धर्मो रक्षति रक्षितः। Dharmo Raksati Raksitah.

Dharma protects those who protect it.

– Veda Vyas, Mahabharat

എന്തുകൊണ്ട് കൃസ്തുവിനു മതപരിവർത്തിതരെ രക്ഷിക്കാനാകില്ല


ഉറവിടം: – Indiafacts.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കലവൈ വെങ്കട്-ന്റെ ലേഖനത്തിന്റെ പരിഭാഷയാണിത്.

കൃസ്ത്യൻ മതമൗലികവാദികൾ തീവ്രവിശ്വാസത്തോടെ ‘കൃസ്തുവാണ് രക്ഷകൻ’ എന്ന് ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ, മതപരിവർത്തിതരെ രക്ഷിക്കാൻ കൃസ്തുവിനു കഴിവില്ലെന്ന് ഈ ലേഖനത്തിൽ, ഞാൻ തെളിവോടെ വാദിക്കും. സ്വതന്ത്ര-ഇച്ഛ, വിധി/ദൈവഹിതം എന്നിവകൊണ്ട് കൃസ്തുമതം അർത്ഥമാക്കുന്നതെന്താണെന്നു മനസ്സിലാക്കി നമുക്ക് ലേഖനം ആരംഭിക്കാം.

രക്ഷകനായ ക്രിസ്തു എന്ന ആശയം ഒരുവ്യക്തി സ്വീകരിക്കുന്നത് സ്വതന്ത്ര-ഇച്ഛ വഴിയാണോ, അതോ ഇതെല്ലാം മുൻകൂട്ടി വിധിക്കപ്പെട്ടതാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിത്യനരകത്തിൽ നിന്നു നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ സ്വതന്ത്ര-ഇച്ഛ നാം പ്രയോഗിക്കുന്നത് കൊണ്ടാണോ, അതോ ദൈവത്തിന്റെ അനുഗ്രഹം വഴി സിദ്ധിച്ച ഫലമാണോ? (‘ദൈവപുത്രൻ വഴിയാണ്’ എന്നു നിങ്ങൾ പറയുന്നെങ്കിൽ അങ്ങിനെയാകട്ടെ). അവ രണ്ടും ഒന്നായതിനാൽ, ഇവ രണ്ടും മാറി ഉപയോഗിച്ചതുകൊണ്ട് കുഴപ്പമൊന്നും ഇല്ല.

സ്വതന്ത്ര-ഇച്ഛയെ പിന്തുണയ്ക്കുന്ന ഏതാനും ബൈബിൾ വാക്യങ്ങളുണ്ട്. ക്രിസ്തു നൽകിയിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിക്കാനും, അത് ദുരുപയോഗം ചെയ്യരുതെന്നും പോൾ അദ്ദേഹത്തിന്റെ അനുയായികളെ ഉപദേശിക്കുന്നു; അതുവഴി സ്വതന്ത്ര-ഇച്ഛക്കു കുറച്ചിടം നൽകുന്നു.  (1). ഇറേനസിന്റെ (Irenaeus – 180 CE) പ്രസ്താവന കൂടുതൽ വ്യക്തമാണ്. “മനുഷ്യൻ യുക്തിമാൻ ആണ്; അതിനാൽ ദൈവത്തെപ്പോലെയുമാണ്. അവൻ സ്വതന്ത്ര-ഇച്ഛയാൽ സൃഷ്ടിക്കപ്പെട്ടവനും, സ്വപ്രവൃത്തികളുടെ കർത്തൃത്വം സ്വയം പേറേണ്ടവനുമാകുന്നു”. (2). ഒറിഗൻ (Origen, 184-253 CE) പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഏറ്റവും യുക്തിയുക്തമായ (അപ്പോഴും, ഒരുനിശ്ചിത അളവിലേ ഇത് യുക്തിഭദ്രമാകുന്നുള്ളൂ. കാരണം ജനനമരണ ചാക്രികക്രമം, ഒരു നിത്യസ്വർഗ്ഗത്തിലോ നരകത്തിലോ എന്തുകൊണ്ട് അവസാനിക്കണമെന്ന് അത് വിവരിക്കുന്നില്ല. മാത്രമല്ല ഈ വാദം ശരിയോ ശാസ്ത്രീയമോ അല്ല) കൃസ്ത്യൻ മതചിന്ത ഇദ്ദേഹത്തിന്റേതായിരുന്നു, അതായത് ‘പൂർവ്വജന്മങ്ങളിലെ ഒരുവന്റെ ചെയ്തികൾ അവന്റെ സ്വർഗ്ഗ-നരകലബ്ധിയെ വിധിക്കുന്നു‘. (3)

എന്തുകൊണ്ടാണ് ഒറിഗൻ സ്വതന്ത്ര-ഇച്ഛയേയും വിധിയേയും കുറിച്ച് ഒരുമിച്ച് പറഞ്ഞത്? വെളിപാടുകളിൽ അധിഷ്ഠിതമായ കൃസ്തുമതത്തിൽ സ്വതന്ത്ര-ഇച്ഛ എന്നുമൊരു പാർശ്വവർത്തി ആശയമായിരുന്നു. തത്‌ഫലമായി, വെളിപാടുകളിലെ ദൈവഹിതത്തിനു വ്യക്തിസ്വാതന്ത്ര്യത്തേക്കാളും പ്രാധാന്യം കൃസ്തുമതം നൽകി. അപ്രകാരം, സ്വതന്ത്ര-ഇച്ഛ ദൈവേച്ഛക്കു വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. ഹിപ്പോയിലെ അഗസ്റ്റിൻ (Augustine of Hippo – 426 CE) സ്വതന്ത്ര-ഇച്ഛ അതിനകം ഒരു വിവാദ വിഷയമായിത്തീർന്നിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. On Grace and Free Will എന്ന പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്യുന്നുമുണ്ട്.

ബൈബിളിലും മറ്റും സ്വതന്ത-ഇച്ഛയെ ഉദ്ഘോഷിക്കുന്ന ഭാഗങ്ങൾ വളരെക്കുറവാണെന്ന കാര്യം അഗസ്റ്റിനു അറിയാമായിരുന്നു. അതിനാൽ, സ്വതന്ത്ര-ഇച്ഛ എന്ന ആശയം ദൈവം വെളിപ്പെടുത്തിയെന്നു ഊന്നിപ്പറഞ്ഞെങ്കിലും, അത്തരമൊരു വെളിപാട് മനുഷ്യഭാഷയിൽ അല്ല, ദൈവികഭാഷയിലാണെന്നും കൂടി സൂചിപ്പിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും അദ്ദേഹം പെട്ടെന്ന് ഈ മുന്നറിയിപ്പിനെ കുറിച്ച് മറക്കുകയും, ബൈബിളിൽ സൂചിതമായ സ്വതന്ത്ര-ഇച്ഛക്ക് അനുകൂലമായി വാദിക്കാൻ ജോൺ 15:22-നെ എടുത്തുപറയുകയും ചെയ്തു. ഈ വരിയിൽ, മനുഷ്യർക്കു പെട്ടെന്നു മനസ്സിലാകുന്ന ഭാഷയിൽ, ക്രിസ്തു അവകാശപ്പെടുകയാണ് — (അന്നുവരെ പാപികളല്ലാതിരുന്ന) ജൂതന്മാർക്കു മുന്നിൽ അദ്ദേഹം സ്വയം വെളിപ്പെട്ടതിനാൽ, ഇനിമുതൽ ജൂതന്മാർ അദ്ദേഹത്തെ അനുഗമിച്ചില്ലെങ്കിൽ അവർ പാപികൾ ആകുമത്രെ. നിശ്ചയമായും, ‘ജോൺ 15:22’ വാക്യം എഴുതിയ വ്യക്തിയ്ക്കു‌, അതായത് സംഭാഷണത്തിൽ പറയുന്ന ജൂതന്മാർ ആദിപാപത്തോടെ ജനിച്ചവരല്ല എന്നു സൂചിപ്പിക്കുന്ന വ്യക്തിക്കു, റോമൻസ് 5:12-ന്റെ എഴുത്തുകാരൻ എന്താണ് എഴുതിയതെന്നു അറിയില്ല — അതായത്, ആദമിനു ശേഷം ജനിച്ചവരെല്ലാം ആദ്യപാപത്തോടെ ജനിച്ചവരാണെന്ന കാര്യം. അങ്ങിനെ, അദ്ദേഹം അറിയാതെ കൃസ്തുമതത്തിന്റെ അടിസ്ഥാനശിലയെ തന്നെ ഇളക്കിമാറ്റുന്നു. Proverbs 19:3-നെ പരാമർശിച്ചുകൊണ്ട്, വിധിപ്രകാരമാണ് പ്രവർത്തിച്ചതെന്നു അവകാശപ്പെട്ടാലും, ഒരു പാപിക്ക് ശിക്ഷയിൽനിന്ന് ഒഴിവാകാനാകില്ലെന്ന് അഗസ്റ്റിൻ പറയുന്നു. എന്തുകൊണ്ടെന്നാൽ അവനു സ്വതന്ത്ര-ഇച്ഛ ഉണ്ട്. സ്വതന്ത്ര-ഇച്ഛയെ പിന്തുണക്കാൻ അഗസ്റ്റിൻ മാത്യു 16:27-വിനെ എടുത്തെഴുതുന്നുണ്ട് – “സ്വന്തം പ്രവർത്തിക്കു അനുസരിച്ചുള്ള പ്രതിഫലം കൃസ്തു ഓരോരുത്തർക്കും നൽകും”.

തുടർന്നു, സ്വതന്ത്ര-ഇച്ഛക്കു മുൻതൂക്കം നൽകി ദൈവാനുഗ്രഹത്തെ നിരസിക്കരുതെന്ന് അഗസ്റ്റിൻ ഓർമിപ്പിക്കുന്നു. ദൈവാനുഗ്രഹത്താലുള്ള വിധിനിർണയത്തെ പിന്തുണക്കുന്ന തെളിവുകളും മുന്നോട്ടുവയ്ക്കുന്നു. ദൈവവിധി പാപമോചനത്തിനുള്ള ഒരു മാർഗമാകുന്നതെങ്ങിനെയെന്നു ഇനി നോക്കാം.

കൃസ്ത്യൻ ദമ്പതികളുടെ, മാമോദീസ സ്വീകരിക്കാതെ മരിച്ച കുട്ടികൾക്കു എന്തു സംഭവിക്കും? കൃസ്തു ഭൂമിയിലേക്കു വരുന്നതിനു മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നവർക്കു എന്തു സംഭവിക്കും? അവർ നരകത്തിലാണോ? ഈ വിഭാഗം ജനങ്ങൾക്കു, സ്വതന്ത്ര-ഇച്ഛ വഴി, കൃസ്തുവിനെ അവരുടെ രക്ഷകനായി കണക്കാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു അവസരമെങ്കിലും നൽകാതെ ആർക്കെങ്കിലും നരകം വിധിക്കുന്നത് ശരിയാണോ? ആദ്യകാല കൃസ്ത്യാനികളെ വലച്ച ഇത്തരം ധാർമിക ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ദൈവവിധി എന്ന ആശയമുണ്ടാകുന്നത്. മനുഷ്യപ്രയത്നത്തിനും മറ്റും ഉയരെ ദൈവഹിതത്തെ പ്രതിഷ്ഠിക്കുന്ന ക്രൈസ്തവ പ്രവണതയുടെ സ്വാഭാവിക ഉല്പന്നമാണിത്.

കൃസ്തുമതം പഠിപ്പിക്കുന്നത്, നിത്യനരകത്തിൽ നിന്നു ഒരു വ്യക്തിയെ രക്ഷിക്കാൻ ദൈവാനുഗ്രഹം മാത്രം മതിയെന്നാണ്. വ്യക്തിയുടെ ഭാഗത്തുനിന്നുള്ള പ്രയത്നങ്ങൾ ആവശ്യമില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ദൈവവിധി മൂലം ഒരു വ്യക്തി സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകാൻ ഇടയായേക്കാം. തന്നോടോപ്പം കുരിശിൽ തറയ്ക്കപ്പെട്ടു മരിക്കുന്ന ഒരു മോഷ്ടാവിനെ, കൃസ്തുവിൽ വിശ്വാസം രേഖപ്പെടുത്താഞ്ഞിട്ടും, കൃസ്തു രക്ഷിക്കുന്നതായി അവകാശവാദമുണ്ട്. (4) ഈജിപ്തുകാരനായ ഒരു ഷണ്ഢൻ (5), അപ്പോസ്തലൻ പോൾ (6), ഫിലിപ്പിയൻ ജയിലർ (7) എന്നിവരെ, അവർ കൃസ്തുവിൽ വിശ്വാസം രേഖപ്പെടുത്തുന്നതിനു മുമ്പുതന്നെ കൃസ്തു രക്ഷിക്കുന്നുണ്ട്. ‘മുന്തിരിത്തോപ്പിലെ ജോലിക്കാർ’ എന്ന ചെറുകഥയിൽ കൃസ്തു പ്രഖ്യാപിക്കുന്നു – ആരൊക്കെയാണോ എന്നിൽ അവസാനമായി വിശ്വസിക്കുന്നത്, അവർ ആദ്യം തന്നെ എന്നാൽ രക്ഷിക്കപ്പെടും. മാത്രമല്ല, കൃസ്തു എല്ലാ മനുഷ്യരുടെയും യജമാനനായതിനാൽ, കൃസ്തുവിനു ഇഷ്ടമുള്ളത് അവരോടു ചെയ്യാം. അതായത്, കൃസ്തുവിനു ഇഷ്ടമുള്ളപോലെ ചിലർക്കു പാപമോചനം നൽകാനും ചിലരെ നരകത്തിൽ ചുട്ടെരിക്കാനും കഴിയും. വിശ്വാസികൾക്കു ലഭിക്കുന്ന പ്രതിഫലം അവരുടെ പ്രവൃത്തികൾക്കു ആനുപാതികമാകണമെന്നില്ല. ഇതിൽ നിന്നെല്ലാമുള്ള അന്തിമനിഗമനം എന്തെന്നാൽ, മുമ്പേ നിശ്ചയിക്കപ്പെട്ടതു മൂലം, ഒരു വ്യക്തി കൃസ്തുവിന്റെ അനുഗ്രഹത്താൽ രക്ഷിക്കപ്പെട്ടേക്കാം; സ്വതന്ത്ര-ഇച്ഛ വഴി കൃസ്തുവിൽ വിശ്വാസിച്ചില്ലെങ്കിലും വ്യക്തി രക്ഷിക്കപ്പെടാവുന്നതാണ്.

മാത്യു 26:41-നെ പരാമർശിക്കുമ്പോൾ, അഗസ്റ്റിനും ദൈവാനുഗ്രഹം വഴിയുള്ള വിധിനിർണയത്തിനു സ്വതന്ത്ര-ഇച്ഛയേക്കാൾ അധികാരം നൽകുന്നു. ദൈവാനുഗ്രഹം കൊണ്ടു മാത്രമേ മനുഷ്യനു പ്രലോഭനങ്ങളിൽ വീഴാതിരിക്കാനാകൂ എന്ന് പ്രസ്തുത വാക്യത്തിൽ പറയുന്നു. വിവിധ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങൾ, ദൈവഹിതം വഴിയുള്ള വിധിനിർണത്തെ നിർവചിക്കുന്നതിൽ അല്പം അർത്ഥവ്യത്യാസം കാണാം. എന്നാൽ ഇവയുടെ അന്തസത്തയിൽ കാതലായ വ്യത്യാസം ഒന്നുമില്ല.

വിപരീത ആശയങ്ങളായ സ്വതന്ത്ര-ഇച്ഛയ്ക്കും ദൈവവിധിയ്ക്കും ബൈബിളിൽ പിന്തുണയുള്ളത് ചില കൃസ്ത്യൻ ദൈവജ്ഞരുടെ ശ്രദ്ധയിൽ പെടാതിരുന്നില്ല. ഇത്തരം പൊരുത്തക്കേടുകളെ സമരസിപ്പിക്കാനുള്ള കൃസ്ത്യൻ ശ്രമങ്ങളാണ് സെന്റ് അഗസ്റ്റിന്റേയും തോമസ് അക്വിനാസിന്റേയും ക്ഷമാപണ സ്വരത്തിലുള്ള ചില രചനകൾ.

അഗസ്റ്റിൻ ‘സക്കറിയ 1:3’-നെ പരാമർശിച്ചുകൊണ്ട് തുടങ്ങുന്നു. അതിൽ ദൈവം പറയുന്നു – ‘നിങ്ങൾ എന്നെ അഭയം പ്രാപിക്കുക; ഞാൻ നിങ്ങളിലേക്കും തിരിഞ്ഞുനോക്കും’. മനുഷ്യൻ ദൈവത്തിലേക്കു തിരിയുന്ന പ്രവൃത്തി സ്വതന്ത്ര-ഇച്ഛയെ സൂചിപ്പിക്കുന്നതാണെന്ന് അഗസ്റ്റിൻ വ്യാഖ്യാനിക്കുന്നു, മറിച്ച് ദൈവം മനുഷ്യനിലേക്കു തിരിയുന്നത് മനുഷ്യനെ അനുഗ്രഹിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, അഗസ്റ്റിൻ പെട്ടെന്നു തന്നെ കൂട്ടിച്ചേർക്കുന്നുണ്ട്. അതായത്, ഒരു വ്യക്തിക്കു ലഭിക്കുന്ന ദൈവാനുഗ്രഹം, വ്യക്തി സ്വതന്ത്ര-ഇച്ഛ വഴി ചെയ്ത പ്രവൃത്തികൾക്കുള്ള ആനുപാതിക പ്രതിഫലമാണെന്ന് അവകാശപ്പെടുന്നത് നിന്ദാകരമാണത്രെ. ഒരുവൻ ദൈവത്തെ അഭയം പ്രാപിക്കുന്നതാണ് ദൈവാനുഗ്രഹത്തിന്റെ ഹേതുവെന്നു അദ്ദേഹം ഊന്നിപ്പറയുന്നു. ഇക്കാര്യം കൊറിന്ത്യൻസ് 15:9-10-നെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ബലപ്പെടുത്തുന്നു. അതിൽ പോൾ നമ്മോടു പറയുന്നു, കൃസ്ത്യാനികളെ പീഡിപ്പിച്ചു കൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിനു ദൈവാനുഗ്രഹം ലഭിച്ചത്രെ. അഗസ്റ്റിൻ വീണ്ടും പോളിനെ പരാമർശിക്കുന്നു, “എന്നാൽ, സുവിശേഷത്തിന്റെ പ്രചാരകൻ ആവുക. നമ്മുടെ രക്ഷകനും സ്വർഗ്ഗത്തിലേക്കു നയിക്കുന്നവനുമായ, ദൈവത്തിന്റെ ഹിതം പ്രകാരം – നമ്മുടെ പ്രവൃത്തികൾ അനുസരിച്ചല്ല, മറിച്ച് അവന്റെ സ്വമേധയാലുള്ള ആവശ്യത്തിനും അനുഗ്രഹത്തിനും അനുസാരം, നാം ഇത് ക്രൂശിതനായ കൃസ്തുവിനു നൽകിയിരിക്കുന്നു” (9). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു വ്യക്തിയുടെ സ്വതന്ത്ര-ഇച്ഛ തന്നെ ദൈവികാനുഗ്രഹത്തിന്റെ ഉല്പന്നമാണ്. സ്വതന്ത്ര-ഇച്ഛ വിധിപ്രകാരം നിശ്ചയിക്കപ്പെട്ടാൽ പിന്നെ, അത് സ്വതന്ത്ര-ഇച്ഛ ആകില്ലെന്ന് അഗസ്റ്റിൻ മനസ്സിലാക്കുന്നില്ല. ഈ പ്രസ്താവന നടത്തുമ്പോൾ, അഗസ്റ്റിൻ ‘ദൈവികഭാഷ’യിൽ സംസാരിക്കുകയായിരുന്നോ എന്നു ഞാൻ അൽഭുതപ്പെടുകയാണ്. ഇതിനുശേഷം, അഗസ്റ്റിൻ അർത്ഥരഹിതമായ ജല്പനങ്ങളിലേക്കു വഴുതിവീഴുകയാണ്. “നിത്യജീവിതം ദൈവകൃപയ്ക്കു വേണ്ടിയുള്ള അനുഗ്രഹമാണ്” (Eternal life is grace for grace) തുടങ്ങിയ പ്രസ്താവനകൾ അദ്ദേഹം അപ്പോൾ നടത്തുന്നുണ്ട്.

ചില കൃസ്ത്യൻ ദൈവജ്ഞർ സ്വതന്ത്ര-ഇച്ഛയും ദൈവവിധിയും തമ്മിൽ സമരസപ്പെടുത്താൻ കഴിയില്ലെന്നു ശരിയായി മനസ്സിലാക്കിയിട്ടുണ്ട്. അവർ പരസ്പരം ഒത്തുപോകില്ല. നിങ്ങൾ നരകത്തിലേക്കു പോകാൻ വിധിക്കപ്പെട്ടിരിക്കുന്നെന്ന് കരുതുക. എന്നാൽ, നിങ്ങൾ സ്വതന്ത്ര-ഇച്ഛ മൂലം ആത്മാർത്ഥമായി കൃസ്തുവിൽ വിശ്വസിക്കുകയും, സ്വതന്ത്ര-ഇച്ഛയാൽ നിങ്ങൾ ചെയ്ത പ്രവൃത്തികൾക്കുള്ള പ്രതിഫലമായി സ്വർഗ്ഗം നേടുകയും ചെയ്തു. ഇത്തരം സാഹചര്യം ദൈവവിധിയെ നിർദ്ദയം നിരസിച്ച്, അതിനെ അസത്യവൽക്കരിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞ്, എല്ലാ ആത്മാക്കളും സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ മുൻകൂട്ടി വിധിക്കപ്പെട്ടിരിക്കുന്നു എന്ന സാമ്പ്രദായിക ക്രൈസ്തവ നിലപാട് തോമസ് അക്വിനാസ് (Thomas Aquinas) ആവർത്തിച്ചു പറയുന്നുണ്ട്. സ്വതന്ത്ര-ഇച്ഛയാൽ ചെയ്യുന്ന പ്രവൃത്തികൾക്കു ഈ ദൈവവിധിയെ മാറ്റിമറിക്കാനാകില്ല. മുമ്പ് വിവരിച്ച, പോളിനെ പരാമർശിച്ചുകൊണ്ടുള്ള ഒറിഗന്റെ അഭിപ്രായത്തെ അക്വിനാസ് ഖണ്ഢിക്കുന്നു. റോമൻസ് 9:11-12-ൽ പോൾ അഭിപ്രായപ്പെടുന്നത് ഒരുവൻ ജനിക്കുന്നതിനു മുമ്പുതന്നെ ദൈവം അവന്റെ വിധി നിർണയിക്കുമെന്നും, അവന്റെ പ്രവൃത്തികൾക്കു വിധിനിർണയത്തിൽ പങ്കില്ല എന്നുമാണ്. ഈ നിലപാട് കൈക്കൊള്ളുമ്പോൾ, അക്വിനാസ് അശ്രദ്ധമായി മാത്യു 16:27-നെ തള്ളിപ്പറയുകയാണ്. മാത്യുവിന്റെ വചനപ്രകാരം, എല്ലാവർക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ചുള്ള പ്രതിഫലം കൃസ്തു വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്തതായി, അക്വിനാസ് അസംബന്ധമായ ഒരു വിശദീകരണം സ്വയം നൽകുന്നു. അതായത്, സ്വതന്ത്ര-ഇച്ഛയാൽ ചെയ്യപ്പെട്ട പ്രവൃത്തികൾ സ്വയമേവ വിധിപ്രകാരമുള്ളതാണത്രെ. ഈ പ്രസ്താവന, ‘കൃത്യമായി ആസൂത്രണം ചെയ്ത ആകസ്മികമായ പ്രവൃത്തി’ എന്ന വാക്യത്തെപ്പോലെ വിരുദ്ധോക്തിയാണ്.

അക്വിനാസ് ഒരുപക്ഷേ ഇടത്തരം തത്ത്വചിന്തകനും മോശം താർക്കികനും ആയിരുന്നിരിക്കണം. എന്നാൽ ദൈവവിധിക്കു വേണ്ടി സ്വതന്ത്രഇച്ഛയെ നിരസിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനു ബൈബിളിന്റെ പിന്തുണയുണ്ട്. അത്തരം ഏതാനും വാക്കുകൾ താഴെ നൽകുന്നു:

  1. “കൃസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു, അവന്റെ ദൃഷ്ടിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിനു വേണ്ടി. യേശുക്രിസ്തു മുഖാന്തരം ദത്തെടുക്കേണ്ടതിനു, അവൻ നമ്മെ ദൈവഹിത പ്രകാരമുള്ളവയാക്കി”.        (12)
  2. “ദൈവാനുഗ്രഹത്താലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്, വിശ്വാസത്തിലൂടെ – ഇത് നിങ്ങളിൽ നിന്നുള്ളതല്ല, ഇത് ദൈവത്തിന്റെ സമ്മാനമാണ്”. (13)
  3. “മുമ്പേ വിധിച്ചവരെ അവൻ വിളിച്ചു, വിളിച്ചവരെ അവൻ നീതീകരിച്ചു, നീതീകരിച്ചവരെ അവൻ പ്രകീർത്തിക്കുകയും ചെയ്തു”. (14)   
  4. “അവൻ നമ്മെ രക്ഷിക്കുകയും, വിശുദ്ധജീവിതത്തിലേക്കു കൈപിടിച്ചുയർത്തുകയും ചെയ്തിരിക്കുന്നു – നാം ചെയ്ത എന്തെങ്കിലും (പ്രവൃത്തികൾ) കൊണ്ടല്ല, മറിച്ച് അവന്റെ സ്വയം ദയവാലും ആഗ്രഹത്താലുമാണത്”. (15)

അഗസ്റ്റിൻ, തോമസ് അക്വിനാസ് എന്നിവരെ പോലുള്ള ക്രൈസ്തവ വക്താക്കൾ വാചക കസറത്തിൽ ഏർപ്പെടാനും, യുക്തിപരമല്ലാത്ത പ്രസ്താവനകൾ പുറപ്പെടുവിക്കാനും നിർബന്ധിതരായതാണ്. എന്തുകൊണ്ടെന്നാൽ, സ്വതന്ത്രഇച്ഛയേയും ദൈവവിധിയേയും സമരസപ്പെടുത്തുകയെന്ന അസാധ്യമായ കാര്യം നിർവഹിക്കാനാണ് അവർ പരിശ്രമിച്ചു കൊണ്ടിരുന്നത്. വിശുദ്ധഗ്രന്ഥം പാപമോചനത്തിനായി പരസ്പരവിരുദ്ധമായ രണ്ട് മാർഗങ്ങളെ നിർദ്ദേശിക്കുന്നത്, അവർക്കു തൃപ്തികരമായി വിശദീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ, ദൈവഹിതത്തിന്റെ മേൽക്കോയ്മക്കു വേണ്ടി അവർ സ്വതന്ത്ര-ഇച്ഛയെ നിരസിച്ചു.

ഒരുവൻ കൃസ്തുവിൽ വിശ്വസിക്കണം എന്ന മുഖ്യ ക്രൈസ്തവപ്രമാണത്തിനു ദൈവഹിതപ്രകാരമുള്ള വിധിനിർണയം കനത്ത ആഘാതമായി. ഒരു കുട്ടിയോ മുതിർന്നവനോ സ്വർഗ്ഗ/നരകത്തിലേക്കു പോകുമെന്ന് മുൻകൂട്ടി വിധിക്കണമെങ്കിൽ കൃസ്തു സർവ്വജ്ഞാനി ആയിരിക്കണം. അങ്ങിനെയെങ്കിൽ, കൃസ്തുവിന്റെ സർവ്വശക്തി ഉൾപ്പെടെ ഒന്നിനും ആ വ്യക്തിയുടെ വിധിയെ തടയാൻ കഴിയില്ല. ഒരു വ്യക്തിയുടെ വിധിയെ മാറ്റിമറിക്കാൻ കൃസ്തു തന്റെ ശക്തിവൈഭവം പ്രയോഗിച്ചാൽ, അതിന്റെ സ്വാഭാവിക ഫലം, കൃസ്തു സർവ്വജ്ഞൻ അല്ല എന്ന നിഗമനമാണ്. കാരണം കൃസ്തു എന്താണോ മുൻകൂട്ടി കണ്ടത്, അതിപ്പോൾ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. വിശ്വാസികളെ മുൻകൂട്ടി വിധിക്കണമെങ്കിലുള്ള മുന്നുപാധിയാണ് സർവ്വജ്ഞാനം. കൃസ്തു സർവ്വജ്ഞാനിയായിരിക്കണമെങ്കിൽ അദ്ദേഹത്തിനു സർവ്വശക്തി വൈഭവം ഇല്ലാതിരുന്നേ മതിയാകൂ. ഇതിനർത്ഥം, നിങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി കൃസ്തുവിനു നിങ്ങളുടെ വിധിയെ മാറ്റിമറിക്കാനാകില്ല എന്നാണ്.

അതിനാൽ, കൃസ്തുവിനെ രക്ഷകനായി നിങ്ങൾ സ്വീകരിക്കുന്നത്, നിങ്ങൾ സ്വർഗ്ഗത്തിലോ നരകത്തിലോ പോകുമെന്നതിനെ ഒരുതരത്തിലും ബാധിക്കില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൃസ്തുവിൽ വിശ്വാസം രേഖപ്പെടുത്തേണ്ടത് പൂർണമായും അനാവശ്യമാണ്. മാത്രമല്ല, അന്തരഫലത്തെ കുറിച്ച് ആശങ്കപ്പെടാതെ, നിങ്ങൾക്കു കൃസ്തുവിനോ പരിശുദ്ധാത്മാവിനോ എതിരെ എന്ത് കുറ്റകൃത്യവും ചെയ്യാം, കാരണം, നിങ്ങൾ സ്വർഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോകുന്നതെന്ന് എന്തായാലും കൃസ്തു മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കൃസ്തു സർവ്വജ്ഞാനിയും സർവ്വശക്തനുമാണെന്ന ക്രൈസ്തവരുടെ പതിവ് അവകാശവാദം തെറ്റാണെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലാക്കാം.

[1] Galatians 5:1

[2] Against Heresies 4:4:3

[3] http://www.newadvent.org/summa/1023.htm

[4] Luke 23:43

[5] Acts 8:26-39

[6] Ibid 9:18

[7] Ibid 16:25-33

[8] Matthew 20:1-16

[9] 2 Timothy 1:8-9

[10] St. Augustine: On Grace and Free Will, Kindle Locations 2, 10, 33, 141, 153, 164, 176, 196-198, 279-281, 306

[11] http://www.newadvent.org/summa/1023.htm

[12] Ephesians 1:4-5

[13] Ibid 2:8

[14] Romans 8:30

[15] 2 Timothy 1:9

Adapted from What Every Hindu Should Know About Christianity

Featured Image: timaborges.wordpress.com

Disclaimer: The facts and opinions expressed within this article are the personal opinions of the author. IndiaFacts does not assume any responsibility or liability for the accuracy, completeness, suitability, or validity of any information in this article.

support@sarayutrust.org