ആധാരം: – Pujya Swamiji Chidanandapuri & Hinduism മലയാളം
കർമ്മത്തിനനുസരിച്ചല്ലേ ഒരാളുടെ ഭാവി രൂപപ്പെടുന്നത്?
തീർച്ചയായിട്ടും.
എന്ന് വച്ചാൽ അയാളുടെ അടുത്ത ജന്മം എന്താവണമെന്നും, എങ്ങനെയാവണമെന്നും ഇത് വരെ അയാൾ ചെയ്ത കർമ്മത്തിനു അനുസരിച്ചാണെന്നല്ലേ അർത്ഥം?
മുൻജന്മങ്ങളിലും, ദാ ഈ ജന്മത്തിൽ, ഈ നിമിഷം വരെയും ചെയ്ത കർമ്മങ്ങളുടെ ഫലരൂപമാണ്, ഇപ്പോൾ അനുഭവിക്കുന്നതും, ഇനി മേലിൽ അനുഭവിക്കാനുള്ളതും, സംശയമില്ല.
എന്നാൽ മരിച്ചവർക്ക് ചെയ്യാറുള്ള പിതൃകർമ്മങ്ങൾ കൊണ്ട് അവർക്ക് സദ്ഗതി വരുമെന്ന് പറഞ്ഞു കേൾക്കാറുണ്ട് അതുമാത്രമല്ല ഏതൊരു കർമ്മം ചെയ്താലും കർത്താവിനാണ് അതിന്റെ ഫലം കിട്ടുക എന്നും കേട്ടു, ഇവ മൂന്നും കൂടി എങ്ങനെ മനസ്സിലാക്കണം?
ഇവിടെ വൈരുദ്ധ്യം ഒന്നുമില്ല, ശരിക്ക് ഒന്നു വിചാരം ചെയ്ത് മനസ്സിലാക്കിയാൽ മതി. നല്ല സംശയമാണിത്. ഇവിടെ നോക്കൂ, പിതൃകർമ്മം ചെയ്യുക എന്നുള്ളത് ഓരോ വ്യക്തിയുടെയും കർത്തവ്യമാണ്. അതിന്റെ ഫലം പ്രാഥമികമായി ചെയുന്ന കർത്താവിന് തന്നെയുള്ളതാണ്. ദേവകർമ്മം, പിതൃകർമ്മം ഇതൊക്കെ അതിന്റെ പ്രാഥമിക ഫലം ചെയ്യുന്ന കർത്താവിനു തന്നെയാണ്. ഓരോ തലമുറയും ഈവക കർമ്മങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ സമൂഹ്യവ്യവസ്ഥ നിലനിൽക്കുന്നത്.
നോക്കു, എട്ടോ ഒമ്പതോ വയസുള്ള ഒരു കുട്ടി കാണുന്നു, എന്ത്? തന്റെ അച്ഛൻ അല്ലെങ്കിൽ തന്റെയമ്മ എന്നോ മരിച്ചു പോയ അവരുടെ അച്ഛനെ സംബന്ധിച്ച് അല്ലെങ്കിൽ മുത്തശ്ശനെ സംബന്ധിച്ചു സങ്കല്പപൂർവം ഒരു ദിവസം പൂർണമായി ഉപവാസം അനുഷ്ഠിച്ചു, പിറ്റേ ദിവസം കുളിച്ച് ശുദ്ധമായി സ്വയം അർഥപക്വാനം പാകം ചെയ്ത് പിതൃക്കൾക്ക്, പിതൃക്കളെ സങ്കല്പിച്ചു ദാനം ചെയ്യുന്നത് കാണുന്നു. ഈ കുട്ടിക്കുള്ളിൽ ഒരു ബോധം ഉണ്ടാവില്ല്യേ? ഓ എന്റെ അച്ഛൻ അല്ലെങ്കിൽ എന്റെ അമ്മ, മുത്തശ്ശനേയും മുത്തശ്ശിയേയും എത്രമാത്രം സ്നേഹിക്കുന്നു. അവർക്ക് വേണ്ടി എന്തൊരു ത്യാഗം അനുഭവിക്കുന്നു. ഈ ചിന്തയല്ലേ ഈ കുട്ടിയെ തന്റെ അച്ഛനിലേക്ക്, അമ്മയിലേക്ക് പ്രേമപൂർവ്വം അടുപ്പിക്കുന്നത്? അപ്പോൾ ഓരോ തലമുറയും ഇത് ആചരിച്ചിരിക്കണം, നിർബന്ധമായിട്ടും. അതുകൊണ്ട് ദൈവകർമ്മമായാലും പിതൃകർമ്മമായാലും ചെയ്യുന്ന കർത്താവിനാണ് അതിന്റെ ഫലം എന്ന് മനസ്സിലാകുക.
രണ്ട്, നമ്മുടെ സമൂഹത്തിന്റെ ഘടന നിലനിൽക്കുന്നതിന് വേണ്ടിയാണ് ഋഷീശ്വരന്മാർ ഈ വകയൊക്കെ പറഞ്ഞ് തന്നിട്ടുള്ളത്. ഞാൻ ആകാശത്തു നിന്ന് പൊട്ടി വീണവനാണ്, എനിക്ക് യാതൊരു പ്രതിബദ്ധതയും ഈ സമൂഹത്തോടില്ല, ഒരു കർത്തവ്യവും ആരോടുമില്ല എന്ന ബോധത്തോടു കൂടിയാണ് നമ്മൾ ജീവിക്കുന്നതെങ്കിൽ പിന്നെ എങ്ങനെയാണ് സമാജം നിലനിൽക്കുക? അവിടെ എനിക്കൊരമ്മയുണ്ട്, എനിക്കൊരച്ഛനുണ്ട്, അവരോടെനിക്ക് കർത്തവ്യമുണ്ട്, എന്ന ബോധം ഓരോ വ്യക്തിയിലും അങ്ങേയറ്റം രൂഢമായി നിലനിന്നാൽ മാത്രമേ സമാജം നിലനിൽക്കു. ഇത്തരം പിതൃകർമ്മങ്ങളൊക്കെ അങ്ങനെയുള്ള ബോധം വ്യാപിപ്പിക്കാൻ, ദൃഢീകരിക്കാൻ അത്യാവശ്യമാണ്.
അപ്പോൾ ഒരാൾക്കൊരു സംശയം വരാം – ഇപ്പോൾ ഇവിടെ പറഞ്ഞതിനനുസരിച്ച് ആ പിതൃജീവനെ സംബന്ധിച്ചു ഒന്നും സ്വാമി പരാമർശിച്ചില്ലല്ലോ. അപ്പോൾ ഒരാൾ ചെയ്യുന്ന കർമ്മം കൊണ്ട് ആ പിതൃജീവന് ഒരു സ്വാധീനവും ഇല്ലെന്നാണോ പറയുന്നത്? അങ്ങനെ പറഞ്ഞിട്ടില്ല. സ്വാധീനം ചെയ്യാം, എങ്ങനെയെന്നാൽ സ്നേഹം, ആദരവ് തുടങ്ങിയ ഭാവങ്ങളെ കൊണ്ട് തീർത്തും താദാത്മ്യം പ്രാപിച്ച രണ്ട് വ്യക്തികൾ… സ്നേഹം കൊണ്ടോ, ആദരവ് കൊണ്ടോ തീർത്തും താദാത്മ്യം ഉള്ള രണ്ട് വ്യക്തികളെ എടുക്കുക. ഒരാളുടെ ചിന്തകൾ, സങ്കൽപ്പങ്ങൾ നിശ്ചയമായും മറ്റെയാളെ സ്വാധീനിക്കും. സംശയമില്ല. ഇത് പോലെ എന്റെയച്ഛൻ, എന്റെയമ്മ എന്ന സങ്കൽപ്പത്തിൽ ദൃഢമായി ഞാൻ ചെയ്യുന്ന പിണ്ഡങ്ങൾ, നിശ്ചയമായും അവരെ സ്വാധീനിക്കും. അതിനും സംശയമില്ല.
അപ്പോൾ ചോദ്യം വീണ്ടും വരുന്നു. അപ്പോൾ അതിന്റെ പൂർവകർമ്മത്തിനു അനുസരിച്ചല്ലേ ആ പിതൃജീവന്റെ പുനർജ്ജന്മം ലഭിക്കുന്നത്? എന്റെ കർമ്മത്തിനു അനുസരിച്ചല്ലല്ലോ? എന്റെ കർമ്മം അനുസരിച്ച് അതിന് പുനർജ്ജന്മം കിട്ടും എന്നാരും പറഞ്ഞിട്ടില്ല. അച്ഛന്റെ, അമ്മയുടെ ഗതിയിൽ ഒരു ദുർഗതി ഉണ്ടാവരുതേ. അവരിൽ കർമ്മദോഷം കൊണ്ടുണ്ടായ ദുസ്വാധീനങ്ങൾ എന്റെ സങ്കൽപ്പത്തെ കൊണ്ട് ഇല്ലാതാവേണമെ. എത്ര നല്ലൊരു സങ്കൽപ്പമാണത്! എത്ര നല്ലൊരു പ്രാർത്ഥനയാണത്! അല്ലാതെ ഞാൻ എന്തെങ്കിലും കർമ്മം ചെയ്താൽ അവർക്ക് ഉയർന്ന ജന്മം കൊടുക്കാൻ കഴിയും എന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. അങ്ങനൊരു ശാസ്ത്രത്തിലും ഇല്ല. അവർക്ക് ദുർഗതി ഉണ്ടാവരുതേ.., ഇതാണ് സങ്കൽപം, അവർക്ക് സദ്ഗതി ഉണ്ടാവണേ. ആ ഒരു സങ്കൽപം ആ ഒരു പ്രാർത്ഥന നമ്മുടെ ഭാഗത്ത് നിന്ന് പോവുക. ഇതോരോ തലമുറയും അവർത്തിക്കുക.
അഹങ്കാരത്തെ പൂർണ്ണമായും അതിജീവിക്കേണ്ടതാണോ, എങ്കിൽ എങ്ങനെ?
അന്തഃകരണങ്ങൾ 4 – മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം. അതിൽ അഹങ്കാരത്തെ പറ്റി ധാരണയില്ല. നമ്മൾ സാധാരണ പറയാറുണ്ട്, അയാൾ കുറച്ച് അഹങ്കാരിയാണെന്നൊക്കെ. ഇത് രണ്ടും ഒന്ന് തന്നെയാണോ? ഈ അഹങ്കാരത്തെ പൂർണ്ണമായും അതിജീവിക്കേണ്ടതാണോ? എങ്കിൽ എങ്ങനെ?
നോക്കു. അന്ധകരണം നാലെന്നും പറയാം, രണ്ടെന്നും പറയാം. മനസ്സ്, ബുദ്ധി എന്ന് പറയാം. മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നും പറയാം. അതെങ്ങിനെയാണ് രണ്ട് തരത്തിൽ പറയുക? എപ്പോഴാണോ മനസ്സ് – ബുദ്ധി എന്ന് പറയുന്നത്, അപ്പോൾ അവയിൽ ബുദ്ധിയും മനസ്സും, ചിത്തത്തേയും അഹങ്കാരത്തെയും കൂടി ഉൾക്കൊള്ളുന്നതാണ്. ചിത്തം മനസ്സിലും, അഹങ്കാരം ബുദ്ധിയിലും. ഇനി വിസ്തരിച്ചു പറയുകയാണെങ്കിൽ മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്ന് നാലായി പറയാം.
സങ്കല്പങ്ങളെ ചെയ്യുന്നത്, വികല്പങ്ങളെ ചെയ്യുന്നത്, അങ്ങനെയാണോ ഇങ്ങനെയാണോ, അതാണോ ഇതാണോ, വേണോ വേണ്ടയോ, പോണോ പോകേണ്ടയോ., ഇങ്ങിനെയുള്ള സങ്കല്പവികല്പങ്ങളെ ചെയ്യുന്നത് മനസ്സ്. മനസ്സാണ് നേരിട്ട് 10 ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുന്നത്.
ഇന്നതാണ്, ഇന്നതല്ല, പോകണം, പോകണ്ട എന്ന് നിശ്ചയിക്കുന്നത് ബുദ്ധിയാണ്. ബുദ്ധി മനസ്സുമായി ബന്ധപ്പെടുന്നു. മനസിലുള്ള സങ്കല്പവികല്പങ്ങളിൽ ഒന്നിനെയാണ് ബുദ്ധി നിശ്ചയിക്കുന്നത്.
ബുദ്ധി നിശ്ചയിച്ചാലും, മനസ്സ് സങ്കല്പവികല്പങ്ങളെ ചെയ്താലും, ആ സമയത്ത് അതിനെ ശേഖരിച്ചു വയ്ക്കുന്ന ഒരു വൃത്തിയുണ്ട്, അതാണ് ചിത്തം. എത്ര പെട്ടെന്നാണ് ചിത്തം ശേഖരിച്ചു വക്കുന്നത്. പെട്ടെന്ന് കഴിയും. ‘സംസ്‌കാര’ രൂപത്തിലാണ് ശേഖരിച്ചു വക്കുന്നത്.
ഈ മൂന്നു പ്രവർത്തനങ്ങളും നടക്കണമെങ്കിൽ, ഇതിന് മൂന്നിനും സൂക്ഷ്മമായി ‘ഞാൻ’ എന്നുള്ള ഒരു ആദ്യവസാനം ഒരു ദൃഢത… ഒരു ദാർഢ്യമുണ്ടായിരിക്കണം. ഈ ‘ഞാൻ’ എന്നുള്ള ദാർഢ്യത്തെ ചെയ്യുന്ന വൃത്തിയാണ് അഹങ്കാരം. ഇവ ചേർന്ന് പ്രവർത്തിക്കുന്നു.
അവിടെയാണ് ചോദ്യം. പലരും അവൻ മഹാ അഹങ്കാരിയാണെന്നൊക്കെ പറയാറുണ്ടല്ലോ. അതോ, അത് ദുരഹങ്കാരി എന്നുള്ള അർത്ഥത്തിലാ. സമൂഹത്തിൽ അവൻ മഹാ അഹങ്കാരിയാണെന്ന് പറയുന്നത് ദുരഹങ്കാരി എന്നുള്ള അർത്ഥത്തിലാ. അത് സ്ഥൂലശരീരത്തിന്റെ സവിശേഷതകളുമായോ, അതുമായി ബന്ധപ്പെടുന്നവയുടെ സവിശേഷതകളുമായോ ബന്ധപ്പെടുത്തി, തന്നെ മികച്ചും, മറ്റുള്ളവരെ താഴ്ത്തിയും ഒക്കെ കാണുന്ന ചില സ്വഭാവവിശേഷങ്ങൾ ദുരഹങ്കാരം, അതാണ്. അത് നമ്മൾ അതിക്രമിച്ചേ മതിയാവു. ദുരഹങ്കാരത്തെ അതിക്രമിച്ചേ മതിയാവു.
അതേ സമയത്ത് അഹങ്കാരത്തെ അതിക്രമിക്കാൻ പറ്റില്ല. അഹങ്കാരം ഉണ്ടാവും, അഹങ്കാരം എല്ലാവർക്കും ഉണ്ട്. അഹങ്കാരം ഇല്ലാ എന്ന് പറയരുത് ആരെകൊണ്ടും. എല്ലാവർക്കും മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം., നാലുണ്ടാവും, ഉണ്ടാവണം. അത് ഒരിക്കലും ദുരഹങ്കാരമാവരുത്. അത് ശ്രദ്ധിക്കുക. ദുരഹങ്കാരം എന്നുള്ളത് സ്ഥൂലശരീരവുമായോ അതുമായി ബന്ധപ്പെടുന്ന വിഷയങ്ങളുമായോ താദാത്മ്യപ്പെട്ടു, അത് തന്നെ താൻ എന്നുള്ളത് ചിന്തിക്കുക മാത്രമല്ല അതിന്റെ പരിണാമമെന്നോണം തന്റെ കേമത്തം, താനേ കേമനുള്ളൂ, മറ്റുള്ളതൊക്കെ തനിക്ക് താഴെയാണെന്നുള്ള ഒരു വൃത്തി വിശേഷം, അതിനനുസരിച്ചുള്ള പെരുമാറ്റങ്ങൾ. അപ്പോൾ എന്തുണ്ടാവും? പൂജ്യരേ പൂജിക്കില്യ, അതാണ് ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കില്ല. ഞാനാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ടത് എന്ന് തോന്നും. ഇങ്ങനെയൊക്കെയുള്ള പല പ്രക്രിയകളും വരും. അത് നമുക്കൊക്കെ അറിയാം എങ്ങനെയാന്നൊക്കെ.
ഇപ്പോള്‍ സർവ്വസാധാരണമായി ദേവീദേവന്മാരുടെ ഫോട്ടോകൾ കാണുന്നു, ക്ഷണപത്രത്തിൽ,
ക്ഷണപത്രത്തിൽ എന്നുവച്ചാൽ കല്യാണത്തിനൊക്കെയുള്ള ക്ഷണപത്രത്തിൽ ആവും ഉദ്ദേശിച്ചിട്ടുണ്ടാവാ. കല്യാണം പിന്നെ എന്തിനാ. പിന്നെ വീട്ടുകൂടൽ, ഗൃഹപ്രവേശം, ഇതിനൊക്കെ ദേവീദേവന്മാരുടെ ഫോട്ടോകൾ കാണുന്നു. ഫോട്ടോ അല്ല ചിത്രം. ഫോട്ടോ ഇല്ല, ഒരു ദേവീദേവന്റേം ഫോട്ടോ ആരും എടുത്തിട്ടില്ല. ചിത്രം, ചിത്രങ്ങൾ കാണും.
ഇവ പിന്നീട് ചവറ്റുകുട്ടയിൽ ഇടാറാണ് കാണുന്നത്. ഇത് നല്ല പ്രവണതയാണോ?
ഒട്ടും അല്ല, ഒട്ടും നല്ല പ്രവണതയല്ല. ചവറ്റുകുട്ടയിൽ ഇടുന്നു, വായിച്ചു റോഡിൽ വലിച്ചെറിയുന്നു, മറ്റവൻ വന്ന് ചവിട്ടുന്നു, കാർക്കിച്ചു തുപ്പുന്നു. നല്ല പ്രവണതയല്ല ഒരിക്കലുമല്ല. അപ്പോ പിന്നെ എന്താ സ്വാമി ചെയ്യാ? ഒന്നുല്ലെങ്കിൽ ദേവീദേവന്മാരുടെ ഒക്കെ ഭദ്രമായി വയ്ക്കുന്ന ഒരു സമ്പ്രദായം വേണം. അല്ലെങ്കിൽ കല്യാണക്കത്തിലും, വീട്ടുകൂടലിന്റെ കത്തിലൊന്നും ഒക്കെ ഈ ദേവീദേവന്മാരെയൊക്കെ ഒന്ന് ഒഴിവാക്കുക. ഒന്ന് മോചിപ്പിക്കുക. മറ്റേത് വൃത്തികേടാണ്… അതവിടെ കൊണ്ടിടും, ചവിട്ടും.
ഇത് പോലെ തന്നെയാണ് പല പരിപാടികളുടെ നോട്ടീസുകളിലും നമ്മൾ മഹാത്മാക്കളുടെ ചിത്രങ്ങൾ അച്ചടിക്കും. പല പരിപാടികളുടെ നോട്ടീസ് അച്ചടിക്കുമ്പോൾ അതിൽ മഹാത്മാക്കളുടെ ഫോട്ടോ വയ്ക്കും, അങ്ങനെ വലിച്ചെറിയും, മറ്റവൻ കൊണ്ടോയി ചവിട്ടും, മറ്റവൻ കൊണ്ടോയി തുപ്പും, വേറൊരുത്തൻ കൊണ്ടോയി ചവറ്റുകുട്ടയിൽ ഇടും. എന്താ ഇപ്പോൾ ഇതോണ്ട് കുഴപ്പം? കുഴപ്പൊന്നൂല്യ. എന്നാലും ഒരു സങ്കല്പം അതിലുണ്ട്. ഒരു സങ്കൽപ്പത്തിന്റെ ധ്വംസനം അവിടെ നടക്കുന്നുണ്ട്. ഉചിതം പോലെ ചെയ്തോളു, ഇതിനിപ്പോ ഇത്രയൊക്കെ വിലയുള്ളൂ എന്ന് പറഞ്ഞാൽ വിരോധല്യ, അവിടെ വച്ചോളൂ, എന്നാലും ഒരു സുഖണ്ടോ എന്നുള്ളത് ചിന്തിക്കേണ്ടതാണ്.
നമ്മുടെ അഭിപ്രായത്തിൽ ഒരു സുഖക്കുറവ് ഉണ്ട്. അതുകൊണ്ട് ദേവീദേവന്മാരുടെ ചിത്രങ്ങൾ ഒക്കെ കിട്ടി കഴിഞ്ഞാൽ അങ്ങനെ അങ്ങട് വലിച്ചെറിയാ. ഒരു സുഖം പോരാ. പിന്നെ എടുത്ത് വച്ചാ സ്വാമി വീട്ടിലെന്താവും സ്ഥിതി. നിരവധി കല്യാണക്കത്തൊക്കെ കിട്ടി, ഇങ്ങനെ എടുത്ത് വയ്ക്കാൻ തുടങ്ങി കഴിഞ്ഞാൽ ഇതിനല്ലേ ഇടമുണ്ടാവുള്ളൂ. അതിനൊരിടം വയ്‌ക്കാന്നെ. വയ്യാന്നാണെങ്കിൽ ഇത് മെല്ലെ ഉപേക്ഷിക്കുക, ഈ പരിപാടി.
ഇത്, ഇതു പോലെത്തന്നെയാണ് അക്ഷരം അച്ചടിച്ചിട്ടുള്ളത് ചവിട്ടാൻ ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ. മറ്റേത് നമ്മള് അച്ചടിച്ച ഒരു കടലാസ് ചവിട്ടിപ്പോയാൽ തൊട്ട് തലയിൽ വയ്ക്കുമായിരുന്നു കാരണം സരസ്വതിയാണത്. ഇന്നിപ്പോൾ ചവിട്ടാനിടുന്നുണ്ട് കടലാസ്സ്. ഇല്ല്യാ? ഉണ്ട്, വീട്ടിൽ സിമന്റ് തേച്ചു അല്ലെങ്കിൽ സിമന്റ് ഒക്കെ ഇപ്പോ ഇല്ല്യാണ്ടായി. എന്തെങ്കിലും സാധനം നിലത്ത് ഉപയോഗിച്ചു എന്നിട്ട് ചവിട്ടാതിരിക്കാൻ വേണ്ടിയിട്ട്. എടെ നീ നിലം നന്നാക്കിയത് ചവിട്ടാനല്ലേ. അതെ, കേടു വരണ്ടാ സ്വാമി, ന്നിട്ടൊരു കടലാസ്സാ ഇട്ടത്.
വാഹനങ്ങൾ ഒക്കെ സർവീസിന് കൊണ്ടോയി കഴിഞ്ഞാൽ തിരിച്ചു വരുമ്പോൾ കാണാം അവിടെ ഒരു എഴുതീട്ടുള്ളൊരു. ഇന്നാള് ഒരു സ്ഥലത്ത് നമ്മൾ പോയപ്പോൾ ഒരു കുട്ടി ചെരുപ്പഴിച്ചു വച്ചിട്ട്, ആ ചെരുപ്പിൽ A മുതൽ അങ്ങട് അക്ഷരങ്ങൾ ഒക്കെയുണ്ട്, A B C D E F G H ഒക്കണ്ട്, ഒരു ചെരുപ്പില്. നമ്മളീ ചെരുപ്പൊന്ന് മാറ്റി വച്ചു, എന്തിനാ മാറ്റി വച്ചത്. കുട്ടി ആരാന്ന് കാണാൻ വേണ്ടിയിട്ട്. പരിപാടി കഴിഞ്ഞു. അപ്പോൾ കുട്ടിയവിടെ ഈ ചെരുപ്പ് നോക്കുന്നുണ്ട്. സ്വാമി എന്റെ ചെരുപ്പെവിടെ, അത് ഞാൻ മാറ്റി വച്ചതാ. ഇതിങ്ങനെ എഴുത്ത് ചവിട്ടി ശീലിക്കരുത് മോളേ. എഴുത്ത് ചവിട്ടി ശീലിച്ചു കഴിഞ്ഞാൽ നമ്മുക്ക് സരസ്വതിയെ ചവിട്ടുന്നു എന്നുള്ളതിന് ഒരു മടിയും ഉണ്ടാവില്ല. ചിന്തിക്കുക വേണ്ടത് സ്വീകരിക്കുക, വേണ്ടാത്തത് തള്ളി കളയുക.