धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

ആത്മാ പരാനന്ദസ്വരൂപഃ (പഞ്ചദശീ വ്യാഖ്യാനം – 8) — സ്വാമിനി ശിവാനന്ദ പുരി


ആധാരം: – പൂജ്യ ചിദാനന്ദപുരി സ്വാമിജി അധിപനായ കൊളത്തൂർ ആശ്രമത്തിന്റെ മാസിക സത്സംഗം-ത്തിൽ നിന്നെടുത്ത ലേഖനമാണിത്. 2016 ജനുവരി ലക്കം. 

പഞ്ചദശിയിൽ നാം ഇതുവരെ ഏഴു ശ്ലോകങ്ങളാണ് പഠിച്ചത്. ഈ ഭാഗത്ത് അവസ്ഥാത്രയ വിവേകം ചെയ്തുകൊണ്ട് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മാറിമാറി വരുന്ന അവസ്ഥകളിൽ മാറാതെ നിലകൊള്ളുന്ന സംവിത്തിനെ അഥവാ, ബോധത്തെക്കുറിച്ച് വെളിപ്പെടുത്തി, ബാഹ്യലോകത്തിലെ വിഷയങ്ങൾക്കും ആ വിഷയങ്ങളെക്കുറിച്ച് നമ്മിലുണ്ടാകുന്ന മനോവൃത്തികൾക്കും നിരന്തരം മാറ്റം സംഭവിക്കുന്നു. എന്നാൽ, ഇവയെല്ലാം അറിഞ്ഞുകൊണ്ട് നിലകൊള്ളുന്ന അറിവിൽ മാറ്റം ഉണ്ടാകുന്നില്ല. ജാഗ്രദവസ്ഥയിൽ എപ്രകാരമാണോ അപ്രകാരം തന്നെയാകുന്നു സ്വപ്നാവസ്ഥയിലും. സ്വപ്നാനുഭവങ്ങൾ വിഭിന്നങ്ങളാണെങ്കിലും അവയെ അറിയുന്ന അറിവ് ഏകരൂപമാണ്. മാത്രവുമല്ല, ജാഗ്രദ്‌വിഷയങ്ങൾ അറിഞ്ഞ അറിവ് തന്നെയാണ് സ്വപ്നവിഷയങ്ങളേയും അറിയുന്നത്. സുഷുപ്തിയിൽ വിഷയങ്ങളുടെ അഭാവമാണുള്ളത്. ഈ വിഷയാഭാവവും അറിയപ്പെടുന്നത് തന്നെ. ജാഗ്രത്സ്വപ്നങ്ങളിൽ ഏതറിവാണോ വ്യത്യസ്തവിഷയങ്ങളെ അറിഞ്ഞത് അതേ അറിവു തന്നെയാണ് സുഷുപ്തിയിൽ വിഷയാഭാവത്തെയും അറിയുന്നത്. ഇപ്രകാരം ജാഗ്രത്സ്വപ്നസുഷുപ്തികളിൽ മാറാതെ നിലകൊള്ളുന്ന ഒരു അറിവിനെ കുറിച്ചുള്ള നിരൂപണമാണ് ആദ്യം ചെയ്തത്. ആ അറിവ് മറ്റൊന്നിനെയ്ഉം അപേക്ഷിച്ചു പ്രകാശിക്കുന്നതല്ലെന്നതിനാൽ സ്വയം‌പ്രഭയാകുന്നു. കാലത്രയത്തിലും മാറാത്തതാണെന്നതിനാൽ ഇതു സത്തുമാകുന്നു. ഇത്രയും വിഷയങ്ങളാണ് ഇതുവരെയുള്ള ഭാഹത്തു നാം കണ്ടത്.

തുടർന്നു അടുത്ത ശ്ലോകത്തിലേക്കു കടക്കാം.

ശ്ലോകം 8

ഇയമാത്മാ പരാനന്ദഃ

പരപ്രേമാസ്പദം യതഃ,

മാ ന ഭൂവം ഹി ഭൂയാസം

ഇതി പ്രേമാത്മനീക്ഷ്യതേ.

പദച്ഛേദം:

ഇയം, ആത്മാ, പരാനന്ദഃ, പരപ്രേമാസ്പദം, യതഃ, മാ , ന, ഭൂവം. ഹി, ഭൂയാസം, ഇതി, പ്രേമ, ആത്മനി, ഈക്ഷ്യതേ.

അന്വയാർത്ഥങ്ങൾ: 

ഇയം = ഈ, ആത്മാ = ആത്മാവ്, പരാനന്ദഃ = പരമമായ ആനന്ദമാകുന്നു, യതഃ = എന്തുകൊണ്ടെന്നാൽ, പരപ്രേമാസ്പദം = പരമപ്രേമത്തിന്റെ ആസ്പദം (ആകുന്നു), മാ ന ഭൂവം = (ഞാൻ) ഇല്ലാതാവരുതേം ഹി ഭൂയാസം = നിശ്ചയമായും (എന്നും) ഉണ്ടാകുമാറാകണേ, ഇതി = ഇപ്രകാരം, പ്രേമ = പ്രേമം, ആത്മനി = തന്നിൽ, ഈക്ഷ്യതേ = കാണപ്പെടുന്നു.

വാക്യാർഥം:

ഈ അത്മാവ് പരമാനന്ദമാകുന്നു. എന്തുകൊണ്ടെന്നാൽ, (ഇത്) പരമപ്രേമത്തിനു ആസ്പദമാണ്, ഞാൻ ഒരിക്കലും ഇല്ലാതാവരുതേ, എല്ലായ്പ്പോഴും ഉണ്ടാകുമാറാകണേ, എന്നിപ്രകാരമുള്ള പ്രേമം (എല്ലാവർക്കും) തന്നിൽ കാണപ്പെടുന്നു.

വാക്യാർത്ഥവിചാരം:-

ചിത്തും സത്തും (അറിവും ആസ്തിത്വവും) ആയ ഒരു തത്ത്വം ഉണ്ടെന്നാണ് ഇത്രയും ഭാഗത്തു പറഞ്ഞത്. ഇവിടെ ഈ സച്ചിത്സ്വരൂപമായ തത്ത്വമാകുന്നു വാസ്തവത്തിൽ ആത്മാ (ഞാൻ) എന്നാണ് ആദ്യം പറയുന്നത് – ഇയം ആത്മാ. ഞാൻ എന്നും പറയുമ്പോൾ സാധാരണ നാം ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി തുടങ്ങിയവയോടു ചേർന്ന നിലയ്ക്കാണ് മനസ്സിലാക്കുന്നത്. എന്നാൽ നമുക്കറീയാം, ഇവയെല്ലാം മാറ്റത്തിനു വിധേയമാകുന്നവയാണ്, ഉണ്ടായി നശിക്കുന്നവയാണ്, വന്നു പോകുന്നവയാണ്. മാത്രവുമല്ല, ഈ ഉപാധികളെല്ലാം ‘എന്റേത്’ എന്നറിയപ്പെടുന്നവയുമാണ്. എന്നാൽ അറിയപ്പെടുന്നവയല്ലല്ലോ ‘ഞാൻ’. എന്റേതിനെയെല്ലാം അറിയുന്നവനാണല്ലോ ഞാൻ. ഈ ഉപാധികളുടെയെല്ലാം വരവിനേയും പോക്കിനേയും അറിഞ്ഞുകൊണ്ട് നിലകൊള്ളുന്നത്, മാറാതെ നിലകൊള്ളുന്നത് എന്താണോ, അതാകുന്നു സ്വരൂപം. അതിനാൽ ഞാൻ എന്നതിന്റെ യഥാർഥമായ അർഥം ഈ സച്ചിദാത്മാവാകുന്നു.

ചിലർക്കിവിടെ സംശയം ഉണ്ടാകാം. ഞാൻ എന്നതിന്റെ ശരിയായ അർഥം സച്ചിദാത്മാവാകുന്നു എന്നും, സച്ചിദാത്മാവ് ഒരിക്കലും മാറുകയോ ഉത്ഭവനാശങ്ങൾക്കു വിധേയമാകുകയോ ചെയ്യുന്നില്ല എന്നും, സദാ എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞുവല്ലോ. എന്നാൽ നാം ഗാഢമായുറങ്ങുകയോ ബോധം കെടുകയോ ഒക്കെ ചെയ്യുമ്പോൾ ഒന്നും അറിയുന്നില്ലല്ലോ. അപ്പോൾ, എപ്പോഴും എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നതാണ് സച്ചിദാത്മാവ് എന്നെങ്ങിനെ പറയും? ഇതാണ് സംശയം. ശരിയാണ്, നാം സുഷുപ്തിയിലായിരിക്കുമ്പോഴും ബോധം കെടുമ്പോഴുമൊന്നും ഒരു വിഷയത്തേയും അറിയുന്നില്ല. എന്നാൽ ‘ഞാൻ ഒന്നും അറിയുന്നില്ല’ എന്ന അനുഭവം ആ സമയത്ത് ഉണ്ടാവുന്നുമുണ്ട്. അതുകൊണ്ടാണ് ആ അവസ്ഥയിൽനിന്നു പറത്തുവരുമ്പോൾ ‘ഞാൻ ഒന്നും അറിയാതെ കിടന്നു’ എന്നു പറയാൻ സാധിക്കുന്നത്. ആ അനുഭവത്തേയും അറിഞ്ഞുകൊണ്ട് ബോധസ്വരൂപമായ ആത്മാവ്, ഞാൻ അപ്പോഴുമുണ്ട് എന്ന് ഇതിൽനിന്നു മനസ്സിലാക്കാം. ‘സുഖമായുറങ്ങി’, ‘ഞാനൊന്നും അറിഞ്ഞില്ല’ എന്നു ഉണർന്നു വന്നതിനുശേഷം പറയാൻ കഴിയണമെങ്കിൽ ഉറങ്ങുമ്പോഴുള്ള ഞാൻ തന്നെയാകുന്നു ഉണർന്നശേഷമുള്ള ഞാനും. ആ ഞാൻ ഒരിക്കലും മാറുന്നില്ല. ഗാഢനിദ്ര തുടങ്ങിയ അവസ്ഥകളിൽ അന്തഃകരണം വിലയിച്ചിരിക്കുന്നതിനാൽ അവിടെ അതു പ്രകടമല്ലെന്നു മാത്രം. പക്ഷേ ഒരികലും ഇല്ലാതവുന്നില്ല. മരിക്കുമ്പോഴും സ്ഥൂലശരീരം വിട്ടുപോകുന്നു എന്നല്ലാതെ ബോധാത്മാവ് നശിക്കുന്നില്ല. സൂക്ഷ്മശരീരം സ്ഥൂലശരീരത്തിൽ നിന്നും വേർപെടുന്നതിനാൽ പ്രകടഭാവം ഇല്ലെന്നു മാത്രം. അതിനാൽ, എപ്പോഴും ഉള്ളതായ സംവിത്താകുന്നു ഞാൻ, ആത്മാവ് – ഇയം ആത്മാ.

ഈ സച്ചിത്സ്വരൂപമായ ആത്മാവ് ആനന്ദസ്വരൂപവുമാകുന്നു എന്നു സ്ഥാപിക്കാനൊരുങ്ങുകയാണ് തുടർന്ന്. ‘ഇയമാത്മാ പരാനന്ദഃ പരപ്രേമാസ്പദം യതഃ’ – ഈ ആത്മാവ് പരാനന്ദമാകുന്നു. എന്തുകൊണ്ടെന്നാൽ ഇത് പരപ്രേമാസ്പദമാണ്. ഇതാണീ വരിയുടെ അർഥം. നിത്യജീവിതത്തിൽ നാം പല വിഷയങ്ങളുമായും സമ്പർക്കത്തിലേപ്പെട്ടു കഴിയുന്നു. ഇവയിൽ ചില വിഷയങ്ങൾ നമ്മുടെ ഇഷ്ടത്തിനു പാത്രമാകുന്നു. മറ്റു ചിലവയാകട്ടെ, അനിഷ്ടത്തിനും. ചില വിഷയങ്ങളോടു നമുക്ക് ഇഷ്ടവും അനിഷ്ടവുമില്ല. ഉദാസീനഭാവം മാത്രം. എപ്രകാരമുള്ള വിഷയങ്ങളോടാണു നമുക്ക് ഇഷ്ടം തോന്നാറുള്ളത്? ഏതെങ്കിലും വിധത്തിൽ അനുകൂലമായ, സുഖത്തെ, സന്തോഷത്തെ തരുന്ന വിഷയങ്ങളിലാണ് നമുക്ക് പ്രേമമുണ്ടാകുന്നത്. ദുഃഖം തരുന്നവയോ പ്രതികൂലങ്ങളായവയോ ആണ് വിഷയങ്ങളെങ്കിൽ അവ നമ്മുടെ വെറുപ്പിനു പാത്രമാകുന്നു. പ്രത്യേകിച്ച്, സുഖമോ ദുഃഖമോ തരാത്തവയാണെങ്കിൽ അവയോടു പ്രിയമോ അപ്രിയമോ ഇല്ല, ഉദാസീനഭാവമായിരിക്കും. ഇത് ഒരു പൊതുവായ നിയമമാണ്. ഒരു വിഷയത്തെ നാം ഇഷ്ടപ്പെടാൻ കാരണം അത് സുഖഹേതുവാണെന്നതാകുന്നു. നമുക്കു സന്തോഷത്തെ തരുന്ന വിഷയങ്ങളെ നാം ഇഷ്ടപ്പെടുന്നു. എണ്ണമറ്റ വിഷയങ്ങളിൽ നമുക്ക് ഇഷ്ടമുണ്ടാകാം. അതുപോലെത്തന്നെ, എണ്ണമറ്റ വിഷയങ്ങളിൽ അനിഷ്ടവും.

വിഷയങ്ങളോടുള്ളതു പോലെത്തന്നെ നമുക്ക് നമ്മോടുമുണ്ട് ഇഷ്ടം. എന്താണിതിനു തെളിവ്? നമ്മിൽ കാണപ്പെടുന്ന സ്വാർഥത തന്നെ ഇതിനു തെളിവ്. നമുക്കു നമ്മോടുള്ള സ്നേഹത്തിൽ നിന്നാണ് സ്വാർഥത ഉണ്ടാവുന്നത്. ഏവർക്കുമുണ്ട് അവനവനോടു സ്നേഹം. തനിക്കു തന്നോടു സ്നേഹമുണ്ടെങ്കിൽ നിശ്ചയമായും താൻ സുഖഹേതുവായിരിക്കണം. സുഖഹേതുവായതിൽ മാത്രമേ നമുക്ക് സ്നേഹമുണ്ടാവുകയുള്ളൂ. അനേകം വസ്തുക്കളിൽ സ്നേഹമുണ്ടെന്നു വന്നാൽ സ്വാഭാവികമായും ഉണ്ടാവുന്ന അടുത്ത ചോദ്യം ഇവയിൽ ഏതിനോടാണ് ഏറ്റവും കൂടുതൽ സ്നേഹമെന്നായിരിക്കും. ഏതിനോടാണോ നമുക്കേറ്റവും കൂടുതൽ സ്നേഹമുള്ളത് അതേറ്റവും സുഖപ്രദമായിരിക്കണം. ഒരാൾക്ക് ഏറ്റവും കൂടുതൽ സ്നേഹം എന്തിനോടാണ് ഉള്ളത്? ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ ഉള്ളിലേക്കു അന്വേഷിച്ചു കണ്ടെത്തി നോക്കൂ. ആരും പുറമേക്കു പറയണമെന്നില്ല. തന്നുള്ളിൽ അറിഞ്ഞിരിക്കണം. തനിക്കേറ്റവും ഇഷ്ടം തന്നോടു തന്നെയാകുന്നു. തനിക്കേറ്റവും ഇഷ്ടം തന്നോടു തന്നെയാകുന്നു. തന്നോടുള്ള ഇഷ്ടമാണ് മറ്റുള്ളവയുടെ നേർക്കുള്ള ഇഷ്ടമായി പ്രകടമാകുന്നത്. ‘എനിക്കു നിന്നെ എന്റെ ജീവനേക്കാൾ സ്നേഹമാണ്’ തുടങ്ങിയ പ്രസ്താവനകൾ ലോകത്തു കേൾക്കാറും പറയാറുമുണ്ടാവാം. എന്നാൽ വേദാന്തത്തിന്റെ അഭിപ്രായത്തിൽ ഇതു ശുദ്ധനുണയാകുന്നു. എല്ലാവർക്കും ഏറ്റവും സ്നേഹം തന്നോടു തന്നെയാണ്. ഇന്നു നാം ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾ തനിക്ക് അനുകൂലമാണെന്നതിനാൽ മാത്രമാണത്. നാളെ അയാൾ നമുക്കു പ്രതികൂലമായാൽ ഏറ്റവും വെറുപ്പിന്റെ വിഷയമായും അയാൾ തന്നെ തീരും. അതുകൊണ്ട് വാസ്തവത്തിൽ നമുക്ക് അയാളോടല്ല ഇഷ്ടം. അയാൾ എനിക്കു അനുകൂലമാണെന്നതുകൊണ്ടാണ് അയാളെ ഇഷ്ടപ്പെടുന്നത് എന്നതിനാൽ നമ്മുടെ ഇഷ്ടം നമ്മോടു തന്നെ. സന്തോഷത്തെ തരുന്നു എന്നതിനാലല്ല, എനിക്കു സന്തോഷത്തെ തരുന്നു എന്നതിനാലാണ് ഞാൻ ഒന്നിനെ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട്, എന്റെ ഇഷ്ടം സത്യത്തിൽ ആ വസ്തുവിനോടല്ല, എന്നോടാണ്. ബൃഹദാരണ്യകോപനിഷത്തിൽ ഈ ആശയത്തെ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ‘ന വാ അരേ പത്യുഃ കാമായ പതിഃ പ്രിയോ ഭവതി ആത്മനസ്തു കാമായ പതിഃ പ്രിയോ ഭവതി, ന വാ അരേ ജായായൈ കാമായ ജായാ പ്രിയാ ഭവതി ആത്മനസ്തു കാമായ ജായ പ്രിയാ ഭവതി’ യാജ്ഞവൽക്യ മഹർഷി സ്വപത്നിയായ മൈത്രേയിക്കു നൽകുന്ന ഉപദേശഭാഗമാണിത്. ‘അല്ലയോ പ്രിയപ്പെട്ടവളേ, ആരും തന്നെ ഭർത്താവിനെ സ്നേഹിക്കുന്നതു ഭർത്താവിനു വേണ്ടിയല്ല, തന്റെ കാമത്തിനു വേണ്ടിയാകുന്നു, ആരും ഭാര്യയെ സ്നേഹിക്കുന്നത് ഭാര്യക്കു വേണ്ടിയല്ല, തനിക്കു വേണ്ടിയാകുന്നു’. ഇങ്ങിനെ തുടരുന്നു ആ ഉപദേശം. ഒടുവിൽ യാജ്ഞവൽക്യ മഹർഷി പറഞ്ഞവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘ന വാരേ സർവസ്യ കാമായ സർവം പ്രിയം ഭവതി, ആത്മനസ്തു കാമായ സർവം പ്രിയം ഭവതി’ — ‘അല്ലയോ, ആർക്കും തന്നെ മറ്റൊന്നിന്റേയും കാമത്തിനു വേണ്ടിയല്ല മറ്റുള്ളവയിൽ പ്രിയം ഭവിക്കുന്നത്. തന്റെ കാമത്തിനു വേണ്ടിയാകുന്നു മറ്റുള്ളവ പ്രിയപ്പെട്ടവയായി ഭവിക്കുന്നത്. അതു കൊണ്ട് താനാകുന്നു പരമപ്രേമത്തിന്റെ ആസ്പദം.

‘ഇയം ആത്മാ പരാനന്ദഃ’ എന്നതാണിവിടെ സ്ഥാപിക്കപ്പെടേണ്ടുന്ന വസ്തുത. അതിനു എന്താണു ഹേതു എന്നാണെങ്കിൽ ആത്മാവ്, താൻ ആകുന്നു പരമപ്രേമാസ്പദം എന്നതാണ്. തന്റെ ഏറ്റവും വലിയ പ്രേമത്തിനു ആസ്പദമായിരിക്കുന്നത് താൻ തന്നെയാകുന്നു. തന്നോടുള്ളതു കഴിഞ്ഞിട്ടേ മറ്റെല്ലാത്തിനോടും സ്നേഹമുള്ളൂ. വാസ്തവത്തിൽ തനിക്കു ആകെക്കൂടി സ്നേഹം തന്ന്|ഓടു മാത്രമാകുന്നു. മറ്റെല്ലാത്തിനോടുമുള്ള സ്നേഹം തന്നോടുള്ള സ്നേഹത്തിന്റെ പ്രതിഫലനം മാത്രമാകുന്നു. തനിക്കു സന്തോഷത്തെ തരുന്നതിനാലാണു മറ്റുള്ളവയെ സ്നേഹിക്കുന്നത്. ഇല്ലെന്നുവന്നാൽ ഉടനടി അവയെ തിരസ്കരിക്കും. ഇന്നലെകളിൽ താൻ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നതാണെങ്കിലും ഇന്നു സന്തോഷം തരുന്നില്ലെങ്കിൽ, ദുഃഖം തരുന്നുവെങ്കിൽ ആ നിമിഷം മാനസികമായെങ്കിലും നാം ആ വിഷയത്തെ തിരസ്കരിച്ചേ തീരൂ. ചില സന്ദർഭങ്ങളിൽ ബാഹ്യമായി ഉപേക്ഷിക്കാൻ സാധിച്ചെന്നു വരില്ല. പക്ഷേ, ആന്തരികമായി ഉടനെത്തന്നെ തിരസ്കാരം സംഭവിക്കുക തന്നെ ചെയ്യും. അപ്പോൾ തനിക്കു തന്നോടുള്ള പ്രേമത്തിന്റെ പ്രതിഫലനം മാത്രമാണ് അന്യവിഷയങ്ങളുടെ നേർക്കു കാണപ്പെടുന്നത്. താനാകുന്നു പരപ്രേമാസ്പദം.

എപ്രകാരമാണ് ഓരോരുത്തരും തന്നോടുള്ള പരമപ്രേമം പ്രകടമാക്കുന്നത് എന്നു വെളിപ്പെടുത്തുകയാണ് തുടർന്ന് – ‘മാ ന ഭൂവം ഹി ഭൂയാസം ഇതി പ്രേമാത്മനി ഇക്ഷ്യതേ’. ഞാൻ ഒരിക്കലും ഇല്ലാതാകരുതേ. എപ്പോഴും ഉണ്ടാകുമാറാകണേ എന്ന പ്രേമം എല്ലാവർക്കും തന്നിൽ കാണപ്പെടുന്നു. ഞാൻ മരിക്കരുതേ, എപ്പോഴും ഉണ്ടാവണേ എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇത് തന്നോടുള്ള പരമപ്രേമത്തിന്റെ പ്രകടനമാണ് എന്നാണു വിദ്യാരണ്യസ്വാമികൾ പറയുന്നത്. തന്റെ നിലനിൽപ്പിനു ശരീരാംഗങ്ങളോ ഇന്ദ്രിയങ്ങളോ അന്തഃകരണമോ ഒക്കെ തടസ്സമായി വന്നാൽ അവയെ ഉപേക്ഷിക്കാൻ നാം തയ്യാറാകുന്നുണ്ട്. ഒരു പ്രകാരവും മരുന്നുകൊണ്ടു മാറാത്തവിധം പഴുപ്പുവന്നു കയറിക്കഴിഞ്ഞാൽ കാൽ, കൈ തുടങ്ങിയ കർമേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിനു ആസ്പദങ്ങളായ ഭാഗങ്ങളെ മുറിച്ചുമാറ്റാൻ നാം സമ്മതിക്കാറുണ്ട്. തന്റെ വർദ്ധിച്ചുപോയ രോഗത്തിനു പരിഹാരമായി ചെയ്യേണ്ടുന്ന ഏകമായ മരുന്നിനാൽ രണ്ടു കണ്ണിന്റേയും കാഴ്ച പോകുമെന്നു പറഞ്ഞാലും നാം സമ്മതിക്കുക തന്നെ ചെയ്യും. അതുപോലെ, ജീവൻരക്ഷയ്ക്കുള്ള ഏകമായ മരുന്നിന്റെ പ്രയോഗത്താൽ മാനസിക വിഭ്രാന്തി വരാൻ സാധ്യതയുണ്ടെന്നു പറഞ്ഞാലും ഏറ്റവും വർദ്ധിച്ച രോഗസ്ഥിതിയിൽ നാം ആ മരുന്ന് പ്രയോഗിക്കാൻ സമ്മതിക്കുക തന്നെ ചെയ്യും. ഇവിടമൊക്കെ കർമ്മേന്ദ്രിയം, ജ്ഞാനേന്ദ്രിയം, അന്തഃകരണം എന്നീ ഉപാധികളെ ഉപേക്ഷിച്ചിട്ടായാലും താൻ നിലനിൽക്കാൻ ഒരാൾ ആഗ്രഹിക്കുന്നു. ഇവയൊന്നുമല്ലാത്ത തന്നോടാണു തനിക്ക് ഏറ്റവും പ്രേമം എന്നുള്ളതിനു ദൃഷ്ടാന്തമാണിത്.

ഇവിടെ ഒരു ചോദ്യം വരാം, ‘അങ്ങിനെയെങ്കിൽ ആളുകൾ ആത്മഹത്യ ചെയ്യുമോ?’. ഞാനെപ്പോഴും ഉണ്ടാവണേ എന്നാണു വിചാരിക്കുന്നതെങ്കിൽ ആത്മഹത്യയ്ക്കു മുതിരില്ലല്ലോ. വാസ്തവത്തിൽ ആരും സ്വയം ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നില്ല തന്നെ. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രയാസങ്ങൾ വരുമ്പോഴാണല്ലോ ആളുകൾ ആത്മഹത്യക്കൊരുങ്ങുന്നത്. അവർ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതു ജീവിതത്തിലെ പ്രശ്നങ്ങളെയാണെന്നതാണു സത്യം. അതു ദാരിദ്യമോ രോഗമോ വാർധക്യദുഃഖമോ എന്തുമാവാം. ആ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള എന്തെങ്കിലും വഴി തെളിഞ്ഞുവെന്നിരിക്കട്ടെ. എങ്കിൽ അവർ ആ ഉദ്യമത്തിൽനിന്നു പിന്തിരിയുക തന്നെ ചെയ്യും. ഇതിൽനിന്നു തന്നെ അവർ താൻ ഇല്ലാതാകണമെന്നല്ല, തനിക്കു വന്നു ചേർന്ന പ്രശ്നം ഇല്ലാതാകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. പ്രശ്നം ഇല്ലാതാകാൻ വഴിയില്ല എന്നു വരുമ്പോൾ തനിക്കു തന്നെ ആനന്ദിയായിക്കാണാൻ സാധിക്കുന്നില്ല എന്നതുകൊണ്ട് താനില്ലാതെയാകട്ടെ എന്നു വിചാരിക്കുന്നു. ആനന്ദിയായി തന്നെ കാണാൻ ഓരോരുത്തരും എപ്പോഴും ആഗ്രഹിക്കുന്നു. ഇതിൽനിന്നും ആനന്ദസ്വരൂപിയായ തന്നോടുള്ള സ്നേഹം വ്യക്തമാണ്. ആനന്ദിയായ തന്നോടാണ് തനിക്ക് ഏറ്റവും പ്രേമമുള്ളത്. ഇപ്രകാരം പരമമായ പ്രേമത്തിന് ആസ്പദമാണ് ആനന്ദിയ്ആയ ഞാൻ എന്നതിനാൽ ഞാൻ പരമാനന്ദ സ്വരൂപമാകുന്നു.

(തുടരും…)

support@sarayutrust.org