന വിഷയത്തിൽ ഏറ്റവും പ്രധാന പങ്ക് അമ്മയാണ് വഹിയ്ക്കുന്നത്.

കഴിഞ്ഞ ദിവസം നമ്മൾ ഇവിടെ ചിന്തിക്കുകയുണ്ടായി. ചാന്ദോഗ്യ ഉപനിഷത്തിലേ ഒരു മന്ത്രം ‘മാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രൂയാത്’. ‘അമ്മയുള്ളവൻ, അച്ഛനുള്ളവൻ, ആചാര്യനുള്ളവൻ പറയട്ടെ’. ആരാണ് പറയേണ്ടത്? ആർക്കാണ് പറയാൻ യോഗ്യതയുള്ളത്? അവിടെയാണ് ശ്രുതി സാക്ഷാൽ ശ്രുതി പറയുന്നത് അമ്മയുള്ളവൻ, അച്ഛനുള്ളവൻ,ആചാര്യനുള്ളവൻ പറയട്ടെ എന്ന്. ‘അമ്മ’ അതാണ് ഒന്നാമതു പറയേണ്ടത്.

‘മാതാ പ്രഥമം ദൈവതം’. അമ്മയാണ് ഒന്നാമത്തെ ദൈവം. അതുകഴിഞ്ഞേ മറ്റു ഏതു ദേവതയും ഉള്ളു. അതുകൊണ്ട് തന്നെ പ്രാഥമിക ധർമ്മോപദേശം ചെയുമ്പോൾ, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാൽ അതിന്റെ അരികെ താമസിച്ചു ധർമ്മശാസ്ത്രങ്ങളെ പഠിച്ച്, എന്തിനാണ് ഈ ലോകത്തിൽ ജീവിക്കുന്നതെന്നും, എങ്ങിനെയാണ് ജീവിക്കേണ്ടതെന്നും വളരെ വിശദമായി  ഉപദേശിച്ച്, പ്രത്യേകങ്ങളായ സന്നിഗ്ദ്ധഘട്ടങ്ങളിൽ എങ്ങനെ പെരുമാറണം എന്നൊക്കെ ഉപദേശിക്കുന്ന ആചാര്യൻ, തന്റെ അരികെ താമസിച്ചു പഠിച്ച് തിരിച്ചു പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥിയെ അടുത്തു വിളിച്ചു ഉപദേശികയുകയാണ്. ഇതെല്ലാം പഠിച്ച് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക്‌ പോകുകയാണ് കുട്ടി. ആ സമയത്ത്‌ ആ വിദ്യാർത്ഥിയെ, അന്തേവാസിയെ അടുത്തു വിളിച് ആചാര്യൻ കൊടുക്കുന്ന ഒരു ഉപദേശം പ്രസിദ്ധമാണ്. ഉപനിഷത്തിൽ ‘തൈത്തരീയ ഉപനിഷത്’. അവിടെ ഏറ്റവും പ്രാഥമികമായ സത്യം, ധർമ്മം, സ്വാദ്ധ്യായം എന്നിവയെ ഉപദേശിച്ചു കഴിഞ്ഞിട്ട് ആദ്യം തന്നെ പറയുന്നത് “മാതൃ ദേവോ ഭവ:”.

‘മാതൃദേവോഭവഃ’. പലരും ഇതിനെ തർജ്ജമ ചെയ്യുമ്പോൾ തെറ്റിക്കാറുണ്ട്. തെറ്റായിട്ടാണ് പലരും ഇതിനെ തർജ്ജമ ചെയ്യാറ്‌. സംസ്‌കൃതം ഭാഷ ശരിയ്‌ക്കും പഠിയ്ക്കാത്തതുകൊണ്ടോ പഠിച്ചിട്ടുണ്ടെങ്കിൽ തന്നെ ശ്രദ്ധിയ്ക്കാത്തതു കൊണ്ടോ ആണ്, പലരും തെറ്റാണ്‌ പറയാറ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ‘അമ്മയെ ദൈവത്തെപോലെ കാണുന്നവനാകണം’. തെറ്റാണ്…. അങ്ങനെ അല്ല അതിന്റെ അർത്ഥം. ‘ദൈവത്തെ പോലെ’ എന്ന് പറയുമ്പോൾ ദൈവം കുറച്ചു മേൽപ്പോട്ടും അമ്മ കുറച്ചു കിഴ്പ്പോട്ടും ആണ്. അതുകൊണ്ട് ഭഗവാൻ, ഭാഷ്യാകാരൻ സ്പഷ്ടമാക്കി തന്നെ അർത്ഥം പറഞ്ഞുതരും. ‘മാതാ ദേവതാ യസ്യ, ഏവം ത്വം ഭവ’. ‘ആർക്ക്‌ അമ്മ ദേവനാണോ, നീ അങ്ങിനെയുള്ളവനായേ തീരൂ. ദൈവത്തെപോലെ അല്ല, വളരെ വ്യത്യാസമുണ്ട്. അമ്മയെ ദൈവത്തെ പോലെ ഒരിയ്ക്കലും കാണാൻ പാടില്ല. ‘ആർക്ക്‌ അമ്മ ദേവനാണോ, നീ അങ്ങനെയുള്ളവനായേ തീരൂ’.

അതു കഴിഞ്ഞിട്ടു പിന്നെ പിതൃദേവോ ഭവ:, ആചാര്യദേവോ ഭവ:, അതിഥിദേവോ ഭവ: എന്നിങ്ങനെ പറയുന്നുണ്ട്. പക്ഷെ പ്രഥമോപദേശം ഇതാണ്‌. ഈ മാതൃസങ്കൽപം നമ്മുടെ ഒന്നാമത്തെ ദൈവമായ, ഒന്നാമത്തെ ഗുരുവായ… ഒന്നാമത്തെ ഗുരു എന്ന ആശയമാണ് നേരത്തെ പറഞ്ഞത്. “മാത്രുമാൻ, പിത്രുമാൻ, ആചാര്യവാൻ ബ്രൂയാത് “എന്ന് പറയുമ്പോൾ അവിടെ പ്രഥമ ഗുരു എന്നുള്ള സങ്കല്പമാണ്. ഇങ്ങനെയുള്ള ‘അമ്മ, അമ്മയെ നമ്മൾ സകല ദേവ ഭാവത്തെയും കണ്ടു, സകല ഗുരു ഭാവത്തെയും കണ്ടു. അമ്മയെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് ഒരു വ്യക്തിശരീരത്തിൽ ഒതുങ്ങാതെ വികസിയ്ക്കുന്നു. സാക്ഷാൽ ജഗത് ജനനീ. അതെ,സാക്ഷാൽ ജഗത് ജനനീയായ മാതാമേ പാർവതി ദേവി, ആ ഒരു തലത്തിലേക്ക് അമ്മയെ ഉയർത്തുന്നു നമ്മൾ, സാക്ഷാൽ ദേവി ആയിട്ട്. അമ്മ എന്നുള്ളത് കേവലം ഒരു വ്യക്തി മാത്രമായി നമ്മൾ ഒതുക്കുന്നില്ല, മറിച്ച് മാതൃഭാവത്തെ സർവ ജീവജാലങ്ങളിലും നമ്മൾ കാണുന്നു.

‘യാ ദേവീ സർവഭൂതേഷു, മാതൃരൂപേണ സമസ്ഥിതഃ,  നമസ്‌തസ്യേ നമസ്‌തസ്യേ, നമസ്‌തസ്യേ നമോ നമഃ’ എന്ന് സ്തുതിക്കുമ്പോൾ, ദേവന്മാരോടൊപ്പം നമ്മളും സ്തുതിക്കുമ്പോൾ സകല ജീവജാലങ്ങളിലും സകല ഭൂതങ്ങളിലും മാതൃരൂപേണ കുടികൊള്ളുന്ന ആ അമ്മയെ നമ്മൾ കാണുന്നു. എല്ലാ ജീവികളിലും ആ മാതൃഭാവത്തിന്‌ വ്യത്യാസം ഇല്ല. ആ മാതൃഭാവമാകട്ടെ ഏറ്റവും ഉൽകൃഷ്ട്ടമാണ്. ആ മാതൃഭാവമാണ് സമാജത്തെ സൃഷ്ടിക്കുന്നത്. ഉൽകൃഷ്ടമായ  ഒരു കാഴ്ചപ്പാടാ..

ഇനി സാമൂഹികമായ ഒരു ദൃഷ്ടിയെ അവലംബിക്കുമ്പോൾ സർവ സ്ത്രീദേഹങ്ങളിലും ഈ മാതൃഭാവത്തെ കാണാൻ നമ്മളോട് ഋഷീശ്വരന്മാർ പറഞ്ഞുതന്നു. സകല സ്ത്രീദേഹങ്ങളിലൂടെയും ഈ മാതാവിനെ കാണുന്നു. വല്ലാത്തൊരു ശക്തിയുള്ള മന്ത്രമാണ് ഇത്. ഈ അമ്മയെന്നുള്ള മന്ത്രം മാതാവെന്നുള്ള മന്ത്രം സർവ സ്ത്രീ ദേഹങ്ങളിലും മാതാവിനെ കാണാൻ പഠിപ്പിക്കുന്നു. ഇത് ഇന്ന് നമ്മൾ അറിയാതെ വിസ്മരിച്ചു പോകുന്നു.

പണ്ടൊരിക്കൽ സംഭാഷണ മദ്ധ്യേ, അതും മറ്റൊരു രാജ്യത്ത്, തന്റെ പ്രഭാഷണാനന്തരം ഉള്ള സംഭാഷണങ്ങളുടെ മദ്ധ്യേ സ്വാമിജി ഭാരതീയ വീക്ഷണത്തെ ആഴത്തിൽ പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു, ഞങ്ങൾക്ക് ഒരു പത്നിയും ബാക്കി എല്ലാം അമ്മയുമാണ്. മറ്റു പല രാജ്യത്തും തിരിച്ചാ. ഒരു അമ്മയെ ഉള്ളു, ബാക്കി എല്ലാം പത്നി എന്നു പറയുന്നില്ല, സ്ത്രീ ആണ്. പക്ഷെ ഭാരതീയ വീക്ഷണം അതായിരുന്നില്ല. പക്ഷെ… ഇപ്പോൾ ഇവിടെയും അങ്ങനെ ആയിക്കൊണ്ടിരിക്കുകയാ. ഇപ്പോൾ ഇവിടെ ഒരു ‘അമ്മ തന്നെ ഉണ്ടൊ ആവോ? അതുതന്നെ ഉണ്ടോയെന്നു സംശയാ. എന്തായാലും വലിയ ഒരു വ്യത്യാസമാണ് ഈ വീക്ഷണം, ‘ഒരു പത്നി ബാക്കി എല്ലാം അമ്മ’.

നോക്കൂ, പണ്ട് വളരെ ദുഷിച്ച`ഒരുപാട് കുടുംബങ്ങളുടെ തകർച്ചയ്ക്കും സാമ്പത്തിക തകർച്ചയ്ക്കും ഒക്കെ കാരണമായ ദുഷിച്ച ഒരു ആചാരം പറഞ്ഞുതരാം. ഈ ആചാരത്തെ ഒരിക്കലും ചിദാനന്ദപുരി സ്വാമി പ്രോത്സാഹിപ്പിക്കുന്നു അനുകൂലിക്കുന്നു എന്നൊന്നും ഒരാളും നാളെ പറഞ്ഞേക്കരുത്. കാരണം എന്ത് ഉദ്ദേശിച്ചോ, അതല്ലാത്തത് പറയുക എന്നുള്ളതാണ് പലപ്പോഴും സമൂഹത്തിൽ കാണുക.

പ്രായപൂർത്തി ആകുന്നതിനു മുൻപ് പെൺകുട്ടികൾക്ക് ഒരു കല്യാണ ചടങ്ങു് ഉണ്ടായിരുന്നു പണ്ട്. പ്രായപൂർത്തി ആകുന്നതിനു മുൻപ് വേണം. പെൺകുട്ടി പ്രായപൂർത്തി ആകുന്നതിനു മുൻപ് തന്നെ ഒരു വിവാഹ ചടങ്ങു് . പൊതുവെ ഒരു ഉത്തമ സാത്വിക സ്വഭാവത്തിലുള്ള ആരെങ്കിലും ഒരാൾ ആണ് ആ ക്രിയ ചെയ്യേണ്ടത്. പിന്നീട് ഇത് ദുഷിച്ചു പോകുകയും വളരെ അധികം സാമ്പത്തികമായും സാമൂഹികമായും ഉള്ള അപചയങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. അതുകൊണ്ട് തന്നെ ഇത്തരം ചടങ്ങു് പല പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ചടങ്ങിനെ നിരസിക്കേണ്ടതായി വന്നു. പക്ഷെ വാസ്തവത്തിലാ ചടങ്ങിന്റെ പിന്നിലുള്ള ഉദ്ദേശം വളരെ ഉൽകൃഷ്ടമായിരുന്നു. കാരണം ആ ചടങ്ങു് കഴിച്ചാൽ, ആ കുട്ടിയെ പിന്നെ എല്ലാവർക്കും അമ്മ എന്ന് പറയാനുള്ള സാധ്യതയുണ്ട്. ‘അമ്മ’ എന്ന ഭാവത്തിൽ ഒരു കൊച്ചുപെൺകുട്ടിയെ നോക്കി കഴിഞ്ഞാൽ മറ്റൊരു ഭാവം അവിടെ ഇല്ല.

മനുഷ്യന്റെ പരിമിതങ്ങളായ, താല്കാലികങ്ങളായ, അല്ലെങ്കിൽ വൈകാരികങ്ങളായ ഭാവങ്ങൾക്ക് മുഴുവൻ, അതിനെ മുഴുവൻ അതിക്രമിപ്പിക്കുന്ന, അതിന്റെ… എന്താ പറയേണ്ടത്… ഹീനങ്ങളോ അല്ലെങ്കിൽ അധഃസ്ഥിതങ്ങളോ ആയ സകലഭാവങ്ങളെയും അതിക്രമിപ്പിക്കുന്ന ഒരു സംഖ്യയാണ്, ഒരു സങ്കല്പമാണ് അമ്മ, മാതാവ് എന്നുള്ള സങ്കല്പം. ഈ അമ്മയെ എല്ലാവരിലും കാണാൻ പഠിപ്പിച്ചു. അതാണ് നമ്മുടെ ഋഷീശ്വരൻമാർ പഠിപ്പിച്ചത്.

Leave a Reply