മതങ്ങളേയും മതസംഘർഷങ്ങളേയും കുറിച്ച് ഇക്കാലത്തു നടക്കുന്ന സംവാദങ്ങളിൽ, എല്ലാമതങ്ങളും ഒരുപോലെ മോശമാണ് (അല്ലെങ്കിൽ മികച്ചതാണ്) എന്ന പ്രസ്താവന പതിവായി കേൾക്കാറുണ്ട്. ഇത്തരം ക്ഷമാപണസ്വരത്തിലുള്ള വാദങ്ങളെ ഞാൻ എതിർക്കുന്നു. വിവിധതരം സമ്മർദ്ദങ്ങൾ മൂലംതീവ്രവാദം, ആക്രമണാത്മക മൂല്യവ്യവസ്ഥ., എന്നിവയുമായി ബന്ധമുള്ള മതങ്ങളെ, അതുമൂലമുള്ളകുറ്റപ്പെടുത്തലിൽനിന്നു ഒഴിച്ചുനിർത്താൻ പ്രത്യേകം രൂപകല്പന ചെയ്തവയാണ് ഇത്തരം വാദങ്ങൾ. ഇന്ത്യയിൽ ഉൽഭവിച്ച (Indic) എല്ലാ മതങ്ങളുടേയും (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) മൂല്യവ്യവസ്ഥ, മോക്ഷാർത്ഥി സ്വയം നടത്തുന്ന ‘അന്വേഷണങ്ങളെ’പ്രോൽസാഹിപ്പിക്കുന്നു. ഇതിനുനേരെ വിപരീതമാണ് ദൈവികനിയമങ്ങളെ കുറിച്ചു ‘പറഞ്ഞു കേൾക്കപ്പെട്ട’ വെളിപാടുകൾ. ഇന്ത്യൻ സമ്പ്രദായം എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവിനേയും, ആത്മീയോന്നതി, പഠനം എന്നിവയ്ക്കു വേണ്ടിയുള്ള സംവാദങ്ങളേയും പരിപോഷിപ്പിക്കുന്നു. പക്ഷേ, ദൈവികനിയമങ്ങളിൽ ഊന്നുന്ന എബ്രഹാമിക് മതങ്ങളുടെ മൂല്യവ്യവസ്ഥയുടെ രൂപകല്പന വ്യത്യസ്തമാണ്. അവ വിശ്വാസികളോടു ആജ്ഞാപിക്കുകയാണ് ചെയ്യുന്നത്. സൃഷ്ടാവിന്റെ അലംഘനീയമായ കല്പനകൾ പ്രവാചകർ വെളിപ്പെടുത്തുന്നു. ഈ വെളിപാടുകൾ ഒരു വിശുദ്ധഗ്രന്ഥമായി, സംഗ്രഹിച്ച് അവതരിപ്പിക്കുന്നു.
“നിഷ്ക്രിയത്വം, ആശ്രിതത്വം, ഭയം, അലസത, എന്നിവയുടെ ഫലമായി ചിലർ അവരുടെ മുന്നോട്ടുള്ള പാതയിലെ ഓരോ അംശവും തെളിഞ്ഞുകിട്ടാൻ കേഴും. മാത്രമല്ല, ഓരോ കാൽവയ്പ്പും സുരക്ഷിതവും സഫലവുമാണെന്നു യുക്തിപൂർവ്വം തെളിയിച്ചു കാണിക്കേണ്ടിയും വരും. ഇത് സംഭാവ്യമല്ല. ആത്മീയവളർച്ചയ്ക്കായുള്ള സഞ്ചാരത്തിനു ധൈര്യവും, മുൻകൈയെടുക്കാനുള്ള ആർജ്ജവവും, സ്വതന്ത്രമായ ചിന്തയും പ്രവൃത്തിയുംഅവശ്യമാണ്.”
—- Scott M. Perk in ‘The Road Less Travelled’.
ദൈവഭയം ജനിപ്പിച്ച് നിലനിർത്താൻ രൂപകല്പനചെയ്ത രീതികൾവഴി, ചോദ്യം ഉന്നയിക്കാനും അന്വേഷണത്തിനുമുള്ള മനുഷ്യന്റെ സ്വാഭാവികകഴിവിനെ എടുത്തുകളയുന്നത് വഞ്ചനയും ലജ്ജാകരവുമാണ്.
ഹിന്ദുമതം ഇതിൽനിന്നു വളരെ വ്യത്യസ്തമാണോ? അതിൽ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും പോലുള്ള പ്രശ്നങ്ങളുണ്ടല്ലോ. അതിനേക്കാൾ ലജ്ജാകരമായ കാര്യമുണ്ടോ? തീർച്ചയായും ഇതെല്ലാം ശരിയാണ്. സഹജമായ ചാക്രികപ്രക്രിയ മൂലംസമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നിരുന്നാലും മതങ്ങൾ നവീകരണത്തെ സഹായിക്കുകയും പ്രോൽസാഹിപ്പിക്കുകയും വേണം. ദൈവശിക്ഷയെക്കുറിച്ചുള്ള ഭയം വിശ്വാസികളിൽ ജനിപ്പിക്കുന്ന വ്യവസ്ഥകൾ ഉപയോഗിക്കാത്തപ്പോഴേ, മതമൂല്യവ്യവസ്ഥയുടെ നവീകരണം സംഭവിക്കൂ.ഇതിനുള്ള ഒരു മാർഗം, വൈവിധ്യമാർന്ന വിശ്വാസങ്ങളുടെ അംശങ്ങൾ മതത്തിനുള്ളിൽ അനുവദിക്കുകയാണ്.
“ഒട്ടുമിക്ക ലോകമതങ്ങളും, പ്രത്യേകിച്ച് അബ്രഹാമിക് മതങ്ങൾ, വ്യക്തമായി നിർവചിക്കപ്പെട്ട ഒരുകൂട്ടം വിശ്വാസങ്ങളിൽ – ഏകദൈവം, വിശുദ്ധഗ്രന്ഥം, ഒരു പ്രവാചകൻ – അധിഷ്ഠിതമാണ്. ഈവിശ്വാസപ്രമാണങ്ങളെ (അല്ലെങ്കിൽ സ്വയംസിദ്ധതത്ത്വങ്ങളെ)ആധാരമാക്കിയാണ് ഈ മതങ്ങൾ ഓരോന്നും ഉരുത്തിരിഞ്ഞുവന്നത്. ഇതുകൊണ്ടാണ് അബ്രഹാമിക് മതങ്ങളിൽ വിശ്വാസം, മതം, ദൈവഭക്തിഎന്നീ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കാവുന്നത്. നേരെമറിച്ച് ഹിന്ദുമതത്തിൽനിരീശ്വരവാദി, പ്രകൃത്യാരാധകർ, ബഹു/ഏകദൈവ വിശ്വാസി, അജ്ഞേയവാദി, ഏകത്വവിശ്വാസി, പാന്തേയിസ്റ്റ്, മിശ്രഭക്തി., എന്നിങ്ങനെ ഏതുവിശ്വാസവും സ്വീകാര്യമാണ്. അതുകൊണ്ട് ഹിന്ദുമതം ഒരു മതമാണ്, വിശ്വാസമല്ല. പക്ഷേ ഹിന്ദുമതത്തിൽ അംഗങ്ങളായ ദർശനങ്ങളേയും ഉപവിഭാഗങ്ങളേയും വിശ്വാസം എന്നു വിളിക്കാവുന്നതാണ്.
— Sanjeev Sanyal in his essay ‘Architecture of Hinduism’
ഒരു വിശ്വാസം മാത്രമുള്ള മതമല്ല ഹിന്ദുമതം. (ഇസ്ലാമിനെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി. പക്ഷേ ഇസ്ലാമിന്റെ പതാകവാഹകർ – സൗദിയാൽ സ്വാധീനിക്കപ്പെട്ട ഇന്നത്തെ ഇസ്ലാമിക യാഥാസ്ഥിതിക വിഭാഗം/വഹാബികൾ – തീർച്ചയായും ഇത് നിഷേധിക്കും. വാഹാബി ആശയത്താൽ സ്വാധീനിക്കപ്പെട്ട മുസ്ലിങ്ങളുടെ അഭിപ്രായപ്രകാരം, ഇസ്ലാമികവിശ്വാസം ഒന്നേയുള്ളൂ. ഇതുവഴി ഷിയ, സൂഫി, അഹമ്മദിയ, മുഖ്യധാര സൗദിഇസ്ലാമിന്റെ പാർശ്വവർത്തികളായ മറ്റു ഇസ്ലാമികവിഭാഗങ്ങൾ., എന്നിവരെ പീഢിപ്പിക്കാനുള്ള മൗനമായ ആഹ്വാനം ഇവർ പ്രചരിപ്പിക്കുകയാണ്). ഏകദൈവം, പാന്തേയിസം, പ്രകൃത്യാരാധന, അജ്ഞേയവാദം, നിരീശ്വരവാദം എന്നിവയിൽ വിശ്വസിക്കുന്നവരെല്ലാം എക്കാലത്തും ഹിന്ദുമതത്തിൽ അംഗമായിരുന്നു. (ഹൈന്ദവർ തങ്ങളെ ‘ഹിന്ദുക്കൾ’ എന്നു സ്വയം സംബോധന ചെയ്യുന്നില്ല; ഇന്ത്യൻ ഉപഭൂഖണ്ഢത്തിലെ ജനങ്ങളെ ഹിന്ദുവെന്നു വിളിച്ചത് ഇന്ത്യയ്ക്കു പുറത്തുള്ളവരാണ്).പലപ്പോഴുംസ്വഭാവത്തിൽ വിരുദ്ധനിലപാടുകൾ പുലർത്തുന്ന ഈ വിശ്വാസസമ്പ്രദായങ്ങൾ, കാര്യമായ സംഘർഷങ്ങളില്ലാതെ സഹസ്രാബ്ദങ്ങളോളം ഹിന്ദുമതത്തിന്റെ കൈപ്പിടിയിൽ, അല്ലെങ്കിൽ ഹിന്ദുമതത്തിനു ഒപ്പം, സഹകരണത്തോടെയും സന്തോഷത്തോടെയും വർത്തിച്ചിരുന്നു. അടുത്തകാലത്ത്, ഹിന്ദുമതത്തിൽ രൂപംകൊണ്ട പുതിയ വിശ്വാസങ്ങളാണ് ബ്രഹ്മസമാജം, ബ്രഹ്മകുമാരീസ് എന്നിവ.
ഹിന്ദുമതത്തിലെ ഏതാനും വിശ്വാസധാരകളെനമുക്ക് പരിശോധിക്കാം.
ചാർവാക/ലോകായത:-
“ഈ ലോകം അല്ലാതെ മറ്റൊരു ലോകമില്ല. സ്വർഗ്ഗവും നരകവും ഇല്ല. ദിവ്യമായ ആനന്ദത്തിന്റേയും മോക്ഷത്തിന്റേയും നിലകൾ കണ്ടുപിടിച്ചത് വിഡ്ഢികളായ ആൾമാറാട്ടക്കാരാണ്.”
—- Sarva Siddhanta Samgraha, Verse 8.
ഹിന്ദു, ബൗദ്ധ, ജൈന മതങ്ങളുടെ പുനർജന്മ-കർമ്മ സിദ്ധാന്തങ്ങൾ പോലുള്ള ആശയങ്ങളെ ചാർവാകർ നിരസിക്കുന്നു. വേദങ്ങളേയും ബൗദ്ധഗ്രന്ഥങ്ങളേയും വരെ അവർ നിശിതമായി വീമർശിച്ചിട്ടുണ്ട്. എന്നിട്ടും അശോകചക്രവർത്തിയുടെ കാലത്ത് അവർ രാജാധികാരത്താൽ സംരക്ഷിക്കപ്പെട്ടിരുന്നു.
അദ്വൈതം:-
“ബ്രഹ്മം മാത്രമാണ് പരമയാഥാർത്ഥ്യം. ലോകം മിഥ്യയാണ് (സ്വന്തം നിലയിൽ സ്വതന്ത്രമായി നിലനിൽപ്പില്ലാത്തത്). ജീവാത്മാവും പരമാത്മാവും തമ്മിൽ ഭേദമില്ല”.
—- Adi Sankara (Source: Wikipedia)
ഹിന്ദുമതഗ്രന്ഥങ്ങൾ, ഈ ലോകത്തിലുള്ള ഭൗതികവും അല്ലാത്തതുമായ എല്ലാത്തിന്റേയും ഉറവിടത്തിനെ ബ്രഹ്മം എന്നുവിളിക്കുന്നു. സൃഷ്ടാവിനേയും സൃഷ്ടിയേയും ഭേദഭാവത്തോടെ കാണുന്ന അബ്രഹാമിക് മതങ്ങളെ അപേക്ഷിച്ച്, അദ്വൈതഹിന്ദുമതപ്രകാരം ബ്രഹ്മമാണ് എല്ലാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൃഷ്ടാവും സൃഷ്ടിയും ഒന്നുതന്നെയാണ്. സത്താപരമായി, നാമെല്ലാവരും സാക്ഷാത്കാരം നേടിയിട്ടില്ലാത്ത ദൈവങ്ങളാണ്. നാം ഓരോരുത്തരും പ്രവാചകരായും, സൃഷ്ടാവായും സാക്ഷാത്കാരം നേടാൻ കെൽപ്പുള്ളവരാണ്.
ജൈനമതം:-
നിരീശ്വര-ഈശ്വരവാദപരമല്ലാത്ത, എന്നാൽ ഇവയ്ക്കു രണ്ടിനുംഅതീതമായ തലത്തെ സ്പർശിക്കുന്ന (Transtheistic) മതമാണ് ജൈനമതം. ജൈനമതത്തിന്റെ ഉൽഭവം കുറഞ്ഞത് വൈദിക കാലഘട്ടത്തായിരിക്കണം (അതിനുമുമ്പ് അല്ലെങ്കിൽ). ജൈനമതം ഈശ്വരവാദപരമോ നിരീശ്വരവാദമോ അല്ല. സൃഷ്ടികർത്താവിൽ വിശ്വസിക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ല. ഭൗതികലോകത്തിന്റേയും സ്വർഗ്ഗ-നരകങ്ങളുടേയും സ്രഷ്ടാവായ ഒരു ദൈവികശക്തി നിലവിലുണ്ടെന്നു ജൈനമതം പഠിപ്പിക്കുന്നില്ല. പ്രപഞ്ചം ആരുടേയും സ്രഷ്ടിയല്ല, അത് എക്കാലത്തും നിലവിലുണ്ടായിരുന്നു, നിലനിൽപ്പ് ഭാവിയിൽ തുടരുകയും ചെയ്യും. ഈ പ്രപഞ്ചത്തിൽ അസംഖ്യം ആത്മാവുകൾ ഉണ്ട്. അവ കേവലജ്ഞാനം സാക്ഷാത്കാരിച്ചവയോ അല്ലാത്തവയോ ആണ്. കേവലജ്ഞാനം സാക്ഷാത്കരിക്കാത്ത ആത്മാവുകൾ സ്വകർമ്മത്താൽ ബന്ധിതരാണ്.
പ്രത്യക്ഷത്തിൽ എതിരാണെന്നു തോന്നിയേക്കാവുന്ന ഇത്തരത്തിലുള്ള വിശ്വാസധാരകൾ, സംഘർഷത്തിൽ ഏർപ്പെടാതെ, ഇന്ത്യയിൽ ആയിരക്കണക്കിനു വർഷങ്ങളായി ഒരുമിച്ച് കഴിയുകയാണ്. ഒരുവിഭാഗത്തിന്റെ ആശയങ്ങളും അനുയായികളും മറുവിഭാഗത്തിന്റെ ആശയങ്ങളാൽ നല്ലവണ്ണം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുമതമാണെങ്കിൽ ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായ എല്ലാവരേയും എളുപ്പത്തിൽ സ്വീകരിക്കുകയും ചെയ്തു.
ഹിന്ദുമതത്തിലെ ഏതാനും ധാർമ്മികമൂല്യങ്ങളെ നമുക്ക് പരിശോധിക്കാം.
“സൃഷ്ടാവ്/പരമാർത്ഥസത്യം ഒന്നേയുള്ളൂ. മഹർഷിമാർ അതിനെ വ്യത്യസ്തനാമത്തിൽ വിളിക്കുന്നു.”
മാനവശാരിയുടെ ആദ്യത്തെ ആത്മീയ/മതഗ്രന്ഥമായി അറിയപ്പെടുന്ന ഋഗ്‌വേദത്തിലെ ഒരു ശ്ലോകമാണിത്. അബ്രഹാമിക് മതങ്ങളിൽ ഇല്ലാത്തപോലെ, വിവിധ വിശ്വാസങ്ങൾക്കു അവരവരുടെ ദൈവത്തെ ഈശ്വരൻ/അള്ളാഹു/യഹോവ എന്നിങ്ങനെ വിശേഷിപ്പിച്ച്, ഒരുമിച്ചു സഹവർത്തിക്കാനുള്ള ഇടം ഋഗ്‌വേദം നൽകുന്നു. തങ്ങളുടെ മതം മാത്രമാണ് അത്യന്തികസത്യമെന്നു പറയുന്ന അബ്രഹാമിക് മതങ്ങൾക്കു ഇതുചെയ്യാൻ സാധ്യമല്ല.
“യോഗയുടെ എല്ലാ ഘട്ടങ്ങളുടേയും ലക്ഷ്യം ജീവാത്മാവിന്റെ നാശവും, ദൈവികത്വവുമായുള്ള ആത്മാവിന്റെ സംഗമവുമാണ്.”
യോഗ എന്ന പദത്തിന്റെ അർത്ഥം ‘ഐക്യപ്പെടുക’ എന്നാണ്. ഹിന്ദുമതത്തിൽ നാല് വ്യത്യസ്തയോഗധാരകൾ ഉണ്ട് – ജ്ഞാന യോഗ (അറിവ്), ഭക്തി യോഗ (ഭക്തി), കർമ്മ യോഗ (പ്രവൃത്തി, ഏകാഗ്രത), രാജ യോഗ (ധ്യാനം, ആത്മീയവൃത്തികൾ).
ഈ നാല് യോഗകളിലും വച്ച് ഏറ്റവും ലളിതം ഭക്തി യോഗയാണ് – എല്ലാം ഈശ്വരനിൽസമർപ്പിച്ച്, പൂർണഭക്തിയോടെ ജീവാത്മാവിനെ പരംപൊരുളിൽ ലയിപ്പിക്കുക. ആത്മീയ ഇസ്ലാമിന്റെ, പ്രത്യേകിച്ചും സൂഫിസം, അന്തസത്തയിൽനിന്നു ഇത് ഭിന്നമല്ല. സൂഫിസം വിശ്വാസിയുടെ പൂർണസമർപ്പണത്തെ, വ്യക്തിഗതസ്വത്വത്തെ ഇല്ലാതാക്കി, ആത്മാവിനെ ദൈവികമായ മുക്തിയിൽ (fana f’il-haqiaqat) ലയിപ്പിക്കുന്നതിനുള്ള മാർഗമാക്കുന്നു.
ഈ കാഴ്ചപ്പാടിൽനിന്നു നോക്കിയാൽ, ഹിന്ദുമതം അതിനകത്തുള്ള വിശ്വാസധാരകളുമായി സഹവർത്തിക്കുന്നത് പോലെ, ഹിന്ദുമതവും ഇസ്ലാമും പ്രശ്നങ്ങൾ ഇല്ലാതെ സമാധാനപൂർവ്വം ഒരുമിച്ച് കഴിയേണ്ടതാണ്. അങ്ങിനെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സൂഫിസം ഇന്ത്യയിൽ ഉണ്ടായിരുന്നെന്ന് മാത്രമല്ല, നല്ലപോലെ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഢത്തിൽ നിലവിലിരുന്ന ശൈവമതത്തിൽനിന്നു സൂഫിസം ചില തത്വങ്ങൾ പഠിക്കുകയും,അനുഷ്ഠാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. സൗദിയുടെ പിന്തുണയുള്ള വഹാബിസത്തിനു ഇത് രസിച്ചില്ല. വഹാബികളുടെ കർക്കശ യാഥാസ്ഥിതികവിശ്വാസത്തിലേക്കു സൂഫികളെ പരിവർത്തനം ചെയ്യാൻ അവർ പതിവായി ഇന്ത്യ സന്ദർശിച്ചിരുന്നു.
‘ഒരു മനുഷ്യൻഏതുപോലെയാണോ, ഏതുപോലെ അവൻ പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുന്നുവോ, അതുപോലെ അവൻ ആയിത്തീരും; നല്ല പ്രവൃത്തികൾ ചെയ്യുന്നവൻ മഹിമയുള്ളവരാകും, ദുഷ്‌പ്രവൃത്തികൾ ചെയ്യുന്നവൻ അവമതിക്കപ്പെടും, നല്ല പ്രവൃത്തികൾ അവനെ ശുദ്ധീകരിക്കുന്നു, മോശം പ്രവൃത്തികൾ കളങ്കപ്പെടുത്തുന്നു.’
‘ആപ്തന്മാർ പറയുന്നു, ഒരു വ്യക്തിയിൽ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. ആഗ്രഹങ്ങൾ എപ്രകാരമാണോ അപ്രകാരമാകും അവന്റെ ഇശ്ഛ. ഇശ്ച എപ്രകാരമാകുന്നുവോ അപ്രകാരമാകും പ്രവൃത്തികൾ. ഏതു പ്രവൃത്തികൾ അവൻ ചെയ്യുന്നുവോ, അതിന്റെ ഫലം അവൻ കൊയ്യും.”
—- Brihadaranyaka Upanishad, 7th Century
വ്യക്തികൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അവരിൽ തന്നെ നിക്ഷിപ്തമാണ്. ‘നരകത്തിലിട്ടു എന്നെന്നേയ്ക്കുമായിചുട്ടുകരിക്കലോ, ദൈവികമായ ന്യായവിധിയോ’ ഒന്നും ഹിന്ദുമതത്തിൽ ഇല്ല. പ്രവൃത്തിയും അതിന്റെ ഫലവും മാത്രമേയുള്ളൂ. കർമ്മഫലം ആത്മാവിനെ ജന്മാന്തരങ്ങൾ തോറും പിന്തുടരും (വ്യക്തി ജനനമരണ ചാക്രികപ്രക്രിയയിൽ നിന്നു രക്ഷപ്പെട്ടു മോക്ഷം/നിർവാണം നേടുന്നതുവരെ). ‘സംസാര’ (ജനന-മരണ പ്രക്രിയ/Samsara) ഒരു ശിക്ഷയല്ല, മറിച്ച് നല്ല പ്രവൃത്തികൾ ചെയ്തു മോക്ഷം പ്രാപ്തിക്കാനുള്ള അവസരമാണ്.
തെറ്റും ശരിയും ഇല്ല. പ്രവൃത്തിയും അതിന്റെ ഫലവും മാത്രമേയുള്ളൂ. എല്ലാവർക്കും അവരുടെ പ്രവൃത്തികൾ നന്നാക്കാൻ ജീവിതത്തിൽ ഉടനീളം അവസരവും ഉണ്ട്.
‘വേദാദ്ധ്യായനം വഴി ഈ ആത്മാവിനെ നേടാനാകില്ല, ബുദ്ധിയാലോ പഠനത്താലോ നേടാനാകില്ല. ആത്മാവ് തിരഞ്ഞെടുക്കുന്നവർ ആരാണോ അവർക്കു മാത്രമേ ആത്മാവ് പ്രാപ്യമാകുന്നുള്ളൂ. ആത്മാവാണ് ആത്മാന്വേഷിക്കു മുന്നിൽ സ്വരൂപം വെളിപ്പെടുത്തുന്നത്.’
—- Mundaka Upanishad
‘ഇതല്ല, ഇതല്ല’ എന്നർത്ഥം വരുന്ന ഉപനിഷത്തിലെ ‘നേതി, നേതി’ വാക്യം, നിഷേധസിദ്ധാന്തത്തിന്റെ അപഗ്രഥനമാണ്. ബ്രഹ്മത്തെ പറ്റിയുള്ള എല്ലാതരം പോസീറ്റിവ് വിവരണങ്ങളേയും നേതി-നേതി നിഷേധിക്കുന്നു. (ഇസ്ലാമിൽ അള്ളാഹു വിവരണങ്ങൾക്കു അതീതമാണ്. ഇതിനു നേതി-നേതി വാക്യവുമായി സാമ്യമുണ്ട്. താരതമ്യം ചെയ്യണമെന്നുള്ളവർക്കു ഇത് ഉപയോഗിക്കാവുന്നതാണ്). നിഷേധസിദ്ധാന്തം വഴി, എല്ലാം ബ്രഹ്മം (സ്രഷ്ടാവ്) ആകുന്നതുവരെ, ജ്ഞാന യോഗി (ജ്ഞാനാന്വേഷി) ബ്രഹ്മവുമായുള്ള എല്ലാതരം സമീകരണങ്ങളും ഒഴിവാക്കുന്നു.
സ്രഷ്ടാവിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഏതെങ്കിലും മത/വിശുദ്ധ ഗ്രന്ഥംവഴി സ്വീകരിക്കുന്നതിനല്ല ഒരു ആത്മീയാന്വേഷി ഊന്നൽ നൽകുന്നത്. വിവിധ യോഗ സമ്പ്രദായങ്ങൾ വഴി, ചോദ്യങ്ങൾക്കു ഉത്തരം ‘തേടുന്നതിലാണ്’ ആത്മീയാന്വേഷിയുടെ ഊന്നൽ. യോഗ ആത്മീയ/ശാരീരിക പദ്ധതികളുടെ ഒരു സഞ്ചയമാണ്. ഉത്തരംസ്വയം തേടികണ്ടെത്താൻ യോഗ ആത്മീയാന്വേഷിയെ പ്രാപ്തനാക്കുന്നു.
ഇക്കാരണത്താൽ ഇന്ത്യയിൽ മതത്യാഗികൾ ഇല്ല. സ്വന്തം വീക്ഷണമനുസരിച്ച് ഒരു വിശ്വാസധാര രൂപീകരിച്ചതിനോ, അല്ലെങ്കിൽ (ചാർവാകരെ പോലെ) ദൈവത്തെ തന്നെ നിരസിച്ചതിനോ, ഇന്ത്യയിൽആരും പീഢിപ്പിക്കപ്പെട്ടിട്ടില്ല.
ഹിന്ദുമതത്തിൽ സ്രഷ്ടാവ് എന്ന ആശയം ഇടയ്ക്കിടെ നവീകരിക്കപ്പെടും. ഒരു നിർവചനവും അത്യന്തികമല്ലെന്നു ചുരുക്കം. കർക്കശമായി പിന്തുടരേണ്ടഒരു വിശുദ്ധഗ്രന്ഥം, പ്രവാചകൻ, അവതാരം (സ്രഷ്ടാവിന്റെ പുനരവതാരം), ഗുരു., എന്നിവയും ഹൈന്ദവർക്കില്ല.
അതിനാൽ, എല്ലാ മതങ്ങളും തുല്യമല്ല എന്ന വസ്തുത സൂചിപ്പിച്ചുകൊണ്ട് ഞാൻ സംഗ്രഹിക്കുകയാണ്. ഹിന്ദുമതം, അല്ലെങ്കിൽ മറ്റു ഇന്ത്യൻമതങ്ങൾ, അബ്രഹാമിക് മതങ്ങളേക്കാൾ മികച്ചതാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ആപേക്ഷികമാണ് – നിങ്ങൾ ഏത്മതം തിരഞ്ഞെടുക്കുന്നു, ആത്മീയലക്ഷ്യത്തിലെത്താൻ ഏതാണ് ഫലപ്രദം എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് ഉത്തരം തീരുമാനിക്കപ്പെടുക.
സ്പൂണിൽ ഭക്ഷണം നൽകുന്നപോലെ കിട്ടുന്ന ആത്മീയജ്ഞാനം നിങ്ങളിൽ ഫലപ്രദമല്ലെങ്കിൽ, തീർച്ചയായും ഹിന്ദുമതമാണ് മികച്ചത്. സ്വർഗ്ഗം നേടാൻ ഭക്തിയോടുകൂടി ജീവിക്കേണ്ടതെങ്ങിനെയെന്ന് വെളിപ്പെടുത്തുന്ന പുണ്യഗ്രന്ഥങ്ങളെ നിങ്ങൾ ഒരുപക്ഷേ ഇഷ്ടപ്പെടുന്നില്ലായിരിക്കാം. എന്നാൽ, മതപരമായ ശരി-തെറ്റുകൾ സ്വയം നിർണയിക്കാൻ ഹിന്ദുമതം നിങ്ങളെഅനുവദിക്കുന്നു.സ്രഷ്ടാവിന്റെ ശിക്ഷാപരമായ നടപടികളിൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ, ഹിന്ദുമതത്തിൽ തീർച്ചയായും നിങ്ങൾക്കു സ്ഥാനമുണ്ട്. വിശ്വാസികൾക്കു സ്വേച്ഛ (Free Will) നൽകുകയും, പിന്നെ സ്വേച്ഛയാൽ ചെയ്ത പ്രവൃത്തികൾക്കു അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സാഡിസ്റ്റായ ദൈവത്തിൽ വിശ്വസിക്കാൻ താല്പര്യമില്ലെങ്കിൽ, നിങ്ങൾക്കു ഹിന്ദുമതത്തിലേക്കു സുസ്വാഗതം.
കർമ്മസിദ്ധാന്തത്തിലും പുനർജന്മത്തിലും ഊന്നിയ മൂല്യസമ്പ്രദായം മൂലം ഹിന്ദുമതമാണ് (അല്ലെങ്കിൽ മറ്റു ഇന്ത്യൻമതങ്ങൾ) മികച്ചതെന്നു ഒരുവ്യക്തി വിശ്വസിച്ചാൽ – അബ്രഹാമിക് മതങ്ങൾ അവർക്കുണ്ടെന്നു ഉറപ്പിച്ചുപറയുന്ന ശ്രേഷ്ഠതയുടെ ആവർത്തനം മാത്രമാകില്ലേ ഇത് – ആ നിലപാട് വിവേചനപരവും വംശീയവും ധാർഷ്ട്യവും ആകില്ലേ?
എന്റെ മറുപടി ‘ഇല്ല’ എന്നാണ്.