സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം

ഉറവിടം : – ആർഷവിദ്യാ സമാജം യു‌ട്യൂബ് ചാനൽ.

നമസ്കാരം !

ഞാൻ ആർഷ വിദ്യ സമാജം ഡയറക്ടർ K R മനോജ്‌. ഒരു ഇസ്ലാമിക സുഹൃത്ത് അയച്ചു തന്ന ഓഡിയോ റെക്കോർഡിങ്, ആർഷ വിദ്യാ സമാജത്തിലെ ചില വിദ്യാർത്ഥികൾ എനിക്കയച്ചു തരുകയും, അതിന്റെ മറുപടി നല്‍കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. പരിഗണിക്കേണ്ട വിമർശനങ്ങൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ, വിശദീകരണം നൽകുന്നു. ഈ മുസ്ലിം സ്നേഹിതന്‍ അയച്ച സംഭാഷണ ശകലം ഞാന്‍ സശ്രദ്ധം കേട്ടു, അതില്‍ അദ്ദേഹം‍ പ്രധാനമായും 4 കാര്യങ്ങള്‍ ആണ് പരാമര്‍ശിക്കുന്നത്.

ഒന്ന്, ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലെ ദൈവ സങ്കല്‍പ്പങ്ങള്‍ ബാലിശമാണ്‌, അവർക്കെന്തിനാണ് മൂക്ക് മുതലായ അവയവങ്ങള്‍ എന്നദ്ദേഹം ചോദിക്കുന്നു. ഗണപതി കഥയിലെ വിഡ്ഢിത്തങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.

രണ്ട്, പരമശിവന് എന്തിനാണ് പുലിത്തോല്‍? പുലിയാണോ ശിവനാണോ ആദ്യം ഉണ്ടായത്? എന്തിനാണ് ദൈവത്തിന് ത്രിശൂലം മുതലായ ആയുധങ്ങള്‍? അതില്‍ രണ്ടാമത്തെ സംശയം ഇതാണ് .

മൂന്നാമത്, സെമിറ്റിക് മതങ്ങളിലെ ദൈവസങ്കല്‍പം മെച്ചമാണെന്നും, സെമിറ്റിക് മതങ്ങളിലെ ദൈവങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു.

നാല് , ഇസ്ലാമിലെ ദൈവസങ്കല്‍പം പൂര്‍ണമാണെന്ന് അദ്ദേഹം‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു.

ആർഷ വിദ്യ സമാജത്തിന്‍റെ നിലപാട് ഞാന്‍ വിശദീകരിക്കാം.

സ്നേഹിതാ! താങ്കള്‍ പറഞ്ഞതിന്റെ ഒന്നാം ഭാഗം തികച്ചും ശരിയാണ്, ആദ്യ ഭാഗങ്ങളിലെ വിമര്‍ശനങ്ങളോട് ഞങ്ങളും യോജിക്കുന്നു. അവയെല്ലാം പുരാണഗ്രന്ഥങ്ങളിലേതാണ്. പ്രധാന ഗുരുപരമ്പരങ്ങള്‍ ഒന്നും പുരാണഗ്രന്ഥങ്ങളെ ആധികാരികമായി കണക്കാക്കുന്നില്ല. ശ്രീ ശങ്കരാചാര്യര്‍ അവയെ പരിഗണിക്കുന്നത് പോലുമില്ല. അദേഹത്തിന് ശേഷമാണ് അതുണ്ടായത്‌ എന്ന് പറയപ്പെടുന്നു. ഈശ്വരനെ തരംതാഴ്ത്തുന്ന കാര്യത്തിലും, ഈശ്വരീയ പ്രതീകങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തിലും പുരാണ ഗ്രന്ഥങ്ങള്‍ അന്യോന്യം മത്സരിക്കുകയാണെന്നതാണ് വസ്തുത. ഈ രാജ്യത്തിന്‍റെ അധഃപതന കാലഘട്ടത്തില്‍ സംസ്കൃതം അറിയാവുന്ന ചില പണ്ഡിതര്‍, കാലഘട്ടത്തിന്‍റെ പരിമിതമായ  അറിവ് ഉപയോഗിച്ച്  പടച്ചുണ്ടാക്കിയതാണ് ഇവയെല്ലാം. അതില്‍ നല്ലതുമുണ്ട് ചീത്തയുമുണ്ട്. അതുകൊണ്ടാണ് വിഷം ചേർന്ന ഭക്ഷണം പോലെ പുരാണങ്ങളെ തള്ളികളയാന്‍ ദയാനന്ദ സരസ്വതിയെ പോലുള്ളവര്‍ പരസ്യമായി ആഹ്വാനം ചെയ്തത്,  പഴയതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന ചില മാമൂല്‍വാദികള്‍ മാത്രമാണ് ഇവയെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നത് . വെള്ളം ചേര്‍ന്ന പാലില്‍ നിന്ന് അരയന്നം പാല്‍ മാത്രം കുടിക്കുന്നത് പോലെ വേണം പുരാണാധ്യായനം നടത്താന്‍, എന്നാണ് പുരാണങ്ങളെ അല്പമായി ന്യായീകരിക്കുന്നവര്‍ പോലും ഉപദേശിക്കുന്നത്. പുരാണമിത്യേവ നാ സാധു സര്‍വ്വം , പുരാണങ്ങളില്‍ പറഞ്ഞ,  പറഞ്ഞത് കൊണ്ട് മാത്രം ഒന്നും ആധികാരികമാവുന്നില്ല എന്നര്‍ത്ഥം  പുരാണകഥകള്‍ കെട്ടുകഥകള്‍ ആണെന്ന്, ഭാഗവതം പോലുള്ള പുരാണങ്ങള്‍, ഏറെ പ്രചരിപ്പിക്കപെടുന്ന ഭാഗവതം പോലുള്ള പുരാണങ്ങള്‍ തന്നെ , അതിന്‍റെ അവസാന ഭാഗത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ട്. അതോക്കെകൊണ്ടു തന്നെ പുരാണങ്ങളെ തള്ളി കളയുന്ന ഗുരുപരമ്പരകളാണ് ഏറെ. ക്രിസ്ത്യാനികള്‍ ചില ഗ്രന്ഥങ്ങളെ അപോക്രിബ (Apocrypha) എന്നും, മുസ്ലിമുകള്‍ പല ഹദീസുകളെയും സ്വഹീഹല്ലാത്തത് എന്ന് ചൂണ്ടിക്കാട്ടാറുണ്ടല്ലോ , അത് പോലെയാണ് സനാതന ധര്‍മത്തിന് പുരാണങ്ങള്‍ എന്നര്‍ത്ഥം.

താങ്കള്‍ ചൂണ്ടി കാണിച്ച ഉദാഹരണങ്ങള്‍… മൂക്ക്, ശ്വസനം, ഗണപതി കഥകള്‍ തുടങ്ങിയവയെല്ലാം യുക്തിഭദ്രമാണ്. ഭൂമിയിലെ കരയില്‍ ജീവിക്കുന്ന ജീവികള്‍ക്കും, ജലജീവികള്‍ക്കും അതിന്‍റെതായ ശരീരഘടനയാണുള്ളത്. താന്‍ ജീവിക്കുന്ന ലോകത്തിനനുസരിച്ച ശരീരഘടനയാണ് ജീവികള്‍ക്കുണ്ടാകുന്നത്. പ്രപഞ്ചാതീതനായ ഈശ്വരന്, ശ്വസനം,. ശ്വസനാവയവങ്ങളോ, മൂക്ക്‌, കണ്ണ്,  ചെവി, നാക്ക്, ത്വക്ക് തുടങ്ങിയവയുടെയൊന്നും ആവശ്യമില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ (ഈശ്വരനെ) “അകായന്‍” എന്ന് വേദം  വാഴ്ത്തുന്നത്. അകായന്‍ എന്നാല്‍ ശരീരരഹിതന്‍, ശരീരമില്ലാത്തവന്‍ എന്നര്‍ത്ഥം  നിരാകാരന്‍, നിരഞ്ജനന്‍, ശുദ്ധവിഗ്രഹൻ എന്നെല്ലാം പരമേശ്വരനെ വേദം വിശേഷിപ്പിക്കുന്നു . പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ, മനോബുദ്ധികൾ കൊണ്ടോ അദ്ദേഹത്തെ അറിയാൻ ആവില്ല എന്നും ഉപനിഷത്തുക്കൾ സൂചിപ്പിക്കുന്നു . ന തസ്യ പ്രതിമ അസ്തി, ഈശ്വരന് സ്വഭാവമോ സ്വരൂപമോ, വിഗ്രഹങ്ങളിലോ ചിത്രങ്ങളിലോ ഒതുക്കാനും ആവില്ല. ഗുരുപരമ്പരകൾ സാക്ഷാത്കരിച്ചതും, വേദോപനിഷത് ഗ്രന്ഥങ്ങളിൽ വിശദീകരിച്ചതുമായ പരമേശ്വരദർശനമാണ് സനാതന ധർമത്തിലേത്. ഭൗതികം ബുക്സ് പ്രസിദ്ധികരിച്ച. “ഭാരതപ്രഭാവം” എന്ന ഗ്രന്ഥത്തിലെ രണ്ടാം ഭാഗം മൂന്നാമധ്യായത്തിൽ ഇത് വിവരിക്കുന്നുമുണ്ട്.

രണ്ടാമതായി താങ്കൾ പറയുന്നു പരമേശ്വര ചിത്രങ്ങളിൽ പുലിത്തോൽ കാണുന്നു, പുലിയാണോ ശിവനാണോ ആദ്യമുണ്ടായത്? പുലി ഉണ്ടാകുന്നതിനു മുമ്പ് ശിവൻ എങ്ങനെ നടന്നു, താങ്കൾ ചോദിക്കുന്നു. എന്‍റെ സുഹൃത്തേ, നിരാകാരനും നിരഞ്ജനനും പ്രപഞ്ചാതീതനും സർവവ്യാപിയും സർവശക്തനുമായ പരമേശ്വരൻ, പരമശിവൻ അല്ല ചിത്രങ്ങളിൽ കാണുന്ന ആദിനാഥൻ അഥവാ ശിവ ഋഷി. അത് പരമശിവന്‍റെ ഒരു പ്രത്യക്ഷ രൂപം മാത്രമാണ്. ദക്ഷിണാമൂർത്തി, ശിവ ഋഷി, നീലകണ്‌ഠ രുദ്രൻ, കൈലാസനാഥൻ എന്നെല്ലാം ഈ ആദി ഋഷിയെ, പരമഗുരുവെ സനാതന ധർമം വാഴ്ത്തുന്നു. മനുഷ്യന്റേതു പോലുള്ള ആന്തരികാവയവങ്ങളും ആ സൂക്ഷ്മരൂപത്തിനില്ല. സൃഷ്ടിയുടെ ആദ്യകാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യർക്ക്‌, ആദൃഷികൾക്കു വേദം സനാതന ധർമം, യോഗവിദ്യാ എന്നിവ നൽകാൻ സർവശക്തനായ ഈശ്വരൻ സ്വീകരിച്ച മനുഷ്യ രൂപമാണിത്. മനുഷ്യകുലം ഉണ്ടായ ആദ്യകാലത്തു തന്നെയാണ് ഇത് നടക്കുന്നത്. ഇതും യുക്തിഭദ്രമാണ്. രണ്ടായിരം വർഷങ്ങൾക്കു മുമ്പോ , 1400 കൊല്ലങ്ങൾക്കു മുമ്പോ മാത്രം ദൈവം വഴികാട്ടികൾ അയച്ചു എന്ന് വാദിച്ചാൽ, അതിനു മുൻപ് ഇവിടെ ജീവിച്ചു മരിച്ച ജനകോടികളെ ഈശ്വരൻ പരിഗണിച്ചില്ല എന്ന് പറയേണ്ടി വരും, അത് നിഷ്പക്ഷനായ, നീതിമാനായ, ന്യായകാരിയായ ഒരു ദൈവത്തിന് ചേർന്നതല്ല.

ഇനി ഈശ്വരൻ രൂപമെടുക്കുമോ എന്നുള്ള കാര്യം. സർവശക്തനായ ഈശ്വരന് രൂപമെടുക്കാൻ കഴിയില്ല എന്ന് വാദിച്ചാൽ, ഈശ്വരൻ സർവ്വശക്തനല്ല എന്ന് പറയേണ്ടി വരും. അമ്മയ്ക്കും അച്ഛനും ജനിച്ച്‌, ഈ ഭൂമിയിലെ നിയമങ്ങൾക്കു വിധേയമായി ജീവിച്ച് മരിക്കുന്ന അവതാര ശരീരങ്ങൾക്കോ, സാമാന്യ മാനവദേഹങ്ങൾ പോലെയോ അല്ല ഭവരൂപം, അഥവാ പ്രത്യക്ഷ ശരീരം. ഈ വിധി നൽകിയതിന് ശേഷം എല്ലായിടത്തും വേദം പ്രചരിപ്പിച്ചു ലോകമെങ്ങും ശ്രേഷ്ഠമാക്കാനാണ് ഈ പരമശിവ വിഭൂതി അരുളി ചെയ്തത്. കൃണ്വന്തോ വിശ്വം ആര്യം മനുഷ്യരൂപത്തിൽ വന്നാണ് ഈ വിദ്യകൾ എല്ലാം സനാതനധർമ്മ സ്ഥാപകനായ ആദിനാഥൻ ജനതയെ പഠിപ്പിച്ചത്. മനുഷ്യരൂപത്തിൽ വരാതെ യോഗ പോലുള്ള കാര്യങ്ങൾ എങ്ങനെ മനുഷ്യനെ പഠിപ്പിക്കാൻ കഴിയും.? അദ്ദേഹം അണിഞ്ഞ വേഷം പുലിത്തോൽ ആയിരുന്നത്രേ, ത്രിശൂലം, ഭസ്മം, ജട തുടങ്ങിയ ആഭരണങ്ങൾ അണിഞ്ഞാണ് അദ്ദേഹം വിഹരിച്ചത് എന്നും ധ്യാനശ്ലോകങ്ങൾ ചൂണ്ടി കാട്ടുന്നു. പ്രാചീന അറബികൾ അള്ളാഹുവിനെ പറ്റി പല മോശമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇസ്ലാം ചൂണ്ടി കാട്ടാറുണ്ട്. അള്ളാഹുവിന് പെണ്മക്കൾ ഉണ്ടായിരുന്നു എന്ന് തുടങ്ങിയ കഥകൾ എല്ലാം ഖുർആൻ അതിശക്തമായ ഭാഷയിൽ നിരാകരിക്കുന്നുമുണ്ട്. അതു പോലെ തന്നെ പരമശിവനെയും ആദിനാഥനെയും പറ്റി പല കാര്യങ്ങൾ കൂട്ടി കലർത്തിയും വികൃതമാക്കിയും പിന്നീട് പുരാണങ്ങൾ പ്രചരിപ്പിക്കയുണ്ടായി. ശാസ്താവും അയ്യപ്പനും ഒന്നാണെന്ന തരത്തിൽ ചിത്രീകരിക്കുന്നത് പോലെ. അതിനെങ്ങനെ അവർ ഉത്തരവാദികളാവും? വേദോപനിഷത്തുക്കൾ എല്ലാം ഏകനായ പരമേശ്വരനെയാണ് ഉപാസിക്കേണ്ടത് എന്ന് പറയുന്നു. പിൽക്കാലത്തെ പുരാണ-സ്മൃതി കാലഘട്ടങ്ങളിലാണ്‌ ഇതെല്ലാം അട്ടിമറിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്, ഇത് പ്രമുഖ ഇസ്ലാമിക പണ്ഡിതർ തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ തന്നെ ഉന്നയിച്ചിട്ടുമുണ്ട്.

മൂന്നാമതായി, താങ്കൾ പറയുന്ന പോയിന്റിനോട് ഞങ്ങൾ ഒട്ടും യോജിക്കുന്നില്ല. സെമിറ്റിക് മതസങ്കല്പങ്ങളിലെ മേന്മയാണ് താങ്കൾ അവകാശപ്പെടുന്നത് അതിലൂടെ. സെമിറ്റിക് മതങ്ങളിലെ ദൈവസങ്കല്പങ്ങൾ പുരാണങ്ങളെ പോലെ തന്നെ ബാലിശവും, കൂടുതൽ അപകടകരവും, തള്ളിക്കളയേണ്ടതുമാണ്. സെമിറ്റിക് മതങ്ങളിലെ ദൈവം, ഭൂമിയിലേക്കിറങ്ങി വരാറില്ല, അവർ യുദ്ധം ചെയ്യാറില്ല എന്ന് താങ്കൾ വാദിക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഭൂമിയിലെ യുഫ്രീറ്റീസ് നദിക്കരയിലുള്ള ഏദൻ തോട്ടത്തിൽ, തോട്ടക്കാരനായ യഹോവ വെയിലാറിയപ്പോൾ നടന്ന ശബ്ദം ആദവും ഹവ്വയും കേട്ടതായി ഉല്പത്തി പുസ്തകത്തിൽ പറയുന്നു. ഉല്പത്തി പുസ്തകം മൂന്നാമധ്യായം എട്ടാം വാക്യം. മനുഷ്യ പുരോഗതിയിൽ അസൂയാലുവായ, അതിനാൽ തന്നെ നുണ പറയുന്ന ജീവവൃക്ഷം മനുഷ്യന് നിഷേധിക്കുവാനായി, അവനെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി, കെരൂബുകളെ കാവൽ നിർത്തിയ, ചെറിയ കുറ്റങ്ങൾക്ക് വൻ ശിക്ഷകള്‍ നൽകുന്ന, ഒരാൾ ചെയ്ത തെറ്റിന് തലമുറകളോട് പകപോക്കുന്ന, അസഹിഷ്ണുവെന്നു പലവട്ടം സ്വയം വിശേഷിപ്പിക്കുന്ന, മനുഷ്യന്റെ ആയുസ്സ് നൂറ്റിയിരുപതാക്കി വെട്ടി കുറച്ച, മനുഷ്യരെ തമ്മിൽ ചിതറിപ്പിച്ച ദൈവമാണ് ബൈബിളിലെ യഹോവ. അബ്രഹാമിനും സാറക്കും മക്കൾ ഉണ്ടാവുന്നതിന് മുമ്പ്, യഹോവ രണ്ടു പേരോടൊപ്പം അവരുടെ വീട് സന്ദർശിച്ചുവെന്നും, മൂരിയിറച്ചി തിന്നുവെന്നും ഉല്പത്തി പുസ്തകം 18ആം അധ്യായം പറയുന്നു. മോശ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന പഞ്ചഗ്രന്ഥങ്ങളിൽ ഒന്നാണ് ഉല്പത്തി പുസ്തകം. അതിൽ 32ആം അധ്യായത്തിൽ യാക്കോബിന്റെ യഹോവയുമായുള്ള മൽപ്പിടുത്തം വിവരിക്കുന്നുണ്ട്. നേരം പുലരുന്നത് വരെ യാക്കോബുമായി മല്ലയുദ്ധം നടത്തിയിട്ടും, യഹോവയ്‌ക്ക് യാക്കോബിനെ തോല്പിക്കാൻ കഴിഞ്ഞില്ലത്രേ. അവസാനം യാക്കോബിന്റെ പള്ളക്ക് കുത്തിയാണ് യഹോവ രക്ഷപ്പെടുന്നത്. അന്ന് മുതലാണ് യാക്കോബിനും സന്തതികൾക്കും, അദേഹത്തിന്റെ രാജ്യത്തിനും ഇസ്രായേൽ എന്ന പേര് കിട്ടുന്നത്. ദൈവത്തോടും മനുഷ്യരോടും മല്ലയുദ്ധം നടത്തി വിജയിച്ചതിനാലാണത്രെ ഇസ്രായേൽ എന്ന പേര്. പ്രപഞ്ചാതീതനും സർവ്വശക്തനുമായ ഒരു ദൈവം, നിസ്സാര മനുഷ്യനോട് യുദ്ധം ചെയ്തു തോൽക്കുക.., ഇതും ഈശ്വരനെ തരംതാഴ്ത്തുന്നതല്ലേ?

നാലാമതായി ഇസ്ലാമിലെ ദൈവസങ്കല്പങ്ങളിലെ മേന്മയാണ് താങ്കൾ വിവരിക്കുന്നത്. മനുഷ്യരെ കൊല്ലാനായി, അള്ളാഹു ഇറങ്ങി വരുന്നില്ല എന്നതാണ് ദൈവത്തിന്റെ മേന്മയായി, എന്‍റെ സ്നേഹിതൻ എടുത്ത് കാട്ടുന്നത്. കാറ്റ് മൂലം ആദി സമുദായത്തെ അള്ളാഹു നശിപ്പിച്ചുവെന്നും, മറ്റൊരു സമുദായത്തെ ആകെ ശബ്ദം കൊണ്ട് നശിപ്പിച്ചുവെന്നും താങ്കൾ വര്‍ണിക്കുന്നു. വാൾ കൊണ്ടോ, ത്രിശൂലം കൊണ്ടോ ചക്രം കൊണ്ടോ അല്ല , പ്രകൃതിക്ഷോഭങ്ങൾ കൊണ്ടാണ് താങ്കളുടെ ദൈവം ആൾക്കാരെ കൊല്ലുന്നതത്രെ. ദുഷ്ടന്മാരെ തിരഞ്ഞു പിടിച്ച് വധിക്കാൻ പറ്റുന്ന ആയുധങ്ങളാണ് പുരാണങ്ങളിൽ കാണുന്ന ഗദ, ശൂലം, കുന്തം, ചക്രം, വാൾ, വില്ല് തുടങ്ങിയ ആയുധങ്ങൾ. മനുഷ്യരെയും മറ്റു ജീവികളെയും ഒറ്റയടിക്ക് നശിപ്പിക്കുന്ന ആറ്റം ബോംബ് കൂടുതൽ നല്ല ദൈവിക പദ്ധതിയാണെന്ന് പറയാൻ അസാമാന്യമായ ചങ്കൂറ്റം വേണം. കുറച്ചുപേർ തെറ്റ് ചെയ്തുവെന്ന് തന്നെ ഇരിക്കട്ടെ. അതിന് ഗർഭിണികളും, ഗർഭസ്ഥശിശുക്കളും, മുലയൂട്ടുന്ന അമ്മമാരും, മുല കുടിക്കുന്ന കുട്ടികളും, വൃദ്ധരും, രോഗികളും, മന്ദബുദ്ധികളും, വികലാംഗരും അടങ്ങുന്ന വലിയ ജനതയെ അപ്പാടെ ഒറ്റയടിക്ക് നശിപ്പിച്ച, അള്ളാഹുവിന്റെ മഹത്വത്തിലേക്ക് താങ്കൾ ജനങ്ങളെ എല്ലാം ക്ഷണിക്കുകയാണ്. കാരുണ്യവാനായ, നീതിമാനായ ഒരു ദൈവത്തിന് ചേർന്ന പ്രവൃത്തി ആണോ അത്?

ഇസ്ലാമിലെ അള്ളാഹു സർവജ്ഞാനി മാത്രമല്ല, സർവനിശ്ചയവാദി കൂടിയാണ്, എല്ലാ സൃഷ്ടിക്കും മുമ്പ്, ഓരോന്നും അതെങ്ങനെയായിരിക്കണമെന്നും തീരുമാനിച്ചുറപ്പിച്ച്, ലൗഹുൾ മഹ്‌ഫുസ് എന്ന ഗ്രന്ഥത്തിൽ എഴുതി തന്റെ സിംഹാസനത്തിന് താഴെ സൂക്ഷിക്കുന്ന ദൈവം, അതിന് പുറമേ മനുഷ്യശിശു ഗർഭാവസ്ഥയിൽ 120 ദിവസം കഴിയുമ്പോൾ മലക്കുകളെ കൊണ്ട് അവന്റെ തലയിൽ എഴുതുകയും, പിന്നീട് ജീവനൂത്തുകയും ചെയ്യുന്ന ദൈവം. നാല് മാസം കഴിഞ്ഞാണോ ശിശുവിന് ജീവനുണ്ടാക്കുന്നത് എന്നൊന്നും ആരും ചോദിക്കരുത്. നന്മയും തിന്മയുമെല്ലാം അള്ളാഹുവിൽ നിന്നു വരുന്നുവെന്നും, അത് ശരിയായി തന്നെ വിശ്വസിക്കണമെന്നും ഈമാന്റെ ആറാം വിശ്വാസപ്രമാണമായ ഖദർ വിശ്വാസം ചൂണ്ടി കാട്ടുന്നു. അങ്ങനെയിരിക്കെ മനുഷ്യർ തെറ്റുകാരായാൽ തന്നെ, ആരാണുത്തരവാദി? നന്മക്കും തിന്മക്കും ഉത്തരവാദി അള്ളാഹുവാണെങ്കിൽ, മനുഷ്യന്റെ തിന്മക്ക് എണ്ണിയാൽ ഒടുങ്ങാത്ത ശിക്ഷകൾ അവന് വിധിക്കേണ്ട കാര്യമെന്താണ് ? ഇഹലോക ശിക്ഷ, ഖബർ ശിക്ഷ, അന്ത്യന്യായ വിധി ഇത്യ നരകശിക്ഷ, ദൈവത്തിനു എന്തിനാണ് പരിച്ഛേദനം? മൃഗബലി നടത്തി തന്നെ ആരാധിക്കണം എന്ന് പറയുന്നതെന്തിന് ? അള്ളാഹുവിൽ പങ്ക് ചേർക്കൽ എന്ന ശിർക് ആണ് ആള്ളാഹുവിന്‌ ഏറ്റവും നിഷിദ്ധമായത് എന്ന് ഖുർആൻ പറയുന്നു. ഒരാൾ മാത്രമേ എല്ലാത്തിനും ഉള്ളതെങ്കിൽ, തന്നെ പല പേരുകൾ വിളിച്ചാരാധിക്കുന്നതിന് എന്തിന് അള്ളാഹു കോപിക്കണം ?എല്ലാം തന്റെ അക്കൗണ്ടിലേക്കു തന്നെ എടുത്തു കൂടെ? ആദ്യം 50 പ്രാവിശ്യം നിസ്കാരം നടത്തണമെന്നായിരുന്നുവത്രേ അള്ളാഹുവിന്റെ വിധി. മനുഷ്യന് ഒരു ദിവസം 50 പ്രാവിശ്യം നിസ്കാരം! ഈ വിധി 5 പ്രാവശ്യമാക്കി ചുരുക്കാൻ നബിക്ക് ഏറെ പണിപ്പെടേണ്ടി വന്നുവത്രെ. മനുഷ്യൻ ഉണർന്നിരിക്കുന്ന ഏകദേശം 18 മണിക്കൂർ. സമയം നോക്കുക, 1080 മിനിറ്റ് ആണത്. 50 നേരം നിസ്കാരം നടത്തണമെങ്കിൽ, 20 മിനിറ്റ് തോറും നിസ്കാരം വേണ്ടി വരും. നിസ്കാര സമയം വേറെയും കണക്കുകൂട്ടണം. എന്തിനാണ് പരിപൂർണനായ ദൈവം മനുഷ്യന്റെ ആരാധനക്ക് വേണ്ടി പരക്കംപാഞ്ഞു നടക്കുന്നത്? ദൈവത്തെ ആരാധിക്കാനാണ് മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും സൃഷ്ടിച്ചതെന്ന് പറയുന്നു. തന്റെ സ്തുതിപാഠകരായ ആരാധകരെ ഉണ്ടാക്കുന്നത് , ഇത്ര വലിയ മഹത്വമാർന്ന പ്രവൃത്തി ആണോ? ഇനി മറ്റൊരു കാര്യം… ദൈവമഹത്വം പാടുന്ന പക്ഷികളെയും മൃഗങ്ങളെയും, ബലിയിലൂടെ കൊല്ലാൻ അള്ളാഹു എന്തിന് നിർദേശിക്കണം?

ഖുറാനിലെ അള്ളാഹു സങ്കല്പവും ബാലിശമാണ്. തന്നോട് മുഷ്ട്ടിയുദ്ധം ചെയ്യാൻ മനുഷ്യരെ വിളിക്കുന്ന, സാഹിത്യരചന മത്സരത്തിന് അവനെ ക്ഷണിക്കുന്ന ദൈവമാണ് അള്ളാഹു. ഭൂമി പരന്നതാണെന്ന് 15 സ്ഥലങ്ങളിൽ പരാമർശം ഉണ്ട്. സൂര്യൻ പടിഞ്ഞാറ് ജലാശയത്തിൽ അസ്തമിക്കുന്നു എന്നും ഖുർആനിൽ കാണാം, നക്ഷത്രങ്ങളെ ഭൂമിയിലേ ജിന്നുകളെ എറിയാൻ സൃഷ്ടിച്ചതാണത്രേ. രാത്രി സൂര്യൻ അള്ളാഹുവിന്റെ സിംഹാസനത്തിന് സുജൂദ് ചെയ്യാൻ പോകുമെന്നും ഹദീസിൽ കാണാം. ഭാരതത്തിൽ രാത്രിയാവുമ്പോൾ സൂര്യൻ ഏഴാം ആകാശത്തിനപ്പുറം അള്ളാഹുവിന് സുജൂദ് ചെയ്യാൻ പോയാൽ, പാവം അമേരിക്കകാരനെന്തു ചെയ്യും? അവിശ്വാസികൾക്കെതിരെ ജിഹാദ് നടത്തുവാനുള്ള ഇസ്ലാമിന്റെ ആഹ്വാനമാണ്, ഇന്നും ലോകത്ത് ചോരപുഴകൾ ഒഴുക്കുന്നത്. സ്ത്രീകളെ തരംതാഴ്ത്തുന്നതും, അവിശ്വാസികളെ ഖബറിലെ നിത്യനരകത്തിലിട്ട് പൊരിക്കുവാൻ ‘കാരുണ്യവാൻ’ എന്തെല്ലാം ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്, ഹദീസിൽ നോക്കിയാലറിയാം. സർവസൃഷ്ടാവായ അള്ളാഹു ഈമാനുള്ള ഒരു ജനതയെ സൃഷ്ടിച്ചിരുന്നുവെങ്കിൽ, ഈ പൊല്ലാപ്പിന്റെ ഒന്നും ആവശ്യമുണ്ടായിരുന്നില്ലല്ലോ . എല്ലാം നിശ്ചയിച്ചെഴുതി വച്ച ലൗഹുൾ മഹ്ബുൾ എന്ന ഗ്രന്ഥം, അള്ളാഹുവിന്റെ സിംഹാസനത്തിന് താഴെയാണത്രെ സൂക്ഷിച്ചിരിക്കുന്നത്. ലോകാവസാനം ഉണ്ടാവുമ്പോൾ അള്ളാഹുവിന്റെ സിംഹാസനം പോലും ഇളകുമെന്നും, മലക്കുക്കൾ ചേർന്നതിനെ പിടിച്ചു വക്കുമെന്നും ഇസ്ലാം പറയുന്നു. അരൂപിയായ അള്ളാഹുവിന് എന്തിനാണ് സിംഹാസനം? എന്റെ സുഹൃത്തേ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വിമർശിക്കുമ്പോൾ യുക്തി വേണം. നമുക്കത് വേണ്ട എന്ന നിലപാടാണോ താങ്കൾ പുലർത്തുന്നത് ?

ഈ സംവാദത്തിലേക്ക് ഇനിയും താങ്കളെ സ്വാഗതം ചെയ്യുന്നു.

Leave a Reply