धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

സ്വാമി വിവേകാനന്ദനും സോഷ്യലിസവും – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം


Source: – Swami ChidanandapuRi’s Teachings.

വിവേകാനന്ദ സ്വാമികൾ പുതിയ ഒരു ദർശനം അവതരിപ്പിച്ചിട്ടില്ല. അനാദിയായ ആർഷ ദർശനം എന്താണോ, സനാതന ധർമ്മത്തിന്റെ അടിസ്ഥാനം, അതിനെ ദേശ-കാലങ്ങൾക്കു അനുസരിച്ച്, ഇന്നത്തെ സമാജത്തിന് ഉൾക്കൊളളാൻ കഴിയുന്ന ഭാഷയിൽ, വിശേഷിച്ചും യുവത്വത്തെ, യുവസമൂഹത്തെ  ഉദ്ദേശിച്ചുകൊണ്ട് ശക്‌തമായി പുനരാവിഷ്കരിച്ചിട്ടേ ഉള്ളു. അതുകൊണ്ടു തന്നെ സ്വാമിജിയുടെ ഏതൊരു സന്ദേശം ഉണ്ടോ, ഏതൊരു ഉത്ബോധനം ഉണ്ടോ, അതെല്ലാം സനാതന ധർമ്മത്തിന്റെ സന്ദേശമാണ്, ഉത്ബോധനമാണ്. ഓരോ  വാക്കും സനാതന ധർമ്മ ശാസ്ത്രങ്ങൾക്ക് അനുസൃതമായി സ്വാമിജിയിൽ നിന്നും പുറത്തേയ്ക്കു വന്നതാണ്. ഇതാണ് ആരംഭത്തിൽ പറയാൻ ഉള്ളത്.

ഈ അനാദ്യ-അനന്തമായ ആർഷപരമ്പരയുടെ തനതായ സന്ദേശമാണ് സ്വാമിജി നൽകിയത് എന്നുള്ളത് വിസ്മരിച്ച`, പലപ്പോഴും പലരും പല രീതികളിലും പറയുന്നത് കേൾക്കാറുണ്ട്. മറ്റു സന്യാസികളെപോലെ ആയിരുന്നില്ല വിവേകാനന്ദ സ്വാമികൾ. മറ്റു  സന്യാസിമാരെ പോലെ ആയിരുന്നില്ല എന്ന് പറയാൻ, മറ്റു സന്യാസിമാരെ കുറിച്ച് മുഴുവനും അവർ പഠിച്ചിട്ടുണ്ടോ? അല്ലെങ്കിൽ സാധാരണ പരമ്പരാഗതമായി പോരുന്ന രീതി ആയിരുന്നില്ല സ്വാമിജിയുടേത്. ഇങ്ങനെ  ഒക്കെ പറയുന്നത് കേൾക്കുമ്പോൾ തൽക്കാലം അത് നല്ലതാണെന്നു തോന്നും പക്ഷെ ദീർഘദൃഷ്ടിയിൽ ചിന്തിക്കുമ്പോളാണ് അതിലൊക്കെ പതിഞ്ഞിരിയ്ക്കുന്ന അപകടങ്ങൾ മനസിലാക്കുക. അതുകൊണ്ടു നമുക്ക് ആദിയിലും മധ്യത്തിലും അന്ത്യത്തിലും  ഒന്നേ പറയാനുള്ളൂ. അനാദിയായ ആർഷപാരമ്പര്യം എന്തു ഉപദേശിച്ചോ, എന്തു കാണിച്ചു തന്നോ, അതിനെ വർത്തമാനകാല സാഹചര്യങ്ങൾക്കു അനുസൃതമായി ശക്‌തമായി അവതരിപ്പിയ്ക്കുകയാണ്  സ്വാമിജി ചെയ്തത്. ഇതാണ്  നാം ഉറച്ചു പിടിയ്ക്കേണ്ട ആശയം. അതുകൊണ്ടു തന്നെ സനാതന ധർമ്മ സന്ദേശമാണ് സ്വാമിജിയിലൂടെ ആഖ്യാതമായത്.

പലരും സോഷ്യലിസത്തിന്റെ വക്താവായിട്ട് ഒക്കെ സ്വാമിജിയെ ഉയർത്തി കാണിയ്ക്കുന്നുണ്ട്. സോഷ്യലിസം എന്നത് ഒരു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക കാഴ്ചപ്പാടിനു അനുസൃതമായി നമ്മൾ സ്വീകരിയ്ക്കുന്ന ഒരു സംജ്ഞയാണ്‌. നമുക്ക് അറിയാം, വ്യാവസായിക വിപ്ലവത്തിന്  ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഒരു പാട് പുതിയ പുതിയ ഇസങ്ങൾ പൊട്ടി മുളച്ച് പ്രചരിതമായി. എത്രമാത്രം ഇസങ്ങൾ എന്ന് അറിയില്ല. ക്രമേണ എല്ലാത്തിനെയും ഇസങ്ങൾ എന്ന ശബ്‌ദം ചേർത്ത് വിളിക്കുന്ന പരിഷ്‌കാരം പോലും ആരംഭിച്ചു. അങ്ങനെ നമുക്കറിയാം,  പതിനെട്ടാം നൂറ്റാണ്ടു കാലത്തു  ഒരുപാട്‌ ഇസങ്ങൾ, കമ്മ്യൂണിസം ആകട്ടെ, സോഷ്യലിസം ആകട്ടെ, മാർക്സിസം ആകട്ടെ, ഇനി മറ്റൊരുപാട് ഇസങ്ങൾ… ഇതു മാത്രമൊന്നും അല്ല, ഒരുതരം പ്രത്യേകമായ നിരാശാഭാവങ്ങളെയൊക്കെ പുറത്തുകാണിച്ചു കൊണ്ട് അങ്ങിനെ നടന്നിരുന്ന നിഹിലിസത്തിന്റെ  ഒക്കെ വക്താക്കൾ…  ഇങ്ങിനെ പലതരം  ഇസങ്ങൾ വ്യാപിച്ചു.

അതിൽ, നമ്മൾ പൊതുവെ സോഷ്യലിസം എന്ന ശബ്ദം എന്താണെന്നു മനസിലാക്കാതെയാണ് ഉപയോഗിച്ച് വരുന്നത്. പൊതുവെ… എല്ലാവരും എന്ന് പറയുന്നില്ല. സോഷ്യലിസത്തെ കുറിച്ച് ആഴത്തിൽ പഠിച്ചവർ വളരെ ചുരുക്കം പേരെ ഉള്ളു. സത്യസന്ധമായി പറയുകയാണെങ്കിൽ നമ്മൾ ആഴത്തിൽ പഠിച്ചിട്ടില്ല. കുറച്ചൊക്കെ അറിയാം, അത്രേയേയുള്ളു. കൂടുതൽ ഒന്നും അറിയില്ല. പക്ഷെ നമ്മുടെ നാട്ടിൽ പലപ്പോഴും സോഷ്യലിസം, കമ്മ്യൂണിസം… ഇതു തമ്മിലുള്ള വ്യത്യാസം പോലും അറിയാതെയാണ് പദങ്ങളെ വിനിയോഗിച്ചു കാണുന്നത്. അടിസ്ഥാനപരമായി മാർക്സിസമായോ കമ്മ്യൂണിസമായോ സോഷ്യലിസത്തിന് ഒരു ബന്ധവും ഇല്ല. കമ്മ്യൂണിസത്തിന്റെ ദൃഷ്ടിയിൽ നിന്നും നോക്കുമ്പോൾ കമ്മ്യൂണിസത്തിലേക്കു ഒരു ഇടനാഴിയാണ് സോഷ്യലിസം എന്നാണ് പറയുക.

വ്യക്തമായി മനസിലാക്കണം. ഒന്ന് കൂടെ പതുക്കെ ആവർത്തിയ്ക്കുന്നു, കമ്മ്യൂണിസത്തിന്റെ ദൃഷ്ടിയിൽ നിന്നു നോക്കുമ്പോൾ അതിലേക്കുള്ള ഒരു ഇടനാഴിയാണ് സോഷ്യലിസം. അല്ലാതെ സോഷ്യലിസവും കമ്മ്യൂണിസവും ഒന്നല്ല. വളരെ വ്യത്യാസമുണ്ട്. ഇനി അതിന്റെ ആ ഇസം എന്നുള്ളതിന്റെ സാങ്കേതിക അർത്ഥത്തിൽ നമ്മൾ പറഞ്ഞാൽ അത് സമൂഹജീവിതവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടാണ്. സ്വത്തുടമസ്ഥതയുമായും അതിന്റെ വിനിയോഗവുമായും  ബന്ധപ്പെട്ടതാണ്. പൊതുവായി പ്രവർത്തിക്കുന്നതിനു അനുസരിച്ച് തന്റെ പ്രവർത്തിക്കു അനുസരിച്ചു ഉപഭോഗിക്കാൻ ലഭിയ്ക്കുക എന്നുള്ളതാണ് കമ്യൂണിസത്തിൽ. ഉടമസ്ഥത പൊതുവാണ്‌. പക്ഷെ കമ്മ്യൂണിസത്തിലേക്കാകുമ്പോൾ ഉടമസ്ഥത കേന്ദ്രീകൃതമായിരിക്കും. ഒരു വ്യക്തിയ്ക്ക് ഉടമസ്ഥത അധികാരം ഉണ്ടാവില്ല. ഏതൊരു ഭരണാധികാര വ്യവസ്ഥയാണോ അതിന്റെ കിഴിലായിരിക്കും ഉടമസ്ഥത.

സോഷ്യലിസത്തിൽ അതല്ല, ഉടമസ്ഥതയുണ്ട്‌. പക്ഷെ അത് പൊതുവാണ്‌. പൊതുവായി നിലനിർത്തപ്പെടുന്ന ഉടമസ്ഥതയിൽ നിന്ന് അവനവന്റെ വിനിയോഗം. പക്ഷെ വലിയൊരു ആശയം ഇതിൽ രണ്ടിലുമുണ്ട്. ഉച്ഛനീചത്വ ഭേദങ്ങൾ ഇല്ലാതെ പൊതുവായി വിനിയോഗിക്കുക എന്നുള്ളത്. ലോകത്തു ഒരിടത്തും കമ്മ്യൂണിസം പ്രയോഗികമായിട്ടില്ല, ഒരിടത്തും. ഒരു രാജ്യം പോലും കമ്മ്യൂണിസം പ്രായോഗികമായ രാജ്യം ഇല്ല. കമ്മ്യൂണിസ്റ്റ് എന്ന പേരിൽ ഒരുപാട് രാജ്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ കമ്മ്യൂണിസത്തിൽ അടിസ്ഥാനപരമായിട്ട് ആരും ആരെയും നിയന്ത്രിയ്ക്കുന്നില്ല സ്വയം നിയന്ത്രിതരാകുന്ന, മൊത്തം വിഭവങ്ങളെ വിഭജിച്ചു ഉപയോഗിയ്ക്കുന്ന ഒരു ആശയസമിതിയാണ്… അത് ലോകത്തിലൊരിടത്തും പ്രയോഗികമായിട്ടില്ല.

ഏതു രാജ്യത്തായാലും ഒരു അധികാരി വർഗ്ഗവും, ഒരു രാജാവെന്നുള്ളതിനെ.., ഇംപീരിയലിസത്തിൽ ഒക്കെ ഉണ്ടായിരുന്ന രാജ്യാധികാരത്തെ മാറ്റിയിട്ടു പകരം ആ സ്ഥാനത്തു പാർട്ടിയുടെ സർവ്വാധികാരികൾ ഇരുന്നു എന്ന വ്യത്യാസമേയുള്ളു. അല്ലാതെ ആരും ആരാലും ഭരിക്കപ്പെടുന്നില്ല എന്ന സിദ്ധാന്തം, സാമൂഹിക സമത്വത്തിന്റെ സിദ്ധാന്തം പ്രയോഗത്തിൽ വരണമെങ്കിൽ, അതിനു ഉപയുക്തമാകുന്ന ഒരു സാമ്പത്തിക വീക്ഷണം, സാമൂഹിക സമത്വത്തിന്റെ സിദ്ധാന്തം, പ്രയോഗത്തിൽ വരണമെങ്കിൽ, അതിനു ഉപയുക്തമാകുന്ന ഒരു സാമ്പത്തിക വീക്ഷണം സാമൂഹിക വ്യവസ്ഥ, നിയമസംവിധാനം എല്ലാം ഉണ്ടായിരിക്കണം. കേവലം സോഷ്യലിസം മാത്രമായി ഒരു സാമൂഹിക സ്ഥിതിസമത്വം എന്ന് പറയാൻ എളുപ്പമാണ്. ഈ സാമൂഹിക സ്ഥിതിസമത്വം എങ്ങനെ നേടിയെടുക്കും? ഏതുതരത്തിൽപെട്ട സമൂഹവ്യവസ്ഥയാണ്? ക്യാപിറ്റലിസത്തിന്റെയാണോ, അല്ല കേവലം ഭാവനാതലത്തിൽ ഉണ്ടായ കമ്മ്യൂണിസത്തിന്റെയാണോ? അതല്ല. ഒരു മാർക്സിസ്റ്റ് ഇക്കണോമിക് കോൺസെപ്റ്റ്, ഒരു സാമ്പത്തിക ശാസ്ത്രമായ മാർക്സിസവും ബന്ധപെടുത്തികൊണ്ടുള്ള വ്യവസ്ഥയിലാണോ സോഷ്യലിസം നിലനിൽക്കുക? പലരീതിയിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചു ഇന്ത്യ ഒരു സോഷ്യലിസ്റ്റാണെന്നു നമ്മൾ പറയും, ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്. അതെ, ജനാധിപത്യപരമായ സോഷ്യലിസമാണ് നമ്മൾ സ്വീകരിച്ചത്. സോഷ്യലിസം എന്നുള്ള ആശയം, വലിയ അളവോളം, ക്യാപിറ്റലിസവുമായും കമ്മ്യൂണിസവുമായും ചേർന്നു നിൽക്കുന്നതാണ്.

ശ്രദ്ധിക്കുക, പലപ്പോഴും നമ്മൾ തെറ്റിദ്ധരിച്ചിട്ടുണ്ട്, സോഷ്യലിസം എന്ന് പറഞ്ഞാൽ മാർക്സിസമാണ്, കമ്മ്യൂണിസമാണ്, അതിനോടേ ചേരുകയുള്ളൂ എന്നുള്ള ധാരണ പലപ്പോഴും സമൂഹത്തിലുണ്ട്. സോഷ്യലിസം ശബ്ദം തന്നെ കമ്മ്യൂണിസവുമായി, മാർക്സിസവുമായി ഒക്കെ ബന്ധപ്പെടുത്തി പലരും പറയാറുണ്ട്. അത് തെറ്റാണ്. സോഷ്യലിസം എന്നുള്ളത് ക്യാപിറ്റലിസവുമായി, കമ്മ്യൂണിസവുമായി ഒക്കെ ചേർന്ന് നിൽക്കാവുന്ന ഒരു വ്യവസ്ഥയാണ്. പക്ഷെ അതിനു തനതായ നിലനില്പില്ല. ഒരു സമൂഹവ്യവസ്ഥയെന്ന രൂപത്തിൽ പറയുമ്പോൾ അതിനെ നമ്മൾ താങ്ങിനിർത്തുന്ന സാമ്പത്തിക വ്യത്യസ്തത… ചിന്തിയ്ക്കണം. അവിടെയാണ് ഈ സിദ്ധാന്തങ്ങൾ ഒക്കെ പറയേണ്ടത്.

നിയമവ്യവസ്ഥയും, സോഷ്യലിസം എന്ന കോൺസെപ്റ്റും തമ്മിൽ യോജിക്കാതെ വരുമ്പോൾ അത് ഏറെകാലം മുന്നോട്ടു പോകില്ല. ഒരുപാട് പ്രായോഗിക പ്രതിസന്ധികളുണ്ട്. ഏതായാലും ഒരു ആശയം എന്ന രൂപത്തിൽ വളരെ ഉത്‌കൃഷ്ടമായ ഒരു ആശയമാണ് സോഷ്യലിസം. അതിൽ പോരായ്മകളുണ്ട്. രാജഭരണ വ്യവസ്ഥക്കു പോരായ്മകളുണ്ട്, ജനാധിപത്യ വ്യവസ്ഥക്കു പോരായ്മകളുണ്ട്. എന്താ ഡെമോക്രസിക്കു പോരായ്മയില്ലേ? ധാരാളം പോരായ്മകളുണ്ട്. മാർക്സിസ്റ്റ് എക്കണോമിക്സിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥക്കു ഒരുപാട് ഗുണങ്ങളുണ്ട്. പക്ഷെ ഒരുപാട് ദോഷങ്ങൾ ഉണ്ട്. അപ്പോൾ ഏതു സമൂഹ വ്യവസ്ഥയെ നമ്മൾ നോക്കി കഴിഞ്ഞാലും അതിലൊക്കെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ദോഷരഹിതമായി ഗുണം മാത്രമുള്ള ഒരു സാമൂഹിക വ്യവസ്ഥയും ഇന്നുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാവുകയുമില്ല. കാരണം അടിസ്ഥാനപരമായി നമ്മൾ ഒരു സമൂഹമായി ജീവിക്കുമ്പോൾ, നമ്മൾ മനുഷ്യരാണ്, മനുഷ്യർക്ക് ഒരുപാടു സ്വാർത്ഥങ്ങളുണ്ട്. സ്വാർത്ഥമില്ലാതെ ആർക്കും ജീവിക്കാനും പറ്റില്ല. അമ്മയുടെ അമ്മിഞ്ഞയിൽ നിന്നും മുലപ്പാൽ കുടിക്കുന്ന കൊച്ചുകുഞ്ഞ്., തന്നിലേക്കു ആ മുലപ്പാലിനെ വലിച്ചു കുടിക്കണമെങ്കിൽ അവനു സ്വാർത്ഥമുണ്ടായിരിക്കും. ഇല്ലെങ്കിൽ ആ പ്രക്രിയ നടക്കില്ല.

അപ്പോൾ അടിസ്ഥാനപരമായി ജീവസൃഷ്ടിപരമായി തന്നെ, അനുകൂലമായതിലേക്കു പ്രവർത്തിക്കുക, പ്രതികൂലമായതിൽ    നിന്നും നിവർത്തിക്കുക എന്നുള്ള ഭാവം എല്ലാ ജീവന്റെ ഖഡ്ഗങ്ങൾക്കും ഉണ്ട്. ഒരു ഏകകോശത്തെ എടുത്താൽ പോലുമുണ്ട്. ഒരു ഏകകോശത്തെ എടുത്തോളൂ, ഒരൊറ്റ കോശം. ഇപ്പോൾ അമീബ ആയിക്കോട്ടെ, അല്ലെങ്കിൽ അമീബ എന്ന് പറയണ്ട ആവശ്യം ഇല്ല. ഏതെങ്കിലും ഒരു ഏകകോശം. സൂക്ഷ്മമായി അതിനെക്കുറിച്ച് പഠിക്കുമ്പോൾ പോലും നമുക്ക് അറിയാം… നമുക്ക് മനസിലാവും, അനുകൂലമായതിലേക്കു  പ്രവർത്തിക്കുക, പ്രതികൂലമായതിൽ നിന്നും നിവർത്തിക്കുക എന്നുള്ള ആ സ്വഭാവം അതിനുണ്ട്. ഈ സ്വഭാവത്തിന്റെ കുറച്ചൊരു സാമൂഹികമായ പദമാണ് ‘സ്വാർത്ഥത’ എന്നുള്ളത്. ഇല്ലെന്നു പറയാൻ ഒക്കില്ല. എനിക്കു സ്വാർത്ഥത ഉണ്ട്, ഇല്ലെന്നു ഞാൻ പറയില്ല.

ഇപ്പോൾ ഞാൻ വരുന്നതിനു മുൻപേ ഒരു വീട്ടിൽ പോയി ചായ കുടിച്ചിട്ടാണ് വന്നത്. ഞാൻ എന്റെ വായയിലോട്ടു തന്നെയാണ്  കുടിച്ചത്. അകത്തോട്ടു തന്നെയാ കുടിച്ചത്. അല്ലാതെ എനിയ്ക്കു ആ ‘അമ്മ തന്ന ചായ ഇതാ’ എന്ന് പറഞ്ഞുകൊണ്ട് അവർക്കൊന്നും കൊടുത്തട്ടില്ല. എനിയ്ക്കു വിഭജിക്കണം എന്ന് അറിയാം. പക്ഷെ അവിടെ ഞാൻ വിഭജിക്കേണ്ട ആവശ്യമില്ല. കാരണം ആ വീട്ടിൽ അവരും, അവരുടെ ഭർത്താവും, അവരുടെ കുട്ടിയും, വേറെ ഒരു അമ്മയും അവരുടെ  അമ്മയുമുണ്ട്‌. അപ്പോൾ അവർ എനിക്കു ചായ തന്നു, ഞാൻ വാങ്ങി കുടിച്ചു. സ്വാർത്ഥത ഉണ്ട്. ഇല്ലെന്നൊന്നും പറയാൻ പറ്റില്ല. എല്ലാവർക്കും ഉണ്ട്. അപ്പോൾ അടിസ്ഥാനപരമായി സ്വാർത്ഥത എന്നും എല്ലാ ജീവ ഗാഡ്ഗങ്ങളിലും ഉണ്ടായെന്നു ഇരിക്കുക, ‘തനിക്ക്’ എന്നുള്ള ഉപബോധചിന്ത ഉണ്ടായിരിക്കുക. അതിനു ധർമ്മശാസ്ത്രങ്ങൾക്കു അനുസരിച്ചു ക്രമീകരിയ്ക്കാൻ പറ്റും. അതിനു ധർമ്മശാസ്ത്രങ്ങൾക്കു അനുസരിച്ചു പൗരന്മാർക്കു ഉപദ്രവം അല്ലാത്ത രീതിയിൽ ക്രമീകരിയ്ക്കാൻ പറ്റും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ അതിനെ ധർമശാസ്ത്രങ്ങൾക്കു അനുസരിച്ചു, പൗരന്മാർക്കു ഉപകാരമാകും വിധം പോലും ക്രമീകരിയ്ക്കാൻ പറ്റും. പക്ഷെ ഉണ്ടെന്നുള്ളതിൽ സംശയം ഇല്ല.

അപ്പോൾ അങ്ങനെ വരുമ്പോൾ, ഏതു സമൂഹവ്യവസ്ഥയെ നമ്മൾ എടുത്താലും അതിനു ഗുണത്തോടു ഒപ്പം ദോഷവും ഉണ്ടാകും. അതിൽ പരമാവധി  ഗുണത്തെ   നമ്മൾ ഉയർത്തിയെടുക്കുക. ദോഷാധിക്യത്തെ കുറയ്ക്കുക. അത്രയേ സാധിക്കൂ. ആ നിലയ്‌ക്കു വളരെ നല്ല ഒരു സാമൂഹികവ്യവസ്ഥ ആയിട്ടു നമുക്കു സോഷ്യലിസത്തെ കാണാം. എന്നാൽ ഈ സോഷ്യലിസം എന്നുള്ളത് എങ്ങനെ നിലനിൽക്കും? കാരണം സാമൂഹിക സ്ഥിതിസമത്വം എന്ന ഒറ്റ പദത്തിൽ നമ്മൾ തർജ്ജമ ചെയ്‌താൽ എവിടെയാണ് ഈ സമത്വം നിലകൊള്ളുന്നത്. മാർക്സിസ്റ്റ് എക്കണോമിക്സിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കും എന്ന് പറയാൻ പറ്റില്ല. കാരണം അവിടെ അടിസ്ഥാനമായി മനുഷ്യൻ സാമ്പത്തിക ജീവിയാണ്. മാർക്സിസ്ററ് എക്കണോമിക്സിലേക്കു നമ്മൾ പോകുമ്പോൾ… മാർക്സിസം എക്കണോമിക്‌സാണ്, വേറെ ഒന്നുമല്ല. മാർക്സിസം പൊളിറ്റിക്സുമല്ല. സോഷ്യലിസത്തിന്റെയോ കമ്മ്യൂണിസത്തിന്റെയോ കൂടെ മാത്രമേ മാർക്സിസത്തിനു നിൽക്കാൻ   പറ്റൂ. ശ്രദ്ധിയ്ക്കുക, ഗൗരവമായ ഒരു പഠനത്തിന് എത്ര സാധ്യതയുണ്ടെന്നു അറിയില്ല. പക്ഷേ, മാർക്സിസം എന്ന എക്കണോമിക്സ്  വ്യവസ്ഥക്കു തനിയെ നിൽക്കാൻ കഴിയില്ല. ഒന്നില്ലെങ്കിൽ അത് സോഷ്യലിസം എന്ന സാമൂഹിക വ്യവസ്ഥയോടു കൂടെ ചേർന്ന് നിൽക്കണം, അല്ലെങ്കിൽ കമ്മ്യൂണിസം എന്ന സാമൂഹിക വ്യവസ്ഥയോട് ചേർന്നു നിൽക്കണം.

എംഗൽസും മാർക്‌സും കൂടി ചേർന്നിട്ടു കമ്മ്യൂണിസ്ററ് – മാർക്സിസ്ററ് എക്കോണോമിക്‌സ് ഫിലോസഫിയെ മുന്നോട്ടു കൊണ്ടുപോകണം. അവിടെ ഒരു ചേർച്ചയുണ്ടായി, കമ്മ്യൂണിസത്തിന്റേയും മാർക്സിസത്തിന്റേയും ഒരു ചേർച്ചയുണ്ടായി. എത്ര പ്രായോഗികം എന്നത് വേറെ വിഷയമാണ്. അത് വേറെ തലത്തിൽ ചിന്തിയ്ക്കണ്ടതാണ്. അതിനെ ഇങ്ങിനെയല്ലാതെ കമ്മ്യൂണിസവുമായിട്ടു മാത്രം ബന്ധപെടുത്താതെ നിലനിൽക്കാൻ കഴിയുമോ? നമുക്ക് അറിയില്ല. പക്ഷെ സോഷ്യലിസവുമായും ബന്ധപ്പെടുത്തി മാർക്സിസത്തെ വേണമെങ്കിൽ നമുക്ക്  ചിന്തിക്കാം. പക്ഷെ, അടിസ്ഥാനപരമായി മാർക്സിസം ഒരു എക്കണോമിക്‌സാണ്. ഒരു ധനതത്ത്വ വിഭാവനമാണ്. അതിൽ ബേസിക്കലി ഹ്യൂമൻ ബീയിങ് ഈസ് ആൻ ഇക്കണോമിക് ആനിമൽ, അടിസ്ഥാനപരമായി മനുഷ്യൻ ഒരു സാമ്പത്തിക ജീവിയാണ്. അതുകൊണ്ട് സാമ്പത്തിക സമത്വത്തിലൂടെ, സമ്പത്തിനെ പ്രദാനം ചെയുന്ന വിഭവങ്ങളുടെ സമത്വത്തിലൂടെ, സാമൂഹിക സമത്വം നേടിയെടുക്കാം.

ഇതാണ്, ഈ കാഴ്ചപ്പാടിനോട് നമുക്ക് യോജിയ്ക്കാൻ പറ്റില്ല. കാരണം മനുഷ്യന് സാമ്പത്തികം ഒരു ഘടകമാണ്. തീർച്ചയായിട്ടും, സാമ്പത്തികം മനുഷ്യ ജീവിതത്തിലൊരു ഘടകമാണ്. എന്നാൽ അടിസ്ഥാനപരമായി  മനുഷ്യൻ ഒരു സാമ്പത്തിക ജീവിയല്ല. സാമ്പത്തിക സമത്വം കൊണ്ട് സർവസമത്വം നേടിയെടുക്കാൻ കഴിയില്ല. എവിടെയെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടതാണ്. കഴിയില്ല. മനുഷ്യന്റെ വ്യവഹാരസിദ്ധിക്കുള്ള ഉപാധിയാണ്‌ ധനം, അഥവാ പണം. വ്യാവഹാരിക തലത്തിലാണ് ധനം, പണം എന്നുള്ളവ വരുന്നത്. പക്ഷേ വ്യവഹരിക്കണം എങ്കിൽ വ്യവഹരിയ്ക്കുന്ന ഞാൻ ഉണ്ടായിരിക്കണം.

ശ്രദ്ധിയ്ക്കുക, നമ്മൾ ഒന്നിച്ചു പോകണം. ഇത്തരം ഒരു ഗൗരവമുള്ള വിശഷയങ്ങളൊക്കെ ചർച്ച ചെയുമ്പോൾ നമ്മൾ ഒന്നിച്ചു പോകണം. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമ്മൾ ചർച്ച ചെയ്യണം. അപ്പോൾ വ്യവഹാരത്തിന്റെ ഉപാധിയാണ്‌ പണം എന്ന് അംഗീകരിക്കുക. ആർക്കും തർക്കം ഇല്ലല്ലോ. അല്ലാതെ പണത്തിനു എന്താ വില ഉള്ളത്. പണത്തിനു ഒരു വിലയും ഇല്ല. പണത്തിന്റെ വില അത് വ്യവഹാരസിദ്ധിയ്ക്കുള്ള ഉപാധിയാണ്‌. അപ്പോൾ വ്യവഹാരം എന്നുള്ള തലത്തിലാണ് പണം വരുന്നത്. തീർച്ചയായിട്ടും നമുക്ക് വ്യവഹരിയ്ക്കണം, പണം വേണം. അതിൽ അഭിപ്രായവ്യത്യാസം ഒന്നുമില്ല. പക്ഷെ വ്യവഹരിയ്ക്കണമെങ്കിൽ പണം വേണം. പണത്തിന്റെ ഏകത കൊണ്ട് സമ്പത്തിന്റെ ഏകത കൊണ്ട്, അല്ലെങ്കിൽ സാമ്പത്തിന്റെ സമത കൊണ്ട്, സർവസമ്മതം നേടിയെടുക്കാൻ കഴിയില്ലെന്നുള്ളതാണ് പറയുന്നത്. കാരണം ഇത് വ്യവഹാരത്തിനുള്ള ഉപാധിയാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം അവന്റെ വ്യാവഹാരിക സ്വഭാവം അല്ല. മറിച്ച് വ്യവഹരിയ്ക്കുന്നത് ആര്? ഇപ്പോൾ കാണുന്നു എന്ന് ഞാൻ പറയും. അത് ചെറിയ ഒരു  വ്യവഹാരമാണ്. അല്ലെങ്കിൽ കേൾക്കുന്നു എന്ന് ഞാൻ പറയുന്നു. അതും ചെറിയ ഒരു വ്യവഹാരമാണ്. അപ്പോൾ ഞാൻ  കണ്ണിലൂടെ കാണുന്നു, ഞാൻ ചെവിയിലൂടെ കേൾക്കുന്നു എന്നീ പരാമർശങ്ങളിൽ ഉപാധിയിലൂടെ കാണുക, കേൾക്കുക തുടങ്ങിയ വ്യവഹാരങ്ങൾ ചെയുന്ന ഞാൻ, വ്യവഹാരത്തിനു അപ്പുറത്തുണ്ടല്ലോ? ഞാൻ കാണുന്നു എന്നുള്ളപ്പോൾ കാണാത്ത ഞാനും ഉണ്ട്‌. ഇപ്പോൾ ഞാൻ കാണുന്നു, ഞാൻ കേൾക്കുന്നു. ഈ ഉപാധിയുടെ സംയോഗത്തിൽ വ്യവഹരിയ്ക്കുന്നു എങ്കിൽ, വ്യവഹാരത്തിനു അപ്പുറത്തേക്കു ഒരു ഞാൻ ഉണ്ടെന്നു ചിന്തിയ്ക്കപ്പെടണം. ഈ ഞാൻ, എന്റെ സ്വഭാവം എന്താണ്. അവിടെ ഒക്കെ ഭിന്നമാണോ എങ്കിൽ ഒരിയ്ക്കലും സമത്വം ഉണ്ടാകുവാൻ പോകുന്നില്ല. അവിടെ ഏകതയെ നമ്മുക്ക് കണ്ടെത്തുവാൻ  കഴിയുമോ, അത് യുക്തിയുക്തം  ഏത്  സമൂഹ  സാഹചര്യത്തിലും  ഉയർത്തി കാണിയ്ക്കാൻ കഴിയുന്നു, ഏതു വിദ്വൽ സദസ്സിലും വ്യാഖ്യാനിയ്ക്കാൻ  കഴിയുന്ന ഒരു എകത ആയിരിയ്ക്കും.

അതുകൊണ്ടു മാർക്സിസം തെറ്റാണെന്നു ഒരിയ്ക്കലും നമ്മൾ പറയുകയില്ല. അത് അപഗ്രഥനത്തിന്റെ ഒരു തലമാണ്. സമത്വദൃഷ്ടിയിലേക്കു  ഉയരുന്നതിനുള്ള സഞ്ചാരത്തിന്റെ വളരെ ഉയർന്ന ഒരു തലമാണ്. പക്ഷെ ഇനിയും ഒരുപാട് മുന്നോട്ടു പോകണം. കാരണം വ്യവഹാര അപേക്ഷയിൽ മാത്രമേ ധനം ഉള്ളു. വ്യവഹരിയ്ക്കുന്നവന്റെ സ്വരൂപം എന്ത്? അവിടെ ഏകതയുണ്ടോ? ഈ തലത്തിൽ നമ്മൾ വ്യാഖ്യാനിയ്ക്കുമ്പോൾ ഭൗതികവാദികൾ, അതെ മെറ്റീരിയലിസം… ഇസങ്ങളുടെ ഈ വെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞില്ലേ, പതിനെട്ടാം നൂറ്റാണ്ടിൽ, ആ കൂട്ടത്തിൽ അതും വന്നിട്ടുണ്ട്‌ – മെറ്റീരിയലിസം. എല്ലാം ഭൗതികമാണെന്ന്   ബന്ധം. അവർക്കു ഒരിയ്ക്കലും ഏകഥയെ പറയാൻ പറ്റില്ല. കാരണം ഭൗതികമായി നമ്മളിൽ ഭിന്നതയാണുള്ളത്, ഏകതയല്ല. പിന്നെ മാനസിക തലത്തിലോ, ഭൗതിക തലത്തിലോ, പ്രാണതലത്തിലോ നമുക്ക് ഏകത പറയാൻ പറ്റില്ല. മാനസിക തലത്തിൽ വൃത്തിഭേദങ്ങൾ എല്ലാവരിലും എല്ലായ്‌പോഴും കാണാം. ഭൗതികതലത്തിൽ ഇന്റലക്ച്വൽ എവിടെയും തീർത്തും വിഭിന്നമാണ്‌. പ്രാണതലത്തിൽ എനർജി ലെവൽ, അവിടെയും നമുക്ക് ഭിന്നതയാണ്. ഈ പ്രാണാത്മാവാദികളൊക്കെ പണ്ടു പണ്ടേ ഉണ്ട്‌. പണ്ടു തന്നെ പ്രാണാത്മാവാദികൾ സഹസ്രാബ്ദങ്ങൾക്കു മുമ്പേ പ്രപഞ്ചത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രാണാത്മാവാദികളുണ്ട്.

നമ്മുടെ കേരളത്തിൽ തന്നെ പ്രാണാത്മാവാദികൾ   പ്രബലന്മാർ ആയിട്ടുണ്ട്. ഉദാഹരണത്തിന്, ഈ സിദ്ധസമാജം ഒക്കെ ഇല്ലെ. അവർ പ്രാണാത്മാവാദികളാണ്. അവിടെ പ്രാണാത്മാവാദമാണ്. വളരെ ഉയർന്ന ഒരു ചിന്താഗതിയാണ്. വളരെ ഉയർന്ന… താഴ്ന്നു കാണാൻ പാടില്ല. പക്ഷെ അതിനേക്കാളൊക്കെ എത്ര  ഉയർന്നു പോകണം. കാരണം പ്രാണനെന്നുള്ളത് ഒരു ഉപാധിയാണ്‌. അവിടെയും ഭിന്നതയാണ്. ഏകതയാണെന്ന് നമുക്കു സമർത്ഥിക്കാൻ കഴിയില്ല. ഇങ്ങനെ നമ്മൾ പോയിക്കഴിഞ്ഞാൽ എവിടെയാണ് നമുക്കു ഏകത കാണാൻ സാധിക്കുക? നാം ഒന്നെന്നു പറയുമ്പോൾ, ആ നമ്മിലെ ഒന്നെന്ന ഭാവത്തെ എവിടെ നമുക്ക് ദർശിയ്ക്കാൻ കഴിയും? യാതൊരു സംശയവും ഇല്ല. അവിടെയാണ് ഔപനിഷതമായ ദർശനത്തിലേക്കു നമ്മൾ പോകേണ്ടത്. അവിടെയാണ് വേദാന്ത ദർശനത്തിലേക്കു നമ്മൾ പോകേണ്ടത്. നിന്നിലും എന്നിലും ഭേദമില്ല. നീയെന്നും ഞാനെന്നും പറയപ്പെടുന്ന തത്വം ഏകമാണ്, അദ്വതീയമാണ്. ഉപാധികളിൽ ഒക്കെ വ്യത്യാസമുണ്ട്‌. പക്ഷെ ഉപാധികളിലൂടെ പ്രവർത്തിയ്ക്കുന്ന ‘ഞാൻ’ എന്ന ചൈതന്യസ്വരൂപം ഏകമാണ്. ഇതാണ് ശ്രുതി-വേദാന്തം ആവർത്തിച്ച് ആവർത്തിച്ച് പ്രവൃത്തിയ്ക്കുന്നത്. “സമം സർവേഷു ഭൂതേഷു തീസ്തന്തം പരമേശ്വരൻ വിനശ്യത്വ അവിനാസ്യന്തം യഹ് പശ്യതി സ പശ്യതി”. നശിയ്ക്കുന്ന സകല ഭൂതവികാരങ്ങളിലും, നശിയ്ക്കാത്ത പരമാർത്ഥികമായ പരമേശ്വര സ്വരൂപത്തെ ആര് കാണുന്നുവോ അവനാണ് കാണുന്നവൻ, അതാണ് ശരിയായ ദർശനം.

ആത്മയ്‌ഗത്വം ഇവനെന്നു ഓതുന്നതൊക്കെ, ഓതപ്പെടുന്നതൊക്കെ അവനിൽ ഓർത്താൽ ഒരാത്മ രൂപം. എന്റെ ഗുരുദേവൻ ലളിതമായി പാടി തന്നു. ഓർത്താൽ…., ഓർത്തില്ലെങ്കിലോ ഒക്കെ വ്യത്യാസമാണ്. എല്ലാം വേറെ… നീ വേറെ.. ഞാൻ വേറെ… പക്ഷെ ഈ അവൻ-ഇവൻ എന്നൊക്കെ ആരെ കൊണ്ടാ പറയുന്നേ. ഞാൻ എന്നു ഞാൻ പറഞ്ഞു. ഞാൻ സ്വാമി ചിദാനന്ദപുരി, ഗുരുനാഥൻ കല്പിച്ച ഒരു പേര്. അതുപോലെ നമ്മൾ ഓരോരുത്തരും ‘ഞാൻ എന്നയാൾ’ എന്ന് പറയും. അമ്മയോ, അച്ഛനോ അല്ലെങ്കിൽ തമ്മിൽത്തല്ല് കൂടിയിട്ടോ, വേറെ ആരെങ്കിലുമൊക്കെ കല്പിച്ച ഒരു പേര്.

രൂപമോ? നമ്മൾ ഇവിടെ ഇതേ സ്ഥലത്തു കഴിഞ്ഞ വർഷം ഒത്തുകൂടി. അന്ന് ഒത്തുകൂടിയവർ ഇന്ന്  ഇവിടെ ഒത്തുകൂടുമ്പോൾ   ഇരുന്ന  ശരീരങ്ങളുടെ  അഞ്ചു ശതമാനമേ ഇന്ന്  ഇവിടെ ഇരിയ്ക്കുന്നുള്ളു. ബാക്കി തൊണ്ണൂറ്റഞ്ചു   ശതമാനം കോശങ്ങളും മാറി കഴിഞ്ഞു. ഒരു വർഷം കൊണ്ട് മനുഷ്യ ശരീരത്തിൽ തൊണ്ണൂറ്റിയഞ്ചു ശതമാനം കോശങ്ങൾ   ആരോഗ്യം ഉള്ള ഒരാളിൽ മാറി കഴിയും. അത്രയും ഡിജനറേറ്റ് ചെയ്തു. അത്രയും പുതിയതായിട്ടു ഉണ്ടായി. അപ്പോൾ ഈ രൂപം നോക്കിട്ടു ‘ഞാൻ തന്നെയാ’ എന്നു പറയാൻ പറ്റുമോ? പിന്നെ നമ്മൾ ആരെങ്കിലും പറയാറുണ്ടോ, കഴിഞ്ഞ കൊല്ലത്തെ അഞ്ചുശതമാനം ഞാനാ സംസാരിയ്ക്കുന്നത് എന്ന്‌. കഴിഞ്ഞ വർഷത്തെ അഞ്ചുശതമാനം ഞാനാ കേൾക്കുന്നേ എന്ന്. ആരെങ്കിലും പറയാറുണ്ടോ? ഇല്ല. അങ്ങിനെ പറയാറില്ല. പക്ഷെ സ്ഥൂലശരീരം അത്രയേ ഇപ്പോൾ ഉള്ളു .

ചിന്തിയ്ക്കുക, ഇത് തമാശ പറയുന്നതല്ല. അറുപതു   കിലോഗ്രാം തൂക്കമുള്ള ഒരാൾ കഴിഞ്ഞ വർഷം ഇവിടെ ഇരുന്ന അയാളുടെ മൂന്ന് കിലോഗ്രാം അംശമേ ഇപ്പോൾ ഉള്ളൂ. ബാക്കി അൻപത്തിയേഴു കിലോഗ്രാം പുതിയതായി രൂപപ്പെട്ടതാണ്. പിന്നെ ഈ സ്ഥൂല ശരീരമാണോ ഞാൻ? പിന്നെ ആര് ഞാൻ?

എന്റെ… എന്റെ… എന്ന് പറയുന്ന കണ്ണോ, മൂക്കോ, ത്വക്കോ, നാക്കോ അല്ല ഞാൻ. എന്നാൽ കാണപ്പെടുന്ന ദൃശ്യപ്രപഞ്ചം അല്ലല്ലോ ഞാൻ. പിന്നെ ആര് ഞാൻ? “ആത്മാനം  ചെയ്  വിചാരിയാത്  അയം  അസമിതി  പുരുഷഃ“. എത്ര സുന്ദരമായിട്ടു ഉപനിഷദ് പറഞ്ഞു. തന്നെ പൂർണനെന്നു ഒരാൾ മനസിലാക്കി എന്നു വിചാരിയ്ക്കാ, എന്നു വെച്ചാൽ അർഥം, ഈ ഉപാധിയിലൂടെ പ്രവർത്തിയ്ക്കുന്ന സച്ചിദാനന്ദ സ്വരൂപമാണ് ഞാൻ…. ഞാൻ ആനന്ദ സ്വരൂപമാണ്…. ഞാൻ സത്‌സ്വരൂപമാണ്….. അതുപോലെ എല്ലാവരും. ബ്രഹ്മാവ് മുതൽ പുൽക്കൊടി വരെ. പിന്നെ അതിന്റെ അപ്പുറവും – ഇപ്പുറവും പറയേണ്ടല്ലോ. ബ്രഹ്മാവ് മുതൽ പുൽക്കൊടി വരെ സകലതിന്റേയും  സ്വരൂപ മേഘമാണ്, അദ്വതീയമാണെന്നു വേദാന്തം ഘോഷിയ്ക്കുന്നു.

യ ബ്രഹ്മാദി വിപിലികാന്തി തനിഷൂ പ്രോക്താ ജഗത് സാക്ഷിനീ ശൈവാഹം ന ചി ദൃശ്യവസ്തു“. ബ്രഹ്മാവ് മുതൽ ഉറുമ്പു വരെ എന്നാണ് അവിടെ പറഞ്ഞ ബ്രഹ്മാദി വിപിലികാന്തി  തനിഷൂ. ബ്രഹ്മാവ് മുതൽ  ഉറുമ്പു വരെ നമ്മുക്ക്   ഇനിയും താഴോട്ട് പോകാം ഏകകോശ ജീവി വരെ. ജീവന്റെ ഒരു തുടിപ്പ് എവിടെ കാണുന്നുണ്ടോ അതുവരെ. എല്ലാത്തിന്റേയും സ്വരൂപ മേഘമാണ്. ആ സ്വരൂപം തത്‌സ്വരൂപമാണ്, ചിത്‌സ്വരൂപമാണ്, ആനന്ദസ്വരൂപമാണ്.  ഇതാണ് അടിസ്ഥാനപരമായി നമ്മുടെ ഘടന. അപ്പോൾ ആരാണ് ഞാൻ? എനിയ്ക്കു സാമ്പത്തിക മാനങ്ങളുണ്ട്, എനിയ്ക്കു സാമൂഹികമാനങ്ങൾ ഉണ്ട്‌, ഇല്ലന്ന് പറയുന്നില്ല. ചിലർ  മനുഷ്യനെ അടിസ്ഥാനപരമായി ഒരു സോഷ്യൽ ആനിമൽ എന്നു കാണാറുണ്ട്. നേരത്തെ പറഞ്ഞ രീതിയിൽ അല്ലാതെ. പല രീതിയിൽ കാണാം. പക്ഷെ സാമൂഹികമാനമോ സാമ്പത്തികമാനമോ അല്ല എന്റെ അടിസ്ഥാനം. എന്റെ അടിസ്ഥാനം, ഞാൻ ഉണ്ടെന്നുള്ള  ഉന്മയാണ്‌. ഞാൻ അറിയുന്നു എന്നുള്ള ചിത്‌ഭാവമാണ്. ഞാൻ എന്നെ ഏറ്റുവും അധികം സ്നേഹിയ്ക്കുന്നു   എന്നുള്ള  ആനന്ദഭാവമാണ്‌.

നോക്കു ഒരു ധനികനും ദരിദ്രനും വ്യാക്രത്തിൽ വ്യവഹരിയ്ക്കുന്നു. ഭിന്നതയുണ്ട് അവർക്ക്. ഇല്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. അതെ ധനികനും ദരിദ്രനും  വ്യാക്രലോകത്തു അതിക്രമിച്ചു സ്വപ്നലോകത്തിൽ എത്തി. അവരുടെ സ്വപ്നത്തിലും വ്യത്യാസം കണ്ടേക്കാം. കാരണം തന്റെ ധനം കൊണ്ടൊന്നും സംതൃപ്തി കിട്ടുന്നില്ല എന്നുള്ളത് ധനികന്റെ സ്വാനുഭവം ആയതുകൊണ്ട് അയാൾ വിലക്ഷണമായ എന്തോ സ്വപ്നം കണ്ടേക്കാം. കുറേ ധനം കൈവശപ്പെടുത്തിയാൽ സുഖം ഉണ്ടാകും. ‘എനിയ്ക്കു’ എന്ന സങ്കൽപം മറ്റേയാൾക്കു ഉള്ളത് കൊണ്ട്‌ അയാളുടെ സ്വപ്നം തീർത്തും വിഭിന്നം ആയിരിയ്ക്കാം. പക്ഷെ ഈ രണ്ടു പേരും സുഷുപ്തിയിൽ എത്തിയാലുള്ള അവസ്ഥ എന്താണ്? സുഷുപ്തിയിൽ ധനികനുണ്ടോ? സുഷുപ്തിയിൽ ദരിദ്രനുണ്ടോ? അപ്പോൾ ജാഗ്രത്, സുഷുപ്തി, സ്വപ്നം എന്നുള്ള ഈ മുന്ന് അവസ്ഥകളിൽ, അവസ്ഥ ഭേദത്തെ പ്രാപിച്ചപ്പോൾ തന്നെ ധനികനും ദരിദ്രനും എന്നുള്ള ഭേദം ഇല്ലാതായപ്പോൾ, അടിസ്ഥാനപരമായി നമ്മൾ സാമ്പത്തിക ജീവിയല്ല; അവിടെ സാമൂഹികബന്ധം അഴിഞ്ഞു പോയതുകൊണ്ട് അടിസ്ഥാനപരമായി നമ്മൾ ഒരു സാമൂഹിക ജീവിയും അല്ല. അതെ, ഇക്കണോമിക് ആനിമലും അല്ല. സോഷ്യൽ ആനിമലും അല്ല. രണ്ടും അല്ല. ഇത് രണ്ടും ആണ് ജാഗ്രത്തിൽ, ഇതിന്റെ ലാഞ്ചനയുണ്ട് സ്വപ്നത്തിൽ. പക്ഷെ സുഷുപ്തിയിൽ എത്തിയപ്പോൾ ഇതല്ല, പിന്നെ സമാധിയിൽ പറയേണ്ടതും ഇല്ല. അതുകൊണ്ട് മനുഷ്യന്റെ സ്വരൂപത്തിന്റെ ഏകതയെ തിരിച്ചറിഞ്ഞാൽ മാത്രമേ പാരമാർത്ഥികമായ സോഷ്യലിസത്തിലേക്കു നമുക്ക് ഉയരാൻ കഴിയു. ആ പരമാർത്ഥികമായ സോഷ്യലിസം ആത്മതത്ത്വത്തിന്റെ അപേക്ഷയിൽ ഉള്ളതാണ്. അവിടെ വർഗഭേദങ്ങൾ ഇല്ല.

support@sarayutrust.org